Begin typing your search above and press return to search.
വീസ വേണ്ടേവേണ്ട! ഇന്ത്യക്കാരെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്ത് ശ്രീലങ്കയും തായ്‌ലന്‍ഡും
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി പ്രഖ്യാപിച്ച വീസരഹിത പ്രവേശന പദ്ധതിയുടെ കാലാവധി നീട്ടി ശ്രീലങ്കയും തായ്‌ലന്‍ഡും. ഇരു രാജ്യങ്ങളിലേക്കും വീസയില്ലാതെ 30 ദിവസത്തെ സന്ദര്‍ശനം നടത്താവുന്ന പദ്ധതിയാണ് മേയ് 31 വരെ നീട്ടിയത്.
കഴിഞ്ഞ ഒക്ടോബറിലാണ് ശ്രീലങ്ക പരീക്ഷണ അടിസ്ഥാനത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗജന്യ വീസ സേവനം ആരംഭിച്ചത്. ശ്രീലങ്ക സൗജന്യ വീസ സേവനം നിറുത്തുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ സഞ്ചാരികളില്‍ ആശങ്കയ്ക്കിടയാക്കിയിരുന്നു.
ആഭ്യന്തര കലാപങ്ങള്‍ മൂലം ശ്രീലങ്കന്‍ വിനോദസഞ്ചാര മേഖല തകര്‍ച്ച നേരിട്ടിരുന്നു. ഇത് പരിഹരിക്കാനാണ് വീസ രഹിത പ്രവേശന പദ്ധതി ആരംഭിച്ചത്. 2023ല്‍ 14.8 ലക്ഷം വിനോദ സഞ്ചാരികളാണ് ശ്രീലങ്കയിലെത്തിയത്. ഇതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളാണ്. ഇന്ത്യയില്‍ നിന്ന് എളുപ്പത്തില്‍ എത്താമെന്നതും ദക്ഷിണേന്ത്യയുമായുള്ള ശ്രീലങ്കയുടെ ബന്ധവും ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാരണമാണ്.
തായ്‌ലന്‍ഡിലേക്കും സഞ്ചാരികളുടെ ഒഴുക്ക്
നവംബര്‍ 11 വരെയാണ് തായ്‌ലന്‍ഡ് സൗജന്യ വീസ സേവനം നീട്ടിയത്. 2023 നവംബര്‍ 10ന് തുടങ്ങിയ സേവനം ആദ്യം 2024 മേയ് 10 വരെയായിരുന്നു. ഈ സേവനം ആരംഭിച്ചതിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടെന്ന് തായ്‌ലന്‍ഡ് ടൂറിസം അതോറിറ്റിയുടെ കണക്കുകള്‍ കാണിക്കുന്നു. 2022 നവംബര്‍ മുതല്‍ 2023 ഏപ്രില്‍ വരെ ഇന്ത്യയില്‍ നിന്ന് 7,55,066 യാത്രാക്കാരാണ് എത്തിയത്. എന്നാല്‍ 2023 നവംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇത് 9,68,000 ആയി ഉയര്‍ന്നു. അതായത് 28.2 ശതമാനം വര്‍ധന. ഇതാണ് സൗജന്യ വീസ സേവനം നീട്ടാന്‍ തായ്‌ലന്‍ഡ് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്
തായ്‌ലന്‍ഡിന്റെ മുഖ്യ വരുമാനസ്രോതസുകളിലൊന്നാണ് വിനോദസഞ്ചാരം. രാജ്യത്തെ മൊത്തം തൊഴിലുകളുടെ 20 ശതമാനവും ടൂറിസം മേഖലയിലാണ്. മാത്രമല്ല 500 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന തായ്‌ലന്‍ഡ് സമ്പദ്‌വ്യവസ്ഥയുടെ 12 ശതമാനവും സംഭാവന ചെയ്യുന്നതും ടൂറിസം മേഖലയാണ്. 2027ഓടെ 8 കോടി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
സൗജന്യ വീസയുമായി 27ലധികം രാജ്യങ്ങള്‍
മുന്‍കൂര്‍ വീസയെടുക്കാതെ തന്നെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതാണ് സൗജന്യ വീസ സേവനം. ചില രാജ്യങ്ങള്‍ ഓണ്‍വേര്‍ഡ് യാത്ര രേഖകള്‍ തെളിവായി ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ എയര്‍പോര്‍ട്ട് അല്ലെങ്കില്‍ ഡിപ്പാര്‍ച്ചര്‍ ടാക്‌സ് നല്‍കേണ്ടതുണ്ട്. നിലവില്‍ മലേഷ്യ, ഇറാന്‍, റുവാന്‍ഡ തുടങ്ങി 27 ഓളം രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യ വീസ പ്രവേശനം നല്‍കുന്നുണ്ട്. 14 ദിവസം മുതല്‍ 180 ദിവസം വരെ വീസയില്ലാതെ തങ്ങാന്‍ അനുവദിക്കുന്ന രാജ്യങ്ങളുമുണ്ട്. പാസ്‌പോര്‍ട്ട്, അങ്ങോട്ടും തിരിച്ചുമുള്ള യാത്രാ ടിക്കറ്റ്, ആവശ്യത്തിനുള്ള ഫണ്ട് കൈവശമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍, താമസസൗകര്യത്തിനുള്ള രേഖകള്‍, യാത്രാ/മെഡിക്കല്‍ ഇന്‍ഷുറന്‍സുകള്‍, ക്രിമിനല്‍ റെക്കോഡ് ചെക്ക്, കസ്റ്റംസ് ആന്‍ഡ് ഡിക്ലറേഷന്‍ തുടങ്ങിയ രേഖകള്‍ വീസ ഫ്രീ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കരുതണം.
അതേസമയം, അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ വീസ ഇല്ലാതെ തന്നെ ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം. ഇതിനായി ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐ.ഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ മതിയാകും.
Next Story
Videos