എയര്‍ഇന്ത്യ-വിസ്താര ലയനം; ജോലി പോകുന്നവര്‍ വഴിയാധാരമാകില്ലെന്ന് ടാറ്റയുടെ ഉറപ്പ്
ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ഇന്ത്യയും വിസ്താര എയര്‍ലൈന്‍സും ലയിക്കുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന വിസ്താരയിലെ ജീവനക്കാര്‍ക്ക് ടാറ്റ ഗ്രൂപ്പില്‍ തന്നെ പുനര്‍നിയനമം ലഭിക്കും. ലയനത്തിന് മുന്നോടിയായി വിസ്താര എയര്‍ലൈന്‍സിലെ ജീവനക്കാര്‍ക്കുള്ള വി.ആര്‍.എസ് പദ്ധതി പ്രഖ്യാപിച്ചതിനൊപ്പമാണ് ജീവനക്കാര്‍ക്ക് ടാറ്റ ഗ്രൂപ്പ് ഈ ഉറപ്പ് നല്‍കിയിട്ടുള്ളത്. ലയനം നടപ്പാക്കുമ്പോള്‍ 600 നോണ്‍ ഫ്ലയിങ് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ഇവര്‍ക്ക് എയര്‍ഇന്ത്യയിലോ, ടാറ്റ ഗ്രൂപ്പിലോ ആയിരിക്കും ആവശ്യമെങ്കില്‍ നിയമനം നല്‍കുന്നത്.
പിരിഞ്ഞു പോകാന്‍ രണ്ട് വഴികള്‍
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത ഉടമയിലുള്ള വിസ്താരയില്‍ ജീവനക്കാരുടെ പുനക്രമീകരണത്തിന്റെ ഭാഗമായി രണ്ട് പദ്ധതികളാണ് ജീവനക്കാര്‍ക്ക് മുന്നില്‍ വെച്ചിട്ടുള്ളത്. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള സ്ഥിരം ജീവനക്കാര്‍ക്കായി വി.ആര്‍.എസും അഞ്ചു വര്‍ഷം തികയാത്ത ജീവനക്കാര്‍ക്കായി വി.എസ്.എസും (വോളണ്ടറി സെപ്പരേഷന്‍ സ്‌കീം). ഈ വിഭാഗങ്ങളില്‍ ഉള്ളവര്‍ ഓഗസ്റ്റ് 23 ന് മുമ്പ് അപേക്ഷ നല്‍കണമെന്നാണ് മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്. സ്ഥിരം ജീവനക്കാരും കരാര്‍ ജീവനക്കാരും ഉള്‍പ്പടെ വിസ്താരയില്‍ 6,500 ജീവനക്കാരാണ് ഉള്ളത്.
പൈലറ്റുമാര്‍ക്ക് ബാധകമാവില്ല
പൈലറ്റുമാര്‍, കാബിന്‍ ക്രൂ ഉള്‍പ്പടെ വിമാനത്തിനകത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വി.ആര്‍.എസ് പദ്ധതി ബാധകമാവില്ല. മറ്റുള്ളവര്‍ക്ക് എയര്‍ഇന്ത്യയെ ടാറ്റ ഏറ്റെടുത്തപ്പോള്‍ നടപ്പാക്കിയ വി.ആര്‍.എസ് മാതൃകയാണ് നടപ്പാക്കുന്നത്. നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് എയര്‍ ഇന്ത്യയും വിസ്താരയും. ലയനത്തിലൂടെ പുനക്രമീകരണം നടപ്പാക്കുമ്പോള്‍ ലാഭത്തിലെത്താനാകുമെന്നാണ് കണക്കു കൂട്ടല്‍. നിലവില്‍ രണ്ട് കമ്പനികളിലുമായി 23,000 ജീവനക്കാരുണ്ട്. ജീവനക്കാരുടെ മുന്‍കാല പ്രവര്‍ത്തന മികവ് കൂടി പരിഗണിച്ചാണ് വി.ആര്‍.എസ് പദ്ധതി നടപ്പാക്കുകയെന്നാണ് സൂചനകള്‍. വിസ്താര എയര്‍ലൈന്‍സില്‍ ടാറ്റ സണ്‍സിന് 51 ശതമാനം ഓഹരികളും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനം ഓഹരികളുമാണ് ഉള്ളത്.