Begin typing your search above and press return to search.
റെയില്‍വേ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് എങ്ങനെ? വെയ്റ്റിംഗ് ലിസ്റ്റിലുളള ടിക്കറ്റ് റദ്ദാക്കിയാല്‍ ഐ.ആർ.സി.ടി.സി ഈടാക്കുന്നത് എത്ര?
ദീപാവലി, ന്യൂ ഇയര്‍, ശബരിമല മണ്ഡലകാലം, ഓണം, വിഷു തുടങ്ങിയ സീസണുകളിലെ യാത്രാ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ നിരവധി പ്രത്യേക ട്രെയിനുകള്‍ ഓടിക്കാറുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് വഴിയും ആയിരകണക്കിന് ആളുകളാണ് ഈ സന്ദര്‍ഭങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി ശ്രമിക്കാറുളളത്. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരുടെ ടിക്കറ്റ് പലപ്പോഴും കണ്‍ഫേം ആകാറില്ല.
ടിക്കറ്റുകളുടെ ക്യാന്‍സലേഷന്‍ സംബന്ധിച്ച് ഒട്ടേറെ യാത്രക്കാരാണ് ആശങ്കകളുമായി അധികൃതരെ സമീപിക്കുന്നത്.
വെയ്റ്റിംഗ് ലിസ്റ്റിലുളള ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ചും സ്ഥിരീകരിച്ച ടിക്കറ്റുകൾ അവസാന നിമിഷം റദ്ദാക്കുന്നത് സംബന്ധിച്ചും ഐ.ആർ.സി.ടി.സി എക്‌സ് (മുമ്പ് ട്വിറ്റർ) പ്ലാറ്റ്ഫോമില്‍ പരാതികൾ കൊണ്ട് നിറയുകയാണ്.
ഇതുസംബന്ധിച്ച് അടുത്തിടെ നടന്ന ഒരു സംഭവം ശ്രദ്ധേയമാകുകയാണ്. ഡൽഹിയിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് വെയ്‌റ്റ്‌ലിസ്റ്റ് ടിക്കറ്റ് ബുക്ക് ചെയ്ത ഒരു യാത്രക്കാരൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷം, അത് സ്ഥിരീകരിച്ചിട്ടില്ലെന്ന് മനസിലാക്കി. തുടര്‍ന്ന് റീഫണ്ട് ലഭിച്ചപ്പോള്‍ മുഴുവൻ തുകയും ലഭിക്കുന്നതിന് പകരം 100 രൂപ കുറച്ചതായും കണ്ടെത്തി.
വ്യക്തത തേടി ഇയാള്‍ എക്സ് പ്ലാറ്റ്ഫോമില്‍ റെയില്‍വേ മന്ത്രാലയത്തിനെ സമീപിച്ചു. ഇതില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് ഐ.ആർ.സി.ടി.സി. ഇന്ത്യൻ റെയിൽവേ നിയമങ്ങൾ അനുസരിച്ച് വെയ്റ്റ്‌ലിസ്റ്റ്/ആർ.എ.സി ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ ഓരോ യാത്രക്കാരനിൽ നിന്നും 60 രൂപ ക്ലർക്കേജ് ചാർജും ജി.എസ്.ടി യും ഈടാക്കുമെന്നാണ് ഐ.ആർ.സി.ടി.സി അറിയിച്ചത്.
ഈ യാത്രക്കാരന്‍ തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എന്നതിനാല്‍ സാധാരണ ക്ലർക്കേജ് ഫീസ് കൂടാതെ അധിക കിഴിവുകൾക്ക് കൂടി കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഐ.ആർ.സി.ടി.സി റീഫണ്ട് നയങ്ങള്‍
വെയ്റ്റിംഗ് ലിസ്റ്റിലുളള ടിക്കറ്റുകളുടെ റീഫണ്ടിൽ നിന്നുള്ള കിഴിവുകള്‍ സംബന്ധിച്ച് പല യാത്രക്കാരും ആശയക്കുഴപ്പത്തിലാണ്. ഐ.ആർ.സി.ടി.സി പ്ലാറ്റ്‌ഫോമിൽ ബുക്ക് ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം കക്ഷി ആപ്പുകൾ വഴി ബുക്ക് ചെയ്‌ത ടിക്കറ്റുകളുടെ റീഫണ്ടിൽ അധിക ഫീസ് ഉൾപ്പെടാമെന്ന കാര്യം ശ്രദ്ധിക്കുക.
ഇന്ത്യൻ റെയിൽവേയുടെ റീഫണ്ട് നിയമങ്ങൾ പ്രകാരം ആര്‍.എ.സി, വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ ക്ലർക്കേജ് ചാർജുകളും ജി.എസ്.ടി യും ബാധകമാണ്.
സ്ഥിരീകരിച്ച (കണ്‍ഫേംഡ്) ടിക്കറ്റുകളുടെ റീഫണ്ടുകൾ റദ്ദാക്കുന്ന സമയത്തെ ആശ്രയിച്ചാണ് ഉളളത്
1. പുറപ്പെടുന്നതിന് 48+ മണിക്കൂർ മുമ്പ്
ക്ലാസ് അടിസ്ഥാനമാക്കിയാണ് റദ്ദാക്കൽ ഫീസ് ഈടാക്കുന്നത്:
എ.സി ഫസ്റ്റ്/എക്‌സിക്യൂട്ടീവ്: ₹240 + ജി.എസ്.ടി
ഫസ്റ്റ് ക്ലാസ്/എ.സി 2 ടയർ: ₹200 + ജി.എസ്.ടി
എ.സി ചെയർ കാർ/എ.സി 3 ടയർ/എ.സി 3 ഇക്കോണമി: ₹180 + ജി.എസ്.ടി
സ്ലീപ്പർ: ₹120
രണ്ടാം ക്ലാസ്: ₹60
2. പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ വരെ: യാത്രാ നിരക്കിൻ്റെ 25 ശതമാനം, റദ്ദാക്കൽ ചാർജ്, കൂടാതെ എ.സി ക്ലാസുകൾക്ക് ജി.എസ്.ടി
3. പുറപ്പെടുന്നതിന് 12 മുതൽ 4 മണിക്കൂറിനുള്ളിൽ: യാത്രാനിരക്കിൻ്റെ 50 ശതമാനം
4. പുറപ്പെടുന്നതിന് 4 മണിക്കൂറിനുള്ളിൽ റദ്ദാക്കൽ: സ്ഥിരീകരിക്കപ്പെട്ട ടിക്കറ്റുകൾ നാല് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല
5. ആര്‍.എ.സി ഇ-ടിക്കറ്റുകൾ: പുറപ്പെടുന്നതിന് 30 മിനിറ്റിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാലോ, ടി.ഡി.ആര്‍ ഫയൽ ചെയ്താലോ റീഫണ്ട് ലഭിക്കില്ല
ആര്‍.എ.സി, വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾക്കുള്ള റീഫണ്ട് പോളിസി
പുറപ്പെടുന്നതിന് മുമ്പ്: ഒരു യാത്രക്കാരന് ക്ലർക്കേജ് ചാർജായി 60 രൂപയും, കൂടാതെ ജി.എസ്.ടി യും ഈടാക്കും. പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകൾ റദ്ദ് ചെയ്യാവുന്നതാണ്.
ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല
സ്ഥിരീകരിച്ച ആര്‍.എ.സി ടിക്കറ്റുകൾ: ചാർട്ട് തയ്യാറാക്കുമ്പോൾ ആര്‍.എ.സി അല്ലെങ്കിൽ വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ സ്ഥിരീകരിച്ചാല്‍, കണ്‍ഫേംഡ് ടിക്കറ്റ് റീഫണ്ട് നയം അനുസരിച്ചുളള റദ്ദാക്കൽ നിയമങ്ങൾ ബാധകമായിരിക്കും.
ഭാഗികമായി സ്ഥിരീകരിച്ച ടിക്കറ്റുകൾക്കുള്ള റീഫണ്ട് നിയമങ്ങൾ
ഫാമിലി/ഗ്രൂപ്പ് ബുക്കിങ്ങുകൾ നടത്തുമ്പോള്‍ ചില യാത്രക്കാരുടെ റിസർവേഷനുകൾ സ്ഥിരീകരിക്കുകയും മറ്റുള്ളവരുടേത് ആര്‍.എ.സി അല്ലെങ്കിൽ വെയ്റ്റ്‌ലിസ്റ്റ് സ്റ്റാറ്റസിൽ തുടരാനും ഉളള സാധ്യതകള്‍ ഉണ്ട്. ഇത്തരം ടിക്കറ്റുകള്‍ ഓൺലൈനിൽ റദ്ദാക്കിയാൽ, പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ എല്ലാ യാത്രക്കാർക്കും ക്ലർക്കേജ് ചാര്‍ജ് കിഴിച്ച് മുഴുവൻ റീഫണ്ടും ലഭിക്കുന്നതാണ്.
Next Story
Videos