കെഎസ്ആര്‍ടിസി ഗവി പാക്കേജ്; ബോട്ടിംഗ്, ഉച്ചയൂണ്, യാത്രാ നിരക്ക് ഉള്‍പ്പെടെ 1300 രൂപയ്ക്ക് കാട് കണ്ടുവരാം

ഗവി, ഓര്‍ഡിനറി സിനിമ കണ്ടത് മുതലാണ് പലര്‍ക്കും ഈ പേരും സ്ഥലവും ഏറെ സുപരിചിതമെങ്കിലും കാടിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് പോകാന്‍ പറ്റിയ കലക്കന്‍ യാത്രയാകും ഗവി. നിലവില്‍ കോഴിക്കോട്ടു നിന്നു രണ്ട് ദിവസത്തെ ട്രിപ്പും പത്തനം തിട്ടയില്‍ നിന്ന് ഒരു ദിവസത്തെ ട്രിപ്പുമാണ് ലഭ്യമായിരിക്കുന്നത്.

പത്തനംതിട്ടയില്‍നിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി.യുടെ വിനോദയാത്രാ പാക്കേജ് എല്ലാദിവസവും ഉണ്ട്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. ബജറ്റ് ടൂറിസം പ്രോജക്ടിന്റെ ഭാഗമായി ആരംഭിച്ച കെ.എസ്.ആര്‍.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണുള്ളത്. പത്തനംതിട്ടയില്‍നിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിംഗ് ഉച്ചയൂണ്, യാത്രാ നിരക്ക് എന്നിവ ഉള്‍പ്പെടെ 1300 രൂപയാണ്.

പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിച്ചു. ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും ചുറ്റി കാടിന്റെ പച്ചപ്പിലൂടെ ഊളിയിടുന്ന ഒരു മനോഹര യാത്ര.

തുടര്‍ന്ന് ബോട്ടിംഗും ഉച്ചയൂണും കഴിഞ്ഞ് രണ്ട് മണിയോടെ വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ് ആണ് ഇത്. നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍നിന്നു ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കുമുള്ള ഈ സര്‍വീസ് കൂടാതെയാണ് പുതിയ പാക്കേജെന്ന് പത്തനംതിട്ട ഡി.ടി.ഒ. അറിയിച്ചു.

കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള പാക്കേജില്‍ കുമരകവും മറ്റ് സ്‌പോട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2000 രൂപയ്ക്ക് മേലെ വരുന്ന പാക്കേജാണിത്. ഇരിങ്ങാലക്കുടയിൽ നിന്നും പാക്കേജ് ഉണ്ട്. വെളുപ്പിന് 3 മണിക്ക് ട്രിപ്പ് തുടങ്ങും. 2,200 രൂപയാണ് ചാർജ്. ഗ്രൂപ്പായും സിംഗിള്‍ ആയും പാക്കേജുകള്‍ ബുക്ക് ചെയ്യാം. enteksrtc വഴി ബുക്ക് ചെയ്യാം.

Related Articles
Next Story
Videos
Share it