‘പല്ലക്കി’ലെത്താം കോഴിക്കോട്ട് 950 രൂപക്ക്; ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്കും ക്രിസ്മസ് സീസണിൽ പുതിയ സർവീസുകൾ

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) ബംഗളൂരുവിനും കോഴിക്കോടിനും ഇടയിൽ നോൺ എസി സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നു. ഡിസംബർ 6 മുതലാണ് സര്‍വീസ് തുടങ്ങുക. വയനാട് മാനന്തവാടി വഴി ആയിരിക്കും സർവീസ്.
ക്രിസ്മസ്- ന്യൂ ഇയര്‍ അവധിക്കാലത്ത് സര്‍വീസ് ജനപ്രിയമാകുമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസ- ജോലി ആവശ്യങ്ങള്‍ക്കായി കര്‍ണാടകയില്‍ പതിനായിരക്കണക്കിന് മലയാളികളാണ് കഴിയുന്നത്. ഇവര്‍ക്ക് പ്രയോജനകരമാകുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
കർണാടക ആർ.ടി.സി ഇതിനകം തന്നെ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയമടക്കമുളള മറ്റ് സ്ഥലങ്ങളിലേക്ക് നോൺ എ.സി സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കാനുളള തയാറെടുപ്പുകളിലാണ് അധികൃതര്‍. പല്ലക്കി ബസുകൾ ആയിരിക്കും ഈ സർവീസുകൾക്ക് ഉപയോഗിക്കുക.

രാവിലെ 5:45 ന് കോഴിക്കോട് എത്തും

ബംഗളൂരു- കോഴിക്കോട് സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് 950 രൂപയാണ്, വാരാന്ത്യങ്ങളിൽ ഉയർന്ന നിരക്കുകൾ ഈടാക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാണ്. ബംഗളൂരുവിലെ ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് ദിവസവും രാത്രി 8:45 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5:45 ന് കോഴിക്കോട് ബസ് സ്റ്റാൻഡിൽ എത്തുന്നതാണ്.
മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാൻഡ് (രാത്രി 9:15), രാജരാജേശ്വരി നഗർ (രാത്രി 9:20), കെങ്കേരി ടി.ടി.എം.സി (രാത്രി 9:30) പോലുള്ള പ്രധാന സ്ഥലങ്ങളില്‍ ബസ് നിർത്തുന്നതാണ്. വെളുപ്പിന് 3:15 ന് മാനന്തവാടിയിലും വെളുപ്പിന് 4 മണിക്ക് കൽപ്പറ്റയിലും ബസ് എത്തും. കോഴിക്കോട്ടുനിന്ന് രാത്രി 9:15ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 5:25 ന് ബംഗളൂരുവിലെത്തും.
Related Articles
Next Story
Videos
Share it