ഗള്‍ഫിലേക്ക് കേരള കപ്പല്‍: കൂടുതല്‍ സാധ്യത കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക്

കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് വേണമെന്ന പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം പൂവണിയുന്നു. കപ്പല്‍ സര്‍വീസ് നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് ഏപ്രില്‍ 22 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കേരള മാരിടൈം ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാരിടൈം ബോര്‍ഡ് വിളിച്ചുചേര്‍ച്ച ചര്‍ച്ചയില്‍ മൂന്ന് ഷിപ്പിംഗ് കമ്പനികളുടെ പ്രതിനിധികളും ട്രാവല്‍ ആന്‍ഡ് ടൂറിസം കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഏതുതരം കപ്പല്‍ സര്‍വീസാണ് കേരളം ഉദ്ദേശിക്കുന്നത്, ടിക്കറ്റ് നിരക്ക്, തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി.
സാധ്യത കൂടുതല്‍ കൊച്ചിക്ക്
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസാണ് ഉദ്ദേശിക്കുന്നത്. ഉല്ലാസയാത്ര (ക്രൂസ് ഷിപ്പ്) അല്ല. എങ്കിലും ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവര്‍, ഗള്‍ഫിലേക്ക് കുടുംബത്തെയും കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍, കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവര്‍ തുടങ്ങിയവര്‍ക്ക് വലിയ നേട്ടമായിരിക്കും യാത്രക്കപ്പല്‍ സര്‍വീസ്.
കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തുനിന്ന് ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തുടക്കത്തില്‍ പദ്ധതിയെപ്പറ്റി ആലോചിച്ചിരുന്നത്. എന്നാല്‍, വലിയ കപ്പലുകള്‍ക്ക് ബേപ്പൂരില്‍ നങ്കൂരമിടാനുള്ള സൗകര്യമില്ല.
ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങാനുള്ള സാധ്യതയേറെയാണ്. കപ്പല്‍ കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. കൊച്ചിയില്‍ നിന്ന് സര്‍വീസ് നടത്തുന്നവയ്ക്ക് കൊച്ചി തുറമുഖ അതോറിറ്റി വിവിധ ഫീസുകളില്‍ ഇളവ് നല്‍കിയേക്കും. അഴീക്കല്‍, കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളെയും സര്‍വീസ് പട്ടികയില്‍ പരിഗണിക്കുന്നുണ്ട്.
പ്രവാസികള്‍ക്ക് വലിയ ആശ്വാസം
ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കുമൂലം ആശങ്കപ്പെടുന്ന പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരിക്കും ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ്. അവധിക്കാലങ്ങളില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതാണ് പ്രവാസികളെ വലയ്ക്കുന്നത്. 50,000 രൂപ മുതല്‍ 80,000 രൂപവരെ ടിക്കറ്റിന് കൊടുക്കേണ്ട സ്ഥിതിയുണ്ടാകാറുണ്ട്.
എന്നാല്‍, കപ്പലില്‍ നിരക്ക് 25,000 രൂപയോളമായിരിക്കും. മാത്രമല്ല ലഗേജായി 75 മുതല്‍ 200 കിലോഗ്രാം വരെ കൊണ്ടുവരാനുള്ള സൗകര്യവും കപ്പലില്‍ ലഭിച്ചേക്കുമെന്നതും നേട്ടമാകും. 3-4 ദിവസം എടുക്കുന്നതാകും കേരള-ഗൾഫ് കപ്പൽ യാത്രാസമയം.
Related Articles
Next Story
Videos
Share it