സൗദി ബജറ്റില്‍ ടൂറിസ്റ്റുകള്‍ക്ക് ഇളവ്; നികുതി തിരിച്ചു നല്‍കും

ടൂറിസം മേഖലയെ വളര്‍ത്തുന്നതിന് നികുതി ഇളവുകളുമായി സൗദി അറേബ്യയുടെ ബജറ്റ്. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ടൂറിസ്റ്റുകള്‍ക്ക് മൂല്യ വര്‍ധിത നികുതി തിരിച്ചു നല്‍കുന്നതിനാണ് ബജറ്റ് അംഗീകാരം നല്‍കിയത്. ഇത് ഏത് രീതിയില്‍ നടപ്പാക്കണമെന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സൗദി സക്കാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റിയെ ചുമതലപ്പെടുത്തി. രാജ്യത്തേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിട്ടുള്ളത്. അടുത്തിടെ, യു.എ.ഇ സര്‍ക്കാര്‍ വിദേശ ടൂറിസ്റ്റുകള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് നികുതി തിരിച്ചു നല്‍കാന്‍ തീരുമാനിച്ചിരുന്നു.

ദേശീയ ടൂറിസം തന്ത്രം

രാജ്യത്തേക്ക് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതിനുള്ള ദേശീയ ടൂറിസം തന്ത്രത്തിന് ബജറ്റില്‍ സൗദി സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം 12.7 കോടിയായി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 10 കോടിയായിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെ ആറ് കോടി ടൂറിസ്റ്റുകള്‍ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയതായാണ് കണക്ക്. ഇതേ കാലയളവില്‍ 15,600 കോടി റിയാലാണ് രാജ്യത്ത് ആഭ്യന്തര, വിദേശ ടൂറിസ്റ്റുകള്‍ ചിലവഴിച്ചത്. വര്‍ഷാവസാനത്തോടെ ഇത് 30,000 കോടി റിയാല്‍ ആകുമെന്നാണ് കണക്കാക്കുന്നത്.

ടൂറിസം മേഖലക്ക് 34,600 കോടി റിയാല്‍

ടൂറിസം വികസനത്തിനായി ഇത്തവണ ബജറ്റില്‍ 34,600 കോടി സൗദി റിയാല്‍ (ഏഴു ലക്ഷം കോടി രൂപ) വകയിരുത്തിയിട്ടുണ്ട്. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെയാണ് ടൂറിസം പദ്ധതികള്‍ നടപ്പാക്കുക. രാജ്യത്തിന്റെ എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഈ വര്‍ഷം ഇതുവരെ 800 കോടി റിയാലിന്റെ പുതിയ നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായതായി ബജറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷാവസാനത്തോടെ 1,500 കോടി റിയാലിന്റെ നിക്ഷേപമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

Related Articles
Next Story
Videos
Share it