വ്യോമയാന മേഖലയിലെ മുന്നേറ്റം; കേന്ദ്രത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി
കേരളത്തിന്റെ വ്യോമയാന രംഗത്ത് കൂടുതല്‍ വികസന പദ്ധതികള്‍ക്ക് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായി ചര്‍ച്ച നടത്തി. പ്രവാസി മലയാളികളുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കിയുള്ള വികസനമാണ് മുഖ്യമന്ത്രി പ്രധാനമായും ചര്‍ച്ചയില്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള വര്‍ധിച്ച വിമാനയാത്രക്കാരുടെ എണ്ണം, വിദേശ ടൂറിസ്റ്റുകളുടെ വര്‍ധന തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. കേരളത്തിലെ വിമാനത്താവളങ്ങളെ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ പിന്തുണ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സ്‌പോര്‍ട്‌സ്-ന്യുനപക്ഷ വകുപ്പുമന്ത്രി വി.അബ്്ദുറഹ്മാന്‍, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി വുംലുന്‍മാംഗ് വുല്‍നാം, എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ എം.സുരേഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വിമാനത്താവളങ്ങളുടെ വളര്‍ച്ച ശ്രദ്ധേയം
കേരളത്തിലെ വിമാനത്താവളങ്ങളുടെ വളര്‍ച്ച ശ്രദ്ധേയമായി മാറുകയാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 1,05,29,714 പേരാണ്. 2022-23 വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനമായിരുന്നു വളര്‍ച്ച. 1,600,730 പേരാണ് അധികമായി യാത്ര ചെയ്തത്. കേരളത്തിലെ മൊത്തം വിമാനയാത്രക്കാരില്‍ 63.50 ശതമാനം യാത്രക്കാരും കൊച്ചി വിമാനത്താവളം വഴിയായിരുന്നു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 49.31 ലക്ഷവും ആഭ്യന്തര യാത്രക്കാര്‍ 55.99 ലക്ഷവും. സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണത്തിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷം 70,203 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തിയത്. മുന്‍ വര്‍ഷം ഇത് 61,231 ആയിരുന്നു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ വര്‍ധനയുണ്ടായി. 12.6 ലക്ഷം യാത്രക്കാരാണ് ഈ കാലയളവില്‍ സഞ്ചരിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ യാത്രക്കാരുടെ എണ്ണം 10 ലക്ഷം പേരായിരുന്നു.
വര്‍ധിക്കുന്ന അവസരങ്ങള്‍
യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന കേരളത്തിന്റെ വ്യോമയാന രംഗത്തെ വര്‍ധിക്കുന്ന അവസരങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ക്കും അടിസ്ഥാന വികസനത്തിനുമുള്ള സാധ്യതകള്‍ വര്‍ധിച്ചിരിക്കുകയാണ്. വിദേശ മലയാളികള്‍ക്കുള്ള യാത്രാ ആവശ്യങ്ങള്‍ക്കൊപ്പം ടൂറിസം മേഖലയുമായി ബന്ധപ്പെട്ടും കൂടുതല്‍ വിമാനങ്ങളുടെ ആവശ്യകത വര്‍ധിക്കുകയാണ്. അല്‍-ഹിന്ദ്, എയര്‍ കേരള തുടങ്ങിയ കേരള വിമാന കമ്പനികള്‍ രംഗത്തു വരാനിക്കെ കേരളത്തിന്റെ വ്യോമയാന സാധ്യതകള്‍ വളരെ വലുതാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.