സഞ്ചാരികൾക് സന്തോഷവാർത്ത, വിസയില്ലാതെ ഇന്ത്യക്കാർക്ക് പോകാൻ ഒരു രാജ്യം കൂടെ

ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഒഴിവാക്കുന്നത്
Indonesia landscape, sea and hills
image credit: indonesia.travel
Published on

വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് ഇന്തോനേഷ്യയിലേക്ക് വിനോദസഞ്ചാരത്തിന് വഴിയൊരുങ്ങുന്നു. അവിടുത്തെ ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയതയും കണ്ട് ആസ്വദിക്കാന്‍ ഇനി പാസ്‌പോര്‍ട്ടും ചെലവിനുള്ള പണവും മതിയാകും. ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് വിസ ഫ്രീ എന്‍ട്രി നല്‍കാന്‍ ഇന്തോനേഷ്യ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താനാണ് ഈ നീക്കം. ഈ വര്‍ഷം ഒക്ടോബറിനു മുമ്പ് പുതിയ നിയമം നിലവില്‍ വരും.

പട്ടികയില്‍ ഇരുപത് രാജ്യങ്ങള്‍

ഇന്ത്യ ഉള്‍പ്പടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ ഒഴിവാക്കുന്നത്. ഓസ്‌ട്രേലിയ, ചൈന, ദക്ഷിണ കൊറിയ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, റഷ്യ,തായ്‌വാന്‍, ന്യൂസിലാന്റ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുമാണ് ലിസ്റ്റിലുള്ളത്. ഇത് കൂടാതെ രണ്ട് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തും.

നിലവില്‍ അഞ്ചു തരം വിസകള്‍

ടൂറിസ്റ്റുകള്‍ക്ക് നിലവിലുള്ള വിസ നിയമം ഒക്ടോബര്‍ വരെ തുടരും. നാലു തരം വിസകളാണ് നിലവില്‍ ഉള്ളത്. ടൈപ്പ് ബി-1 വിസയില്‍ മുപ്പത് ദിവസമാണ് കാലാവധി. ടൂറിസം,കുടുംബ സംഗമങ്ങള്‍, കണ്‍വെന്‍ഷനുകള്‍, എക്‌സിബിഷനുകള്‍ എന്നിവക്കാണ് ഇത് അനുവദിക്കുന്നത്. 2600 രൂപയാണ് ഫീസ്. ആവശ്യമെങ്കില്‍ ഒരു മാസം കൂടി വിസ കാലാവധി നീട്ടി കിട്ടും.

ടൈപ്പ് ഡി-1 വിസയില്‍ മൂന്നു വ്യത്യസ്ത കാലാവധികളാണ് അനുവദിക്കുക. ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രിയുണ്ട്. ഓരോ തവണ രാജ്യത്തേക്ക് വരുമ്പോഴും കുറഞ്ഞത് 60 ദിവസം തങ്ങണം. പതിനാറായിരം രൂപയോളമാണ് ഫീസ്.

ഇതേ രീതിയില്‍ രണ്ടു വര്‍ഷത്തേക്കുള്ള പ്രത്യേക വിസയുമുണ്ട്. മുപ്പതിനായിരം രൂപയോളം ഫീസ്. അഞ്ചു വര്‍ഷത്തേക്കുള്ള വിസയിലും ഓരോ സന്ദര്‍ശനത്തിലും 60 ദിവസം രാജ്യത്ത് തങ്ങണം. ഫീസ് 77000 രൂപ.

ഗുണനിലവാരമുള്ള ടൂറിസം

ഇന്തോനേഷ്യയില്‍ ഗുണനിലവാരമുള്ള ടൂറിസം വളര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പുതിയ വിസ ഇളവുകള്‍ സംബന്ധിച്ച പ്രഖ്യാപനത്തിനിടെ ടൂറിസം വകുപ്പു മന്ത്രി സാന്റിയാഗോ യൂനോ വ്യക്തമാക്കി. അതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാനും ഇത് ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്തോനേഷ്യയില്‍ എത്തുന്ന ഓരോ വിദേശിയും ശരാശരി 1600 ഡോളര്‍ ചെലവിടുന്നുവെന്നാണ് കണക്ക്. കോവിഡിന് മുമ്പ് ഇത് 900 ഡോളറായിരുന്നു. പുതിയ വിസ ഇളവോടെ കൂടുതല്‍ പേരെത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com