പഞ്ചായത്തു തോറും 'ടേക്ക് എ ബ്രേക്ക്' തുടങ്ങിയോ? പൊതുശൗചാലയങ്ങളുടെ നിലവിലെ അവസ്ഥ ഇങ്ങനെയൊക്കെ

യാത്രകള്‍ ഹ്രസ്വദൂരമോ ദീര്‍ഘദൂരമോ ആകട്ടെ. യാത്ര പോകുമ്പോള്‍ ഏതൊരു കുടുംബത്തിന്റെയും ആശങ്കയാണ് വഴി മധ്യേ ശൗചാലയങ്ങളില്‍ പോകേണ്ട അവസ്ഥ. പ്രായമായവരും വനിതകളും ഭിന്നശേഷിക്കാരുമാണ് കൂടുതലായും ഈ പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ഇതിന് പരിഹാരമെന്ന നിലയിലാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ ദേശീയ-സംസ്ഥാന പാതയോരങ്ങളിലും ജനങ്ങള്‍ ഒരുമിച്ചെത്തുന്ന പ്രദേശങ്ങളിലും ഉന്നത നിലവാരമുള്ള പൊതു ശുചിമുറി സമുച്ചയം തയാറാക്കുക എന്ന ലക്ഷ്യത്തോടെ ടേക്ക് എ ബ്രേക്ക് എന്ന പേരില്‍ പദ്ധതി അവതരിപ്പിക്കുന്നത്.
സംസ്ഥാന വ്യാപകമായി 1842 ടോയ്‌ലറ്റ് യൂണിറ്റുകളാണ് പദ്ധതിയില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ലക്ഷ്യമിട്ടുളളത്. ഇതില്‍ 1223 എണ്ണത്തിന്റെ നിർമ്മാണം പൂര്‍ത്തിയായി, ഇവയില്‍ 861 യൂണിറ്റുകളാണ് പൂര്‍ണമായി പ്രര്‍ത്തനസജ്ജമായവ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ ഏതു സമയത്തും സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുന്ന വൃത്തിയും സുരക്ഷിതത്വവുമുളള ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്നവർക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി. ശുചിമുറികളുടെ പരിപാലന ചുമതല അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

ടേക്ക് എ ബ്രേക്കുകള്‍ മൂന്നു തരം

മൂന്നു തരം ശുചിമുറി സമുച്ചയങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. ഒരു ദിവസം 150 പേര്‍ ഉപയോഗിക്കാവുന്ന ബേസിക്ക് യൂണിറ്റുകള്‍, 150 ല്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് യൂണിറ്റുകള്‍, ആധുനിക സൗകര്യങ്ങളോടെയുളള പ്രീമിയം യൂണിറ്റുകള്‍ എന്നിവയാണവ. പ്രീമിയം തലത്തിലെ ശുചിമുറി കോംപ്ലക്സുകളോടു ചേര്‍ന്ന് കോഫി ഷോപ്പുകളും റിഫ്രഷ്മെന്റ് കേന്ദ്രങ്ങളും ഒരുക്കിയിരിക്കുന്നു.
സംസ്ഥാനത്ത് ടേക്ക് എ ബ്രേക്കുകളുടെ പ്രവര്‍ത്തനം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് സംസ്ഥാന ശുചിത്വ മിഷന്‍ ഡയറക്ടര്‍ പി. മുഹമ്മദ് ജാ പറഞ്ഞു. ചില സ്ഥലങ്ങളില്‍ ചെറിയ ന്യൂനതകളും പോരായ്മകളും കണ്ടേക്കാം. അവ എത്രയും വേഗം പരിഹരിക്കുന്നതിനുളള നടപടികളിലാണ് ശുചിത്വ മിഷന്‍. സംസ്ഥാനത്തുളള ടേക്ക് എ ബ്രേക്ക് യൂണിറ്റുകള്‍ എല്ലാം ഉള്‍പ്പെടുന്ന ഒരു മൊബൈല്‍ ആപ്പ് ശുചിത്വ മിഷന്‍ ഉടന്‍ പുറത്തിറക്കും. ക്ലൂ (KLOO) എന്ന് പേരിട്ടിരിക്കുന്ന ആപ്പില്‍ നോക്കിയാല്‍ ഉപയോക്താക്കള്‍ക്ക് യാത്ര ചെയ്യുന്ന വഴിയില്‍ എവിടെയൊക്കെയാണ് ശൗചാലയങ്ങള്‍ ഉളളതെന്നും പ്രീമിയം, ബേസിക്ക് വിഭാഗം അടക്കം ഏത് വിഭാഗത്തില്‍പ്പെട്ട ശൗചാലയങ്ങളാണ് ഉളളതെന്നും അറിയാന്‍ സാധിക്കും. അതിനനുസരിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ യാത്ര ക്രമീകരിക്കാനും സാധിക്കും.
1300 ഓളം ടേക്ക് എ ബ്രേക്ക് യൂണിറ്റുകളില്‍ 1000 ത്തോളം യൂണിറ്റുകളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് മികച്ച കാര്യമാണ്. വാഷ് (WASH) എന്ന എന്‍.ജി.ഒ ഇതു സംബന്ധിച്ച് സംസ്ഥാന വ്യാപകമായി സര്‍വേ നടത്തുന്നുണ്ട്. നന്നായി പ്രവര്‍ത്തിക്കാത്ത സ്ഥലങ്ങളിലെ പോരായ്മകള്‍ സര്‍വേയിലൂടെ കണ്ടെത്താന്‍ സാധിക്കും. നല്ല ഹോട്ടലുകളെയും ക്ലൂ ആപ്പിന്റെ ഭാഗമായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനുളള കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതാണെന്നും മുഹമ്മദ് ജാ പറഞ്ഞു.

പോരായ്മകള്‍

ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കുറഞ്ഞത് രണ്ട് എണ്ണം, നഗരസഭകളിൽ അഞ്ച്, കോര്‍പ്പറേഷനുകളിൽ എട്ട് എന്നിങ്ങനെ ടേക്ക് എ ബ്രേക്ക് യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്ഥാപനങ്ങൾ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ പേ ആന്‍ഡ് യൂസ് മാതൃകയിലാണ് യൂണിറ്റുകളുടെ പരിപാലനം നടത്തി വരുന്നത്.

പല പ്രദേശങ്ങളിലും ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ചിലത് പ്രവര്‍ത്തന ക്ഷമമല്ല എന്ന് ജനങ്ങള്‍ ആരോപിക്കുന്നത് പദ്ധതിയുടെ പോരായ്മയാണ്. പഞ്ചായത്തുകള്‍ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലങ്ങളോ കെട്ടിടങ്ങളുടെ പ്ലാനോ അത്ര നന്നാവത്തതു കൊണ്ട് പലതും അടഞ്ഞു കിടക്കുകയാണെന്ന പരാതികളും ഉയരുന്നുണ്ട്. ചില സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളായ വെള്ളവും വൈദ്യുതിയും ലഭ്യമല്ലാത്തതിനാൽ പ്രവര്‍ത്തിക്കാത്ത യൂണിറ്റുകളും ഉണ്ട്.
വാഷ് നടത്തുന്ന സര്‍വേയില്‍ ഇതുസംബന്ധിച്ച സമഗ്ര ചിത്രം ലഭിക്കുമെന്നാണ് കരുതുന്നത്. ചില പഞ്ചായത്തുകളില്‍ ടേക്ക് എ ബ്രേക്ക് നിര്‍മ്മിക്കാന്‍ സാധിച്ചില്ല, ചില സ്ഥലങ്ങളില്‍ വേറെ രീതിയില്‍ ഇത് ദുരുപയോഗപ്പെട്ടു, ചില സ്ഥലങ്ങളില്‍ ഇത് അടഞ്ഞു കിടക്കുന്നു എന്നിവ ഇതിന്റെ ന്യൂനതകളാണ്.
സര്‍വേ 80 ശതമാനത്തിലധികം പൂര്‍ത്തിയായിട്ടുണ്ടെന്ന് വാഷിന്റെ കേരളത്തിലെ ഉദ്യോഗസ്ഥനായ അഖിലേഷ് പറഞ്ഞു. കേരളത്തിലെ പൊതു ശൗചാലയങ്ങളെ സംബന്ധിച്ച് പല സ്ഥലങ്ങളിലും കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും നല്ല രീതിയില്‍ പരിപാലിക്കാനുളള സംവിധാനമില്ല എന്നത് പോരായ്മയാണ്. ഇന്‍ഫ്രാസ്ട്രെക്ചര്‍, ശുചിത്വം, ബൈ സ്ട്രെക്ചറുകള്‍ (സെപ്റ്റിക് ടാങ്ക്, വേസ്റ്റ് വാട്ടര്‍ ട്രീറ്റ് ചെയ്യാനുളള സൗകര്യങ്ങള്‍) തുടങ്ങിയവയില്‍ പിഴവ് സംഭവിച്ചാലും ശൗചാലയങ്ങള്‍ മോശമാകും.

ടേക്ക് എ ബ്രേക്കിലെ ചെമ്പറക്കി മാതൃക

ഈ അവസരത്തില്‍ എറണാകുളം പുക്കാട്ടുപടി
അടുത്ത് ചെമ്പറക്കി നടക്കാവ് എന്ന സ്ഥലത്തുളള ടേക്ക് എ ബ്രേക്ക് സൗകര്യം ശ്രദ്ധേയമാകുകയാണ്. 39 ലക്ഷം രൂപയ്ക്കാണ് 9,00 സ്ക്വയര്‍ ഫീറ്റുളള ഈ വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് റാമ്പ് അടക്കമുളള സൗകര്യങ്ങള്‍, അമ്മമാര്‍ക്കായി ഫീഡിംഗ് സൗകര്യം, വനിതകള്‍ക്കായി പാഡ് ഡിസ്ട്രോയര്‍ സൗകര്യം, കുളിക്കാനുളള സൗകര്യം, തുറസായ കഫറ്റേരിയ, സി.സി.ടി.വി തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
റോഡുകളില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്ന 80 കിലോമീറ്ററിലധികം വേഗതയുളള വാഹനങ്ങളെ വരെ കണ്ടെത്താന്‍ സാധിക്കുന്ന മികച്ച സാങ്കേതിക മികവ് പുലര്‍ത്തുന്ന രണ്ട് സി.സി.ടി.വി കള്‍ വിശ്രമകേന്ദ്രത്തിന് മുന്നിലായി പ്രത്യേകമായി ഘടിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി ഏറ്റെടുക്കുന്നത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ഈ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഡിവിഷനിലേക്ക് കിട്ടിയ മുഴുവന്‍ ഫണ്ടും ഇതിനായി വിനിയോഗിക്കുകയാണ് ചെയ്തതെന്ന് സൗത്ത് വാഴക്കുളം ഡിവിഷനിലെ കൗണ്‍സിലറായ കെ.എം സിറാജ് പറയുന്നു.
സ്വകാര്യ സംരംഭകര്‍ എങ്ങനെയായിരിക്കും ഇത്തരമൊരു പദ്ധതി പണിയുക അതിനനുസരിച്ചുളള എലിവേഷനാണ് വിശ്രമകേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. നന്നായി പ്രവര്‍ത്തനം മുന്നോട്ടു പോകുന്നു. നല്ല തിരക്കുണ്ട്. പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്ന 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെരിയാര്‍ വാലിയില്‍ നട്ട പ്രയോജനരഹിതമായ 21 അക്വേഷ്യ മരങ്ങള്‍ ലേലം നടത്തി ഏകദേശം രണ്ട് ലക്ഷം രൂപ സര്‍ക്കാരിന് ലഭ്യമാക്കാനും സാധിച്ചു.
കൈയേറ്റക്കാരുടെയും
സാമൂഹ്യ വിരുദ്ധരുടെയും ശല്യം ഒഴിവാക്കിയാണ് ഈ പ്രദേശത്ത് വിശ്രമകേന്ദ്രം സ്ഥാപിച്ചതെന്നും സിറാജ് പറഞ്ഞു.
ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്റ്റേഷന്‍, വ്യായാമത്തിനായി ജിം, കലാ- സാംസ്കാരിക പരിപാടികള്‍ നടത്തുന്നതിനുളള ഓപ്പണ്‍ സ്റ്റേജ്, കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള സൗകര്യം തുടങ്ങിയവ സമീപഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളാണ്.
മൂന്നാറിലേക്ക് പോകുന്ന ടൂറിസ്റ്റുകളും കോതമംഗലം പരിസര പ്രദേശങ്ങളില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് കാക്കനാട് വഴി പോകുന്നവരും ഈ ടേക്ക് എ ബ്രേക്ക് സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ദിവസവും 100 നും 300 നും ഇടയില്‍ ആളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. അവധി ദിവസങ്ങളിലും സീസണ്‍ സമയങ്ങളിലും 500 ല്‍ പരം ആളുകള്‍ ഇവിടെയെത്തുന്നു.
സര്‍ക്കാര്‍ സംവിധാനം ആയതിനാല്‍ പുറത്തു നിന്നുളള ഭക്ഷണം കൊണ്ടു വന്ന് അവിടെ കഴിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കുടംബശ്രീയാണ് നിലവില്‍ ഈ വിശ്രമകേന്ദ്രം നടത്തുന്നത്.

ഗുണനിലവാരമുള്ള പൊതു ശൗചാലയങ്ങള്‍ ഏതൊരു വികസിത സമൂഹത്തിന്റെയും അടിസ്ഥാന ആവശ്യങ്ങളില്‍പ്പെട്ടതാണ്. സാക്ഷരത, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ സംസ്ഥാനം പൊതു ശൗചാലയങ്ങളുടെ കാര്യത്തിലും വഴികാട്ടിയാകുകയാണ്. ടൂറിസത്തില്‍ വളരെയേറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംസ്ഥാനത്തിന് ഒഴിച്ചു കൂടാനാവത്ത പദ്ധതിയായി മാറുകയാണ് ടേക് എ ബ്രേക്ക്. നിലവിലെ പോരായ്മകള്‍ പരിഹരിച്ച് നിലവാരമുളള കൂടുതല്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതിയായി ടേക്ക് എ ബ്രേക്കുകളെ പരിപാലിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും അധികൃതരും മുന്‍ഗണന നല്‍കേണ്ടതുണ്ട്.

Sutheesh Hariharan
Sutheesh Hariharan - Chief Sub-Editor - sutheesh.hariharan@dhanam.in  
Related Articles
Next Story
Videos
Share it