ദുബൈ-കൊച്ചി വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് ആറ് ഇരട്ടി, അവധിക്കാല സന്ദര്‍ശനത്തിന് ചിലവേറും

അവധിക്കാലം മുന്നില്‍ കണ്ട് ഗള്‍ഫ് സെക്ടറില്‍ വിമാന യാത്രാ നിരക്കുകള്‍ വലിയ വര്‍ധനയിലേക്ക്. നവംബര്‍ അവസാര വാരം മുതൽ ടിക്കറ്റുകള്‍ക്ക് നിരക്ക് കുത്തനെ കൂടും. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ വരാനിരിക്കുന്നത്. ഓണാവധിക്കാലത്ത് വര്‍ധിച്ചിരുന്ന ടിക്കറ്റ് നിരക്കുകള്‍ ഇപ്പോള്‍ കുറഞ്ഞ നിലയിലാണുള്ളത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് കുറഞ്ഞ യാത്രാ നിരക്ക് ഇപ്പോള്‍ 6,000 രൂപയില്‍ താഴെയാണ്. നവംബര്‍ മധ്യത്തോടെ ഇത് വര്‍ധിക്കും. അവസാന വാരങ്ങളിലെ ടിക്കറ്റ് നിരക്ക് 13,000 രൂപയാണ്. ക്രിസ്തുമസ്, ന്യൂ ഇയര്‍ അവധി തുടങ്ങുന്ന ഡിസംബര്‍ മൂന്നാം വാരം മുതല്‍ ഇത് 40,000 രൂപ വരെയെത്തും. ഈ സമയങ്ങളിലേക്ക് ഓണ്‍ലൈനിലും ഉയര്‍ന്ന നിരക്കിലാണ് ടിക്കറ്റുകള്‍ ഉള്ളത്. അവധിക്കാലം കുടുംബത്തോടൊപ്പം നാട്ടില്‍ ചിലവഴിക്കാന്‍ ലക്ഷ്യമിടുന്ന ദുബൈയിലെ പ്രവാസി മലയാളികള്‍ക്ക് യാത്രകള്‍ ചിലവേറിയതാകും.

വര്‍ധന ആറ് ഇരട്ടി വരെ

ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാന ടിക്കറ്റിന് ആറ് ഇരട്ടി വരെയാണ് നിരക്ക് വര്‍ധനയുള്ളത്. നിലവില്‍ 6,000 രൂപക്കുള്ള ടിക്കറ്റിന് ഡിസംബറില്‍ കുറഞ്ഞത് 36,000 രൂപ വരെ നല്‍കണം. ഓണ അവധിക്കാലത്തും പത്തിരട്ടി വരെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ എണ്ണം വര്‍ധിക്കുന്നതാണ് വിമാനകമ്പനികളെ നിരക്ക് കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്. നിരക്കുകള്‍ കുറച്ച് ബിസിനസ് വര്‍ധിപ്പിക്കുന്നതിന് പകരം നിരക്കുകള്‍ കൂത്തനെ കൂട്ടി ലാഭം വര്‍ധിപ്പിക്കുന്ന തന്ത്രമാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. അവധിക്കാലം കഴിയുന്ന ജനുവരി രണ്ടാം വാരം വരെ ഈ ഉയര്‍ന്ന നിരക്കുകള്‍ ഉണ്ടാകും. സ്റ്റോപ്പ് ഓവറുകള്‍ കൂടുതലുള്ള വിമാനങ്ങളിലും നിരക്കുകളില്‍ കാര്യമായ കുറവില്ല.

നിരക്ക് കൂട്ടാന്‍ ടൂറിസം സീസണും

അവധിക്കാലത്തോടൊപ്പം ടൂറിസം രംഗത്തെ വര്‍ധിച്ച ഡിമാന്റും നിരക്കുകള്‍ കൂടാന്‍ കാരണമാകുന്നതായി ടൂറിസം വ്യവസായ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ദുബൈയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡിസംബര്‍ മൂന്നാം വാരം മുതല്‍ യാത്രക്കാര്‍ ഏറെയുണ്ട്. ദുബൈയില്‍ നിന്ന് കൂടുതല്‍ യാത്രക്കാരുള്ളത് ഈജിപ്തിലെ കെയ്‌റോയിലേക്കാണ്. അതേസമയം, ഈ സെക്ടറില്‍ വിമാന നിരക്കുകളില്‍ 10 ശതമാനം വര്‍ധനയാണ് വരുന്നത്. ദുബൈ-കെയ്‌റോ ടിക്കറ്റ് നിരക്കുകള്‍ നിലവില്‍ 10,000 രൂപയില്‍ താഴെയാണ്. ഡിസംബറില്‍ ഇത് 13,000 ആയാണ് വര്‍ധിക്കുക. ലണ്ടന്‍, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും ദുബൈയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം വരും മാസങ്ങളില്‍ വര്‍ധിക്കും. ഡിസംബര്‍ അവസാനത്തോടെ ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ ആരംഭിക്കുന്നതും വിമാന നിരക്ക് വര്‍ധനക്ക് കാരണമാകും.

Related Articles
Next Story
Videos
Share it