Begin typing your search above and press return to search.
കണ്ണൂരിൽ നിന്ന് അബുദബിയിലേക്ക് നേരിട്ട് പറക്കാന്‍ പുതിയ പ്രതിദിന വിമാന സര്‍വീസ്
പ്രവാസി മലയാളികളുടെ പറുദീസയെന്ന് വിശേഷണമുള്ള യു.എ.ഇയുടെ തലസ്ഥാനമായ അബുദബിയില്‍ നിന്ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള പ്രതിദിന സര്‍വീസിന് തുടക്കമിട്ട് ഇന്‍ഡിഗോ. അബുദബിയിലെ സായദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള സര്‍വീസ് കണ്ണൂരില്‍ നിന്ന് അബുദബിയിലേക്കും തിരിച്ചും യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് വലിയ നേട്ടമാകും. നിലവില്‍ ഇന്‍ഡിഗോയുടെ അബുദബി-കണ്ണൂര്‍ സര്‍വീസ് മറ്റ് നഗരങ്ങളുമായി ബന്ധിപ്പിച്ചുള്ള 'കണക്ടിംഗ്' സര്‍വീസുകളാണ്. ഇത്, കൂടുതല്‍ യാത്രാസമയമെടുക്കുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുള്ളതുമായിരുന്നു.
അബുദബിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് പുറപ്പെടുന്ന വിമാനം കണ്ണൂരില്‍ 8.40ന് എത്തും. കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 12.40ന് പുറപ്പെട്ട് അബുദബിയില്‍ പുലര്‍ച്ചെ 2.35ന് എത്തുംവിധമാണ് നേരിട്ടുള്ള സര്‍വീസ് (പ്രാദേശിക സമയപ്രകാരം).
ചണ്ഡീഗഢിലേക്കും നേരിട്ട്
അബുദബിയില്‍ നിന്ന് ചണ്ഡീഗഢിലേക്കും തിരിച്ചും നേരിട്ടുള്ള പ്രതിദിന സര്‍വീസിനും ഇന്‍ഡിഗോ തുടക്കമിട്ടു. ലക്‌നൗവില്‍ നിന്ന് അബുദബിയിലേക്കുള്ള പ്രതിദിന സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തു. 2020ലാണ് അബുദബിയുമായി ബന്ധിപ്പിച്ച് സര്‍വീസുകള്‍ക്ക് ഇന്‍ഡിഗോ തുടക്കമിട്ടത്.
നിലവില്‍ കണ്ണൂരുമായി ബന്ധിപ്പിച്ച് നേരിട്ടുള്ള പ്രതിദിന സര്‍വീസ് തുടങ്ങിയതോടെ, ഇന്‍ഡിഗോയുടെ മൊത്തം അബുദബി സര്‍വീസുകള്‍ 50 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല, പ്രതിവാരം 63 സര്‍വീസുകള്‍ കമ്പനി അബുദബിയുമായി ബന്ധിപ്പിച്ച് നടത്തുന്നുമുണ്ട്.
ടൂറിസത്തിനും നേട്ടം
കണ്ണൂരും ചണ്ഡീഗഢും പട്ടികയിലേക്ക് വന്നതോടെ, അബുദബി സായദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇപ്പോള്‍ ആകെ 120 നഗരങ്ങളിലേക്ക് സര്‍വീസുകളായി. ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതും പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ഗുണം ചെയ്യുന്നതുമാണ് നേരിട്ടുള്ള പുതിയ സര്‍വീസുകളെന്ന് സായദ് വിമാനത്താവള അധികൃതര്‍ പ്രതികരിച്ചു.
Next Story
Videos