ദുബൈലേക്ക് കപ്പല്‍: കേന്ദ്രത്തിന്റെ അനുമതിക്കായി കേരളം

കേന്ദ്രാനുമതി ലഭിച്ചാല്‍ കേരളത്തില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്രാക്കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒന്നര ദിവസം കൊണ്ട് ദുബൈയില്‍

ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളും ദുബൈയിലെ മിന റാഷിദ് തുറമുഖവുമായി ബന്ധിപ്പിച്ച് യാത്രാക്കപ്പല്‍ സര്‍വിസ് ആരംഭിക്കാന്‍ സന്നദ്ധത അറിയിച്ച് ഗള്‍ഫിലെയും ഗോവയിലെയും കപ്പല്‍ക്കമ്പനികള്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കൗണ്‍സില്‍ ഭാരവാഹികള്‍ മന്ത്രിയെ കണ്ടത്.

ഉചിതമായ നടപടിയെടുക്കാന്‍ തന്നെയും മാരിടൈം ബോര്‍ഡിനേയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ബേപ്പൂര്‍ പോര്‍ട്ട് ഓഫിസിലോ തിരുവനന്തപുരത്തോ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഒന്നര ദിവസം കൊണ്ട് കടല്‍മാര്‍ഗം ദുബൈയില്‍ എത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത.

കൊവിഡില്‍ മുടങ്ങിയിട്ടും

കപ്പല്‍ സര്‍വിസിനായി ദുബൈയിലെയും ഗോവയിലെയും പ്രമുഖ കപ്പല്‍ കമ്പനികള്‍ പ്രാഥമിക പഠനം നടത്തി അനുമതിക്കായി കേരള സര്‍ക്കാറിനെയും ബന്ധപ്പെട്ടവരെയും സമീപിച്ചിട്ട് വര്‍ഷങ്ങളേറെയായി. 2019ല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും കൊവിഡ് വന്നതോടെ ഇത് മുടങ്ങി. എത്രയും വേഗം കപ്പല്‍ സര്‍വിസ് നടത്താന്‍ സന്നദ്ധത അറിയിച്ച് അടുത്തിടെ കമ്പനികള്‍ വീണ്ടും രംഗത്തെത്തിയതോടെയാണ് പദ്ധതിക്ക് ജീവന്‍ വച്ചത്. ബേപ്പൂരിലും കൊച്ചിയിലും എമിഗ്രേഷന്‍ സെന്ററും പാസഞ്ചറും ടെര്‍മിനലും ഉള്ളതിനാല്‍ പദ്ധതി എളുപ്പത്തില്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ദുബൈയിലെ മിന റാഷിദ് തുറമുഖവും എല്ലാ സംവിധാനങ്ങളുമായി സജ്ജമാണ്.


DhanamOnline YouTube ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. പുതിയ ബിസിനസ് ആശയങ്ങള്‍, പേഴ്‌സണല്‍ ഫൈനാന്‍സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വീഡിയോകള്‍ ഇവിടെ കാണാം.

Related Articles
Next Story
Videos
Share it