കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂര്‍ പോകാം; ജനുവരിയിലുണ്ട് കിടിലന്‍ പാക്കേജുകള്‍

യാത്ര ചെയ്യാൻ പ്രത്യേക സീസണ്‍ ഒന്നുമില്ലാതെ മനോഹരമായ ഇടങ്ങള്‍ തേടി അലയുന്ന മലയാളികള്‍ക്ക് കെ.എസ്.ഐര്‍.ടി.സിയുടെ ബജറ്റ് യാത്രകൾ പ്രിയങ്കരമാണ്. ബജറ്റ് ടൂറിസം സെല്ലിന് കീഴിലാണ് കെ.എസ്.ആര്‍.ടി.സി ഈ ടൂര്‍ പാക്കേജുകള്‍ നടത്തുന്നത്.

തിരുവനന്തപുരം ജില്ല മുതല്‍ കോഴിക്കോട് വരെ വിവിധ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്കൊപ്പം ബജറ്റ് ടൂറിസം സെല്ലുകളും പ്രവര്‍ത്തിക്കുന്നു. ഓരോ മാസവും വിവിധ ഡിപ്പോകളില്‍ നിന്നായി പാക്കേജുകള്‍ നടത്തുന്നുണ്ട്. ഏറ്റവും പുതുതായി തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് നിന്നുള്ള ബജറ്റ് പാക്കേജ് കെ.എസ്.ആര്‍.ടി.സി പുറത്തു വിട്ടു.

ഗവി ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്കാണ് വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ബജറ്റ് ടൂറുകള്‍. നാളെയാണ് ഗവി യാത്ര. ജനുവരി 13,28 തീയതികളില്‍ വാഗമണ്‍ യാത്രകളുണ്ട്. മഞ്ഞും ചെറിയ മഴയും മാറി മാറി വരുന്ന കാലാവസ്ഥയായതിനാല്‍ ഇപ്പോള്‍ പോകുന്നവര്‍ക്ക് ഇതൊരു വ്യത്യസ്ത അനുഭവമായിരിക്കും. മൊട്ടക്കുന്നുകളും അഡ്വഞ്ചര്‍ പാര്‍ക്കും ഗ്ലാസ് ബ്രിഡ്ജുമാണ് യാത്രയുടെ ഹൈലൈറ്റ്.

ജനുവരി 20നും 27നും വെഞ്ഞാറമൂട് നിന്ന് മൂന്നാര്‍ യാത്രകളുണ്ട്. മാമലക്കണ്ടം വഴിയായിരിക്കും യാത്ര. 21ന് കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്കും യാത്രയുണ്ട്.

ഈ യാത്രകള്‍ക്കു പുറമെ 27ന് മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം 28ന് വാഴ്വാന്തോള്‍-പൊന്മുടി യാത്ര എന്നിവയുമുണ്ട്. 29ന് ഗുരുവായൂര്‍ യാത്രയും നടക്കും. ബസ് യാത്രയ്ക്ക് പുറമെ 'നേഫെര്‍റ്റിറ്റി' കപ്പലിലൂടെയുള്ള യാത്രാ പാക്കേജും അവതരിപ്പിക്കാനൊരുങ്ങുകയാണ് തിരുവനന്തപുര-വെഞ്ഞാറമൂട് ഡിപ്പോ.

യാത്രകളുടെ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9746865116, 9447005995, 9447501392, 9605732125, 9447324718

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it