വിമാന യാത്രയില്‍ ഒരു ഹാന്‍ഡ് ബാഗ് മാത്രം; 7 കിലോയില്‍ കൂടാന്‍ പാടില്ല; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

വിമാന യാത്രക്കാരുടെ ബാഗേജുകള്‍ സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ ഒരു യാത്രക്കാരന് ഒരു ബാഗ് മാത്രമേ ഹാന്റ് ബാഗേജായി അനുവദിക്കൂ. ഇക്കോണമി ക്ലാസുകളിലും പ്രീമിയം ഇക്കോണമി ക്ലാസുകളിലും 7 കിലോയാണ് അനുവദിക്കുക. ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും 10 കിലോ വരെയും. ബാഗുകളുടെ വലുപ്പം സംബന്ധിച്ചും നിര്‍ദേശങ്ങളുണ്ട്. അധിക ഭാരമുള്ള ഹാന്റ്ബാഗേജുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കും. അതേസമയം, 2024 മെയ് 2 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 8 കിലോയാണ് ഭാരപരിധി. 2000 മുതല്‍ ഈ ചട്ടങ്ങള്‍ നിലവിലുണ്ടെങ്കിലും കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

ഇളവുകള്‍ ആര്‍ക്കെല്ലാം?

2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുണ്ട്. ഇവര്‍ക്ക് ഇക്കോണമി ക്ലാസില്‍ 8 കിലോ വരെയുള്ള ഹാന്റ് ബാഗ് ഉപയോഗിക്കാം. ബിസിനസ് ക്ലാസില്‍ 12 കിലോ വരെയും അനുവദിക്കും. മെയ് രണ്ടിന് മുമ്പ് ബുക്ക് ചെയ്ത ശേഷം ടിക്കറ്റില്‍ മാറ്റം വരുത്തിയവര്‍ക്ക് ഇളവ് ലഭിക്കില്ല.

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 7 കിലോയുടെ ഒരു ഹാന്റ് ബാഗിന് പുറമെ ഒരു ലാപ്‌ടോപ്പ് ബാഗോ ലേഡീസ് ബാഗോ അനുവദിക്കും. ഇത് 3 കിലോയില്‍ കൂടാന്‍ പാടില്ല.

ബാഗിന്റെ അളവുകള്‍ ഇങ്ങനെ

ഹാന്റ് ബാഗേജുകള്‍ക്ക് ഒരേ വലുപ്പം വേണമെന്ന ചട്ടവും കര്‍ശനമാക്കിയിരിക്കുകയാണ്. 55 സെന്റീമീറ്റര്‍ ഉയരം, 40 സെന്റീമീറ്റര്‍ നീളം, 20 സെന്റീമീറ്റര്‍ വീതി എന്നിങ്ങനെയാണ് ബാഗിന്റെ അളവുകള്‍. എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാര്‍ക്ക് ഇത് ബാധകമാവും. വിമാനത്തിനകത്ത് ബാഗുകളുടെ എണ്ണം വര്‍ധിക്കുന്നത് യാത്ര വൈകാന്‍ ഇടയാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സെക്യൂരിറ്റി ബ്യൂറോയുടെ ഇടപെടല്‍. വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെൻട്രൽ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (Central Industrial Security Force) കൂടി ആവശ്യം പരിഗണിച്ചാണിത്. വ്യത്യസ്ത വലുപ്പത്തിലുള്ള ബാഗേജുകള്‍ യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതിനാലാണ് ഒരേ അളവിലുള്ള ബാഗുകള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം.

Related Articles
Next Story
Videos
Share it