ശ്രീലങ്കന്‍ കാഴ്ചകള്‍ കാണാം; വിമാന സര്‍വീസുകള്‍ കൂട്ടി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌

ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിമാന സര്‍വ്വീസുകളുടെ എണ്ണം കൂട്ടുകയാണ് ശ്രീലങ്ക. ബംഗളുരുവില്‍ നിന്നുള്ള രണ്ടാമത്തെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം ഒക്ടോബര്‍ 31 മുതല്‍ സര്‍വ്വീസ് തുടങ്ങും. പകല്‍ സമയത്തുള്ള ഷെഡ്യൂള്‍ ആയതിനാല്‍ യാത്രക്കാര്‍ കൂടുതലുണ്ടാകുമെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കണക്കുകൂട്ടല്‍. ഈ വിമാനം കൂടി വരുന്നതോടെ ബംഗളുരുവില്‍ നിന്നുള്ള പ്രതിവാര കൊളംബോ സര്‍വ്വീസുകളുടെ എണ്ണം പത്തായി ഉയരും. നിലവില്‍ ദിവസേന ഒരു സര്‍വ്വീസാണുള്ളത്. പുതിയ വിമാനം ആഴ്ചയില്‍ മൂന്നു ദിവസങ്ങളിലാണ്.

രാവിലെ പുറപ്പെടാം

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പുതിയ സര്‍വ്വീസ്. രാവിലെ 9.40 ന് ബംഗളുരുവില്‍ നിന്ന് പുറപ്പെട്ടാല്‍ 11.10 ന് കൊളംബോയില്‍ എത്താം. അതേ ദിവസങ്ങളില്‍ റിട്ടേണ്‍ ഫളൈറ്റുകളുമുണ്ട്. രാവിലെ 7.20 ന് കൊളംബോയില്‍ നിന്ന് പുറപ്പെട്ട് 8.40 ന് ബംഗളുരുവില്‍ എത്തും. ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദസഞ്ചാരത്തിനുമായി യാത്ര ചെയ്യുന്നവര്‍ക്ക് പകല്‍ ഷെഡ്യൂളുകള്‍ പ്രയോജനകരമാകുമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പ്രത്യാശ പ്രകടിപ്പിച്ചു. പ്രതിദിന സര്‍വ്വീസുകള്‍ പഴയ പോലെ തുടരും.

ഇന്ത്യയിലേക്ക് ഇപ്പോള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ആഴ്ചയില്‍ 90 വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. 9 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വ്വീസ്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ട്രിച്ചി, മധുര, ബംഗളൂരു എന്നീ നഗരങ്ങളില്‍ നിന്നാണ് കൊളംബോ സര്‍വ്വീസുകള്‍ ഉള്ളത്.

Related Articles
Next Story
Videos
Share it