തായ്‌ലന്‍ഡിലെ സുവര്‍ണഭൂമിയിലേക്ക് കൊച്ചിയില്‍ നിന്ന് നേരിട്ട് പറക്കാം, സര്‍വീസുമായി തായ് എയര്‍വേയ്‌സ്

കൊച്ചിയില്‍ നിന്ന് തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് (Suvarnabhumi Airptort/BKK) തായ് എയര്‍വേയ്‌സ് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുന്നു. വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാര്‍ച്ച് 31 മുതല്‍ സര്‍വീസിന് തുടക്കമാകുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (CIAL) വ്യക്തമാക്കി.

പ്രീമിയം ക്ലാസ് വിമാന സര്‍വീസുകള്‍ക്കാണ് തായ് എയര്‍വേയ്‌സ് തുടക്കമിടുക. നിലവില്‍ ബാങ്കോക്കിലെ ഡോണ്‍ മ്യൂയാങ് വിമാനത്താവളത്തിലേക്ക് (Don Mueang International Airport/DMK) എയര്‍ ഏഷ്യയുടെ പ്രതിദിന സര്‍വീസുണ്ട്.
ആഴ്ചയില്‍ 10 സര്‍വീസുകളിലേക്ക്
സുവര്‍ണഭൂമിയില്‍ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും തായ് എയര്‍വേയ്‌സിന്റെ കൊച്ചി സര്‍വീസ്. രാത്രി 10.40ന് സുവര്‍ണഭൂമിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം (TG347) 12.35ന് കൊച്ചിയിലെത്തും.
കൊച്ചിയില്‍ നിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ തിരികെയും പുറപ്പെടും. പുലര്‍ച്ചെ 1.40ന് പുറപ്പെടുന്ന വിമാനം (TG348) 7.35ന് സുവര്‍ണഭൂമിയിലെത്തും. തായ് എയര്‍വേസിന്റെ ഈ സര്‍വീസുകളോടെ കൊച്ചി-ബാങ്കോക്ക് സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 10 ആയി ഉയരും.
പ്രാദേശിക സര്‍വീസുകളും കൂട്ടും
രാജ്യാന്തര യാത്രകളുടെ ഹബ്ബായി മാറുന്നതിന്റെ ഭാഗാമായാണ് സിയാല്‍ കൂടുതല്‍ വിദേശ വിമാനത്താവളങ്ങളുമായുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നത്. ഇതോടൊപ്പം പ്രദേശിക റൂട്ടുകളും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സിയാല്‍.
കൊച്ചിയില്‍ നിന്ന് കണ്ണൂര്‍, മൈസൂര്‍, തിരുച്ചിറപ്പള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്ക് ഈമാസം തന്നെ അലയന്‍സ് എയര്‍ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമിടും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it