Begin typing your search above and press return to search.
ഓണക്കാലത്ത് ദുരിത യാത്ര: ബസ് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന, ട്രെയിനുകളില്‍ സീറ്റില്ല
ഓണം പടിവാതില്‍ക്കലെത്തുകയും വേനലവധി അവസാനിക്കുകയും ചെയ്തതോടെ കേരളത്തിൽ നിന്നുള്ള യാത്രക്കാരെ കൊള്ളയടിക്കാന്‍ വിമാനക്കമ്പനികളുടേയും ടൂറിസ്റ്റ് ബസുകളുടെയും മത്സരം. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലേക്ക് പതിനായിരത്തിന് മുകളിലാണ് വിമാന ടിക്കറ്റ് നിരക്ക്. 3,000 മുതല്‍ 5,000 വരെയുള്ള നിരക്കാണ് സീസണ്‍ പ്രമാണിച്ച് വര്‍ധിപ്പിച്ചത്.
ദില്ലിയില്‍ നിന്ന് കേരളത്തിലേക്ക് ടിക്കറ്റ് നിരക്ക് 8,000 മുതലാണ് ആരംഭിക്കുന്നത്. ബാംഗളൂരുവില്‍ നിന്നും 6,000 രൂപ മുതലാണ് ടിക്കറ്റ് വില.
ട്രെയിനില്‍ 'കാത്തിരിപ്പ്' തുടരുന്നു
ഓണാവധിക്ക് നാട്ടിലെത്താന്‍ മാസങ്ങള്‍ക്കു മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും മിക്കവരും വെയിറ്റിങ് ലിസ്റ്റിന്റെ നീണ്ട ക്യൂവില്‍ തന്നെ. ബാംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികരാണ് നാട്ടിലേക്ക് ടിക്കറ്റ് കിട്ടാതെ നട്ടംതിരിയുന്നത്. കണ്ണൂര്‍ യശ്വന്ത്പുര എക്സ്പ്രസ്, ചെന്നൈ മംഗളൂരു മെയില്‍, മാവേലി, നേത്രാവതി എക്സപ്രസ് ട്രെയിനുകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. 200ന് മുകളിലാണ് പല ട്രെയിനുകളിലും വെയ്റ്റിങ് നില. സീറ്റ് ലഭിക്കാന്‍ സാധ്യത തീരെ കുറവാണെന്നതിനാല്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ മാത്രമാണ് പ്രവാസി മലയാളികളുടെ ആശ്രയം.
ബസിൽ 'പിടിച്ചുപറി'
അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് ഉത്സവ സീസണ്‍ എന്നാല്‍ തീവെട്ടിക്കൊള്ളയുടെ സമയം കൂടിയാണ്. മൂന്നും നാലും ഇരട്ടിയാണ് ഈ സമയത്ത് സ്വകാര്യബസുകളുടെ ടിക്കറ്റ് നിരക്ക്. മറുനാടന്‍ മലയാളികളുടെ അവസാന ആശ്രയം ഇത്തരം ടൂറിസ്റ്റ് ബസുകളാണെന്നതിനാല്‍ തോന്നുംപോലെ നിരക്ക് കൂട്ടാന്‍ ഒരു മടിയുമില്ല ബസ് ഓപ്പറേറ്റര്‍മാര്‍ക്ക്. കഴിഞ്ഞ ഓണത്തിന് പല മലയാളികളും ബാംഗളൂരുവില്‍നിന്ന് നാട്ടിലെത്തിയത് ടൂറിസ്റ്റ് ടാക്സികളിലായിരുന്നു. മൂന്നോ നാലോ പേര്‍ ചേര്‍ന്ന് ഒരു കാര്‍ വാടകയ്ക്ക് വിളിച്ചാല്‍ ബസ് ചാര്‍ജിന്റെ പകുതിയേ ആകുമായിരുന്നുള്ളൂ.
ബാംഗളൂര്‍-കൊച്ചി 4,000 രൂപ!
ബാംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് എ.സി സ്ലീപ്പര്‍ ബസ് നിരക്ക് 1,400 രൂപ മുതല്‍ 2,200 രൂപ വരെയാണ്. നോണ്‍ എ.സിക്ക് ആവട്ടെ 700 മുതല്‍ 1,300 രൂപ വരെയും. ബാംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് 900 മുതല്‍ 3,000 രൂപവരെയാണ് എ.സി സ്ലീപ്പര്‍ നിരക്ക്. നോണ്‍ എ.സിക്ക് 1000- 1900 വരെയും .ബാംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് 2,000മുതല്‍ 4,000 രൂപവരെയുണ്ട് എ.സി സ്ലീപ്പര്‍ ബസിന്. നോണ്‍ എ.സിക്കാവട്ടെ 1,500 മുതല്‍ 2,300 രൂപ വരെയും.
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ നിരക്ക് കുറവാണെങ്കിലും ബസുകളുടെ എണ്ണക്കുറവാണ് പ്രശ്നം. ഓണത്തോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്നാണ് മറുനാടന്‍ മലയാളികളുടെ ആവശ്യം.
Next Story
Videos