ഇന്ത്യക്കാര്‍ക്ക് യൂറോപ്പിലേക്ക് പറക്കാനാണിഷ്ടം! ഷെന്‍ഗെന്‍ വീസയ്ക്ക് ഡിമാന്‍ഡ് കൂടുന്നു

എങ്ങോട്ടേക്കുള്ള വീസ കിട്ടാനാണ് ഏറ്റവും കടുത്ത നടപടിക്രമങ്ങളുള്ളതെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ, ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ മറുപടി 'ഷെന്‍ഗെന്‍' എന്നായിരിക്കും! 25ലധികം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതും മൂന്നുമാസം വരെ കാലാവധിയുള്ളതുമാണ് ഷെന്‍ഗെന്‍ വീസ.
15 മുതല്‍ 45 ദിവസം വരെ നീളുന്ന നടപടിക്രമങ്ങളും അനുമതി കിട്ടാന്‍ പ്രയാസമാണെന്നതുമാണ് ഷെന്‍ഗെന്‍ വീസയെ കഠിനമാക്കുന്നത്. എന്നാല്‍, ഈ സാഹചര്യത്തിലും ഇന്ത്യക്കാരില്‍ നിന്ന് മികച്ച ഡിമാന്‍ഡാണ് ഷെന്‍ഗെന്‍ വീസയ്ക്ക് കിട്ടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അവധിക്കാലം യൂറോപ്പില്‍ ആഘോഷമാക്കാന്‍ ഷെന്‍ഗെന്‍ വീസ തേടുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഷെന്‍ഗെന്‍ വീസ ഇന്‍ഫോയുടെ (Schengen Visa Info) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
43% കുതിപ്പ്
2023ല്‍ ഇന്ത്യയില്‍ നിന്നുള്ള ഷെന്‍ഗെന്‍ വീസ അപേക്ഷകളിലുണ്ടായ വര്‍ധന 2022നെ അപേക്ഷിച്ച് 43 ശതമാനമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. 9.66 ലക്ഷം അപേക്ഷകളുമായി 2023ല്‍ ഇന്ത്യ മൂന്നാംസ്ഥാനം നിലനിറുത്തുകയും ചെയ്തു.
11 ലക്ഷം അപേക്ഷകരുമായി ചൈനക്കാരാണ് ഷെന്‍ഗെന്‍ അപേക്ഷകരില്‍ ഒന്നാംസ്ഥാനത്ത്. 2018ന് ശേഷം ആദ്യമായാണ് ചൈന ഒന്നാമതെത്തുന്നത്. ടര്‍ക്കിയാണ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 2023ല്‍ ആകെ സമര്‍പ്പിക്കപ്പെട്ട ഷെന്‍ഗെന്‍ വീസ അപേക്ഷകള്‍ 1.03 കോടിയാണ്. അതായത്, ഇതില്‍ 10 ശതമാനത്തോളവും ചൈനയില്‍ നിന്നാണ്.
അനുമതിനിരക്കും കൂടി, ഇന്ത്യക്കാര്‍ക്ക് ദീര്‍ഘകാല വീസയും
2023ല്‍ ഷെന്‍ഗെന്‍ വീസയ്ക്കുള്ള അനുമതിനിരക്കും കൂടിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. മൊത്തം 84.9 ലക്ഷം അപേക്ഷകള്‍ കഴിഞ്ഞവര്‍ഷം അംഗീകരിച്ചു. അതായത്, മൊത്തം അപേക്ഷകളില്‍ 82.3 ശതമാനവും അംഗീകരിച്ചു. 2022ല്‍ അനുവദിച്ചത് 78.4 ശതമാനമായിരുന്നു.
ഷെന്‍ഗെന്‍ വീസ തേടുന്ന ഇന്ത്യക്കാര്‍ക്കായി യൂറോപ്യന്‍ കമ്മിഷന്‍ അടുത്തിടെ 'കാസ്‌കേഡ്' (Cascade) എന്ന പേരില്‍ പുതിയൊരു വീസ സംവിധാനം അവതരിപ്പിച്ചിരുന്നു. രണ്ടുവര്‍ഷം, പിന്നീട് 5 വര്‍ഷം എന്നിങ്ങനെ ദീര്‍ഘകാല കാലാവധിയുള്ള വീസ പദ്ധതിയാണിത്. അര്‍ഹര്‍ക്ക് ആദ്യ രണ്ടുവര്‍ഷക്കാലാവധി പിന്നിട്ടാല്‍ തുടര്‍ന്ന് 5-വര്‍ഷക്കാലാവധിയുള്ള വീസ നേടാം. ഇക്കാലയളവില്‍ ഓരോ 180 ദിവസത്തിനിടയിലും തുടര്‍ച്ചയായി 90 ദിവസം വരെ ഷെന്‍ഗെന്‍ രാഷ്ട്രങ്ങളില്‍ തങ്ങാം.
ഷെന്‍ഗെന്‍ വീസ
25 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ മൊത്തം 29 രാഷ്ട്രങ്ങളാണ് ഷെന്‍ഗെന്‍ മേഖലയിലുള്ളത്. ഈ രാജ്യങ്ങളെല്ലാം സന്ദര്‍ശിക്കാവുന്ന ഒറ്റ വീസ സംവിധാനമാണ് ഷെന്‍ഗെന്‍ വീസ.
ബെല്‍ജിയം, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, ജര്‍മ്മനി, ഗ്രീസ്, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ലക്‌സംബര്‍ഗ്, ഹംഗറി, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, റൊമേനിയ, ഫിന്‍ലന്‍ഡ്, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ തുടങ്ങിയവ ഷെന്‍ഗെനില്‍ ഉള്‍പ്പെടുന്നവയാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it