'പൊളിയാണ്' കൊച്ചി! ഏഷ്യയില്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ കൊച്ചി മാത്രം
ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹിക്കുന്ന സ്ഥലങ്ങളുടെ 'ബക്കറ്റ് ലിസ്റ്റ്' സൂക്ഷിക്കുന്നവരാണ് പലരും. മലേഷ്യയും സിംഗപ്പൂരും തായ്‌ലന്‍ഡുമൊക്കെ ഒരു പക്ഷെ അതിലിടം പിടിച്ചിട്ടുണ്ടാകും. എന്നാല്‍ ഇത്തവണ മറ്റൊരു ലിസ്റ്റ് കാണാം, 2024ൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഏഷ്യയിലെ സ്ഥലങ്ങളടങ്ങുന്ന ലിസ്റ്റ്. ലോകപ്രശസ്ത ട്രാവല്‍ വെബ്‌സൈറ്റായ കൊണ്ടെ നാസ്റ്റ് (Condé Nast) തയ്യാറാക്കിയ ലേഖനത്തിലാണ് ഈ സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഇതിൽ ഇടം പിടിച്ച ഇന്ത്യയിലെ ഒരേ ഒരു സ്ഥലം കൊച്ചി മാത്രമാണ്. കൊച്ചിയുടെ സുസ്ഥിര വികസന നടപടികള്‍, മികച്ച ജലഗതാഗതം, ഉത്സവങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണമായി ഇതില്‍ എടുത്തു പറയുന്നത്.
കൊച്ചിയിലെ ജലഗതാഗതമാണ് നൂറ്റാണ്ടുകളായി കൊച്ചിയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. 14-ാം നൂറ്റാണ്ട് മുതലുള്ള അറബ്, ചൈനീസ്, യൂറോപ്യന്‍ സഞ്ചാരികള്‍ ജലഗതാഗതത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 150 വർഷം പഴക്കമുള്ള കൊച്ചിയിലെ ബ്രോഡ് വേ മാർക്കറ്റിനെക്കുറിച്ചും ഇതിൽ പറയുന്നു. പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കിലോ മീറ്റർ ദൈര്‍ഘ്യമുള്ള വാട്ടര്‍മെട്രോ വിപ്ലവകരമായ മാറ്റമാണുണ്ടാക്കാന്‍ പോകുന്നത്.
ഇതു കൂടാതെ പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം കൊച്ചിയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലും ഇവിടെത്തന്നെയാണെന്ന് ലേഖനത്തില്‍ പറയുന്നു.
പ്രതീക്ഷയോടെ 2024
തൃശൂർ പൂരം മുതൽ കൊച്ചി-മുസിരിസ് ബിനാലെ വരെയുള്ള പ്രാദേശിക ഉത്സവങ്ങളും ലേഖനത്തിൽ പരാമർശിക്കപ്പെടുന്നു. അടുത്ത വര്‍ഷത്തില്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ ബൃഹത്തായ പദ്ധതിയാണ് ടൂറിസം വകുപ്പ് 2.0 വിഭാവനം ചെയ്യുന്നത്. മൂന്നാര്‍ മുതൽ കോഴിക്കോട് വരെ മുസിരിസ് ബിനാലെ ബന്ധിപ്പിച്ചുള്ള ടൂറിസം ഇടനാഴിയും പ്രശംസിച്ചിട്ടുണ്ട്.
ചീന വലയിലെ മീന്‍ പിടിത്തവും കണ്ടല്‍ക്കാടുകളിലൂടെയുള്ള വഞ്ചിയാത്രയും സഞ്ചാരികളെ ആകര്‍ഷിക്കും. പൊക്കാളിപ്പാടങ്ങള്‍, പാലക്കാടന്‍ ഗ്യാപ്പ്, പൊന്നാനി അങ്ങാടി എന്നിവയെല്ലാം മികച്ചതാക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.