ആര് തോല്‍ക്കും, റെയില്‍വേയോ കരിഞ്ചന്തക്കാരോ? ടിക്കറ്റ് ബുക്കിംഗ് സമയം കുറച്ചതിന് ന്യായങ്ങളുമായി ഐ.ആര്‍.സി.ടി.സി

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിന് ഐ.ആര്‍.സി.ടി.സിയെ ആശ്രയിക്കുന്നവര്‍ പതിനായിരങ്ങളാണ്. മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ച യാത്ര സുഗമമാക്കുന്നതിന് മിക്കവരും ഐ.ആർ.സി.ടി.സി റിസർവേഷനെയാണ് ആശ്രയിക്കുന്നത്. ട്രെയിൻ ടിക്കറ്റുകൾക്കുള്ള മുൻകൂർ ബുക്കിംഗ് കാലയളവ് കുറച്ചിരിക്കുകയാണ് ഐ.ആർ.സി.ടി.സി. നേരത്തെ 120 ദിവസമുണ്ടായിരുന്ന മുൻകൂർ ബുക്കിംഗ് കാലയളവ് 60 ദിവസമായാണ് കുറച്ചത്.

യഥാർത്ഥ യാത്രക്കാര്‍ക്ക് പ്രോത്സാഹനം

2024 നവംബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരും. മുൻകൂർ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദ് ചെയ്യുന്നത് ഉയർന്നതിനെ തുടർന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം. യഥാർത്ഥ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
61 മുതൽ 120 ദിവസം വരെ മുൻകൂറായി ചെയ്ത റിസർവേഷനുകളില്‍ 21 ശതമാനം റദ്ദാക്കപ്പെടുന്നതായാണ് മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. കൂടാതെ, ടിക്കറ്റുകൾ റദ്ദാക്കാതെ യാത്ര ഉപേക്ഷിക്കുന്ന അഞ്ചു ശതമാനം യാത്രക്കാരുളളതായും മന്ത്രാലയം വ്യക്തമാക്കി.
മുൻകൂർ ബുക്കിംഗ് കാലയളവ് കുറച്ചത് തിരക്കുള്ള സമയങ്ങളിൽ പ്രത്യേക ട്രെയിനുകൾ ആസൂത്രണം ചെയ്യാനും റെയിൽവേയ്ക്ക് സഹായകരമാണ്. യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനും റിസർവ് ചെയ്ത ബർത്തുകൾ പാഴാകുന്നതിന് കാരണമാകുന്ന ക്യാൻസലേഷന്‍ സംഭവങ്ങൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് തീരുമാനം.

തട്ടിപ്പുകള്‍ പെരുകുന്നു

ടിക്കറ്റ് റദ്ദാക്കാതെ ആളുകള്‍ യാത്രയില്‍ പങ്കെടുക്കാതിരിക്കുമ്പോള്‍ പലപ്പോഴും ആൾമാറാട്ടമടക്കമുളള തട്ടിപ്പുകള്‍ക്ക് കാരണമാകുന്നു. ടിക്കറ്റ് പൂഴ്ത്തിവെക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നതാണ് 60 ദിവസത്തെ ബുക്കിംഗ് വിൻഡോ.
അതേസമയം, വിദേശ വിനോദസഞ്ചാരികൾക്കുള്ള 365 ദിവസത്തെ അഡ്വാൻസ്ഡ് റിസർവേഷൻ നയത്തിൽ ഐ.ആർ.സി.ടി.സി മാറ്റം വരുത്തിയിട്ടില്ല. ഒക്ടോബർ 31 ന് മുമ്പ് നടത്തുന്ന എല്ലാ ബുക്കിംഗുകളിലും 120 ദിവസത്തെ മുൻകൂർ ബുക്കിംഗ് കാലയളവ് സാധുവായിരിക്കുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.
Related Articles
Next Story
Videos
Share it