അറബിക്കടലില്‍ യാത്ര ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സിയുടെ പാക്കേജ്

അറബിക്കടലിന്റെ മനോഹാരിത ആവോളം ആസ്വദിക്കാന്‍ കോട്ടയം കെ.എസ്.ആര്‍.ടി.സിയില്‍ നിന്നൊരു ട്രിപ്പ് പോയാലോ. കോട്ടയത്തു നിന്നും പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സിയില്‍ കൊച്ചിയിലെത്തി കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള നെഫെര്‍റ്റിറ്റി ആഡംബര നൗകയില്‍ ഒരു കിടിലന്‍ യാത്ര നടത്താം. മെയ് 16ന് കോട്ടയം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

മൂന്നു മണിക്ക് ബസ് ബോള്‍ഗാട്ടി പാലസിലെത്തും. അവിടെ നിന്ന് യാത്രക്കാര്‍ക്ക് നൗകയില്‍ കയറാം. കടലില്‍ അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര ആസ്വദിച്ച ശേഷം രാത്രി 9 മണിയോടെ യാത്രക്കാര്‍ ബോള്‍ഗാട്ടി പാലസിലേക്ക് മടങ്ങും. സഞ്ചാരികള്‍ക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും കപ്പലില്‍ സജ്ജമാണ്. മുതിര്‍ന്നവര്‍ക്ക് 3,560 രൂപയും കുട്ടികള്‍ക്ക് 1,250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. നെഫെര്‍റ്റിറ്റി ആഡംബര നൗകയിലെ യാത്രക്കായി വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്കാണ് അവസരം ലഭിക്കാറുള്ളത്.

48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുള്ള പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ആഡംബര നൗകയാണ് നെഫെര്‍റ്റിറ്റി. ബിസിനസ് മീറ്റിംഗുകള്‍ക്കും ജന്മദിന പാര്‍ട്ടികള്‍ക്കും വിവാഹ ആഘോഷങ്ങള്‍ക്കും ഇത് വാടകയ്ക്കെടുക്കാം. ഇതില്‍ ഒരേസമയം 200 പേര്‍ക്ക് യാത്ര ചെയ്യാം. 12 നോട്ടിക്കല്‍ മൈല്‍ വരെ സഞ്ചരിക്കാന്‍ അനുമതിയുണ്ട്.

നെഫെര്‍റ്റിറ്റിയില്‍ 200 പേര്‍ക്ക് ഇരിക്കാവുന്ന അത്യാധുനിക ഹാള്‍, റെസ്റ്റോറന്റ്, കുട്ടികളുടെ കളിസ്ഥലം, ലോഞ്ച് ബാര്‍, 3ഡി തിയേറ്റര്‍ എന്നീ സൗകര്യങ്ങളുണ്ട്. സിനിമാ ഷൂട്ടിങ്ങിനും പ്രൊമോഷനുകള്‍ക്കും പ്രിയപ്പെട്ട ലൊക്കേഷന്‍ കൂടിയാണ് നെഫെര്‍റ്റിറ്റി. കമ്പനികളുടെ മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവയും ഇതില്‍ നടക്കാറുണ്ട്. മുന്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം നെഫെര്‍റ്റിറ്റിയില്‍ വിനോദയാത്ര ആസ്വദിച്ചിരുന്നു.

Related Articles
Next Story
Videos
Share it