കേരളം കാണാൻ സഞ്ചാരിത്തിരക്ക്; വരുമാനം ₹40,000 കോടി കടന്നു, വിദേശികള്‍ ഒഴുകുന്നു, മിടുക്കിയായി ഇടുക്കി

കൊവിഡും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍ നിന്ന് അതിവേഗം കരകയറി കേരള ടൂറിസം. വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂടിയെന്ന് മാത്രമല്ല, വരുമാനവും കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് കുതിച്ചുകയറുന്ന ട്രെന്‍ഡാണ് ദൃശ്യമാകുന്നത്.
2023ല്‍ കേരളം സന്ദര്‍ശിച്ച ആഭ്യന്തര സഞ്ചാരികള്‍ 2.18 കോടി പേരാണെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കി. 2022ലെ 1.88 കോടിപ്പേരെ അപേക്ഷിച്ച് 15.92 ശതമാനമാണ് വളര്‍ച്ച. ഏറ്റവുമധികം ആഭ്യന്തര സഞ്ചാരികളെ കഴിഞ്ഞവര്‍ഷം വരവേറ്റത് എറണാകുളമാണ് (44.87 ലക്ഷം പേര്‍). ഏറ്റവും കുറവുപേര്‍ എത്തിയത് കാസര്‍ഗോഡാണ്; 2.92 ലക്ഷം പേര്‍ മാത്രം.
മിടുക്കിയായി ഇടുക്കി; കിതച്ച് ആലപ്പുഴ
ആഭ്യന്തര സഞ്ചാരികളെത്തിയതില്‍ ഏറ്റവുമുയര്‍ന്ന വളര്‍ച്ചാനിരക്ക് 2023ല്‍ രേഖപ്പെടുത്തിയത് ഇടുക്കിയാണ്; 36.77 ശതമാനം. 17.36 ശതമാനം വളര്‍ന്ന് തിരുവനന്തപുരം രണ്ടാംസ്ഥാനത്തും 17.01 ശതമാനം വളര്‍ച്ചയുമായി പത്തനംതിട്ട മൂന്നാമതുമാണ്.
അതേസമയം, ആലപ്പുഴയിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് 2023ല്‍ 3.45 ശതമാനം ഇടിഞ്ഞു. കാസര്‍ഗോഡിന് 0.66 ശതമാനം വളര്‍ച്ചയേ നേടാനായുള്ളൂ. കൊല്ലം 5.27 ശതമാനം വളര്‍ന്നു.
കേരളം കാണാന്‍ വിദേശികളുടെ ഒഴുക്ക്
2022ല്‍ കേരളം സന്ദര്‍ശിച്ചത് 3.45 ലക്ഷം വിദേശികളായിരുന്നെങ്കില്‍ 2023ല്‍ അത് 6.49 ലക്ഷം പേരായി ഉയര്‍ന്നു. വര്‍ധന 87.83 ശതമാനം. ഏറ്റവുമധികം വിദേശ വിനോദസഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലേക്കാണ്; 1.86 ലക്ഷം പേര്‍. ഏറ്റവും കുറവ് വിദേശികളെത്തിയത് കാസര്‍ഗോഡാണ്; 458 പേര്‍ മാത്രം.
എന്നാല്‍, വിദേശികളെ വരവേറ്റത്തില്‍ ഏറ്റവുമുയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയതും കാസര്‍ഗോഡാണ്. 2022നെ അപേക്ഷിച്ച് 400.22 ശതമാനമാണ് വര്‍ധന. 283.3 ശതമാനം വളര്‍ന്ന ഇടുക്കിയാണ് രണ്ടാമത്. കൊല്ലം 267.34 ശതമാനം വര്‍ധന കുറിച്ചു.
ഏറ്റവും കുറവ് വളര്‍ച്ച രേഖപ്പെടുത്തിയത് കോഴിക്കോടാണ്; 38.47 ശതമാനം. 50.25 ശതമാനം വളര്‍ച്ചയാണ് എറണാകുളം കുറിച്ചത്. പാലക്കാടിന്റെ വളര്‍ച്ച 62.22 ശതമാനം.
വരുമാനത്തില്‍ ആശ്വാസക്കുതിപ്പ്
കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് 2019ല്‍ 45,010 കോടി രൂപയുടെ വരുമാനം കേരളാ ടൂറിസം സ്വന്തമാക്കിയിരുന്നു. കൊവിഡ് ആഞ്ഞടിച്ച 2020ല്‍ വരുമാനം 11,335 കോടി രൂപയിലേക്ക് തകര്‍ന്നടിഞ്ഞു.
കേരളാ ടൂറിസം കഴിഞ്ഞ വർഷങ്ങളിൽ നേടിയ വരുമാനം

ലോക്ക്ഡൗണ്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവ വലയ്ക്കുകയായിരുന്നു. 2021ലും കരകയറാന്‍ കഴിഞ്ഞില്ല. വരുമാനം ആ വര്‍ഷം വെറും 12,286 കോടി രൂപ മാത്രം.
തുടര്‍ന്ന്, പ്രതിസന്ധികള്‍ അയയുകയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതും കേരളാ ടൂറിസത്തിന് നേട്ടമായി. 2022ല്‍ 35,168 കോടി രൂപ വരുമാനം നേടിയ കേരളാ ടൂറിസം 2023ല്‍ സ്വന്തമാക്കിയത് 24.03 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 43,621.22 കോടി രൂപയാണ്. സാഹസിക ടൂറിസം, കാരവന്‍ ടൂറിസം, വിവാഹ ടൂറിസം, ഹെലികോപ്റ്റര്‍ ടൂറിസം തുടങ്ങിയ പദ്ധതികളും കേരളാ ടൂറിസത്തെ ഉഷാറാക്കുന്നുണ്ട്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it