'കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോവിഡ് കാലത്തും ഏറ്റവും സുരക്ഷിതം'

''ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ടൂറിസം മേഖലയ്ക്ക് അതിവിപുലമായ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതുകൊണ്ട് ഈ രംഗത്തെ സംരംഭകരുടെയും അതിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെയും കഷ്ടപ്പാടുകള്‍ മാറില്ല. അതുകൊണ്ട് ടൂറിസം മേഖലയില്‍ ബിസിനസ് വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്,'' കേരള ടൂറിസം വകുപ്പ് ഡയറക്റ്റര്‍ പി ബാല കിരണ്‍ ഐ എ എസ് പറയുന്നു. കോവിഡ് 19 നെ തുടര്‍ന്ന് മാസങ്ങളായി വരുമാനം നിലച്ചുകിടക്കുന്ന വിനോദസഞ്ചാരമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെന്തൊക്കെ, സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രാന്റ് ലഭിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടത്തുന്ന കാര്യങ്ങള്‍ ഇവയൊക്കെ ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബാല കിരണ്‍ ഐ എ എസ് വിശദീകരിക്കുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ വരുമാനം നിലച്ച ടൂറിസം മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്?

2018ലെ പ്രളയത്തില്‍ വന്‍ തിരിച്ചടിയാണ് കേരള ടൂറിസത്തിനുണ്ടായത്. ഒരു വര്‍ഷം നീണ്ടുനിന്ന വിപുലമായ മാര്‍ക്കറ്റിംഗ് കാംപെയ്‌നിലൂടെയാണ് കേരളം പ്രളയദുരിതത്തില്‍ നിന്ന് പുറത്തുകടന്നുവെന്നും സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നുവെന്നും ലോകത്തെ അറിയിച്ചത്. അതിന്റെ ഫലമായി കഴിഞ്ഞ 24 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികളാണ് 2019ല്‍ കേരളത്തിലെത്തിയത്. 2020ല്‍ അതിന്റെ തുടര്‍ച്ച പ്രതീക്ഷിക്കവേയാണ് കോവിഡ് ഭീതി വന്നത്. കേരളം മാത്രമല്ല ലോകം ഒട്ടാകെ മഹാമാരിയെ തുടര്‍ന്ന് സ്തംഭിച്ചു. ഏത് ദുരന്തം വന്നാലും ആദ്യം ബാധിക്കുന്നതും അവസാനം തിരിച്ചുവരുന്നതുമായ രംഗമാണ് ടൂറിസം. അതുകൊണ്ട് ഈ രംഗത്തെ സംരംഭകരെ സഹായിക്കാന്‍ കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച ആദ്യഘട്ടത്തില്‍ തന്നെ ആശ്വാസപദ്ധതി സംസ്ഥാനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ടൂറിസം വായ്പ സഹായ പദ്ധതിയെന്ന പേരിലുള്ള ഈ ആശ്വാസപാക്കേജ് 465 കോടി രൂപയുടേതായിരുന്നു. ടൂറിസം മേഖലയിലെ സംരംഭകര്‍ക്കായി ടൂറിസം വര്‍ക്കിംഗ് കാപ്പിറ്റല്‍ സപ്പോര്‍ട്ട് സ്‌കീം, ടൂറിസം എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം, ടൂറിസം ഹൗസ്‌ബോട്ട്‌സ് സപ്പോര്‍ട്ട് സ്‌കീം, ടൂറിസം ഗൈഡ്‌സ് സപ്പോര്‍ട്ട് സ്‌കീം എന്നിവ ഇതിന്റെ ഭാഗമായിരുന്നു. ഇത്രയും വിപുലവും വലുതുമായ ആശ്വാസപാക്കേജ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

ഹൗസ്‌ബോട്ട് ഉടമകള്‍ക്കായി പ്രഖ്യാപിച്ച പാക്കേജിന്റെ ഗുണഫലം അവര്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയുണ്ടല്ലോ?

ഇത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പത്തുമാസത്തോളമായി സര്‍വീസ് നിലച്ചുകിടക്കുന്ന ഹൗസ് ബോട്ടുകളുടെ അറ്റകുറ്റപണികള്‍ക്കായി നല്‍കുന്ന സര്‍ക്കാര്‍ ഗ്രാന്റാണിത്. ഗ്രാന്റ് നല്‍കാന്‍ ചില സാങ്കേതികത്വങ്ങളുണ്ട്. അനര്‍ഹര്‍ക്ക് അത് ലഭിക്കരുത്. അര്‍ഹരായവര്‍ക്ക് ലഭിക്കുകയും വേണം. അതുകൊണ്ട് പോര്‍ട്ട് സര്‍വൈയര്‍,പോര്‍ട്ട് എന്‍ജിനീയര്‍ പോലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്താല്‍ മാത്രമേ പണം കൈമാറാന്‍ പറ്റു. ഹൗസ്‌ബോട്ട് ഉടമകള്‍ നേരിടുന്ന പ്രായോഗിക പ്രശ്‌നം ശ്രദ്ധയില്‍ പെട്ടപ്പോള്‍ അക്കാര്യം പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനെ ധരിപ്പിച്ചിട്ടുണ്ട്. കൊല്ലം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ചുകൊണ്ട് സംരംഭകരെ സഹായിക്കാന്‍ ശ്രമം നടക്കുന്നു. ഈ ബുദ്ധിമുട്ട് പരിഹരിക്കപ്പെടും എന്നാണ് വിശ്വാസം.

പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ടൂറിസം മേഖലയിലെ പല സംരംഭകരും പിടിച്ചുനില്‍ക്കാനാകാതെ രംഗം വിടാന്‍ ഒരുങ്ങുകയാണ്. ഇവരെ പിന്തുണയ്ക്കാന്‍ എന്തെങ്കിലും നടപടികളുണ്ടോ?

ഒരു മാസം ശമ്പളം കിട്ടാതെ വന്നാല്‍ നമുക്കുണ്ടാകുന്ന പ്രശ്‌നം ഊഹിക്കാവുന്നതാണ്. അപ്പോള്‍ എട്ടുപത്തുമാസമായി വരുമാനം നിലച്ച മേഖലയില്‍ പിടിച്ചുനില്‍ക്കുക അതീവ ദുഷ്‌കരമാണ്. പാക്കേജുകള്‍ കൊണ്ട് ടൂറിസം മേഖലയിലെ സംരംഭകരെയും ജീവനക്കാരെയും താങ്ങിനിര്‍ത്താനാവില്ല. ബിസിനസ് തിരിച്ചുവന്നാല്‍ മാത്രമേ രക്ഷയുള്ളൂ.

ടൂറിസം മേഖലയെ ഉണര്‍ത്താന്‍ പലഘട്ടങ്ങളായുള്ള പരിപാടികള്‍ ഇതിനകം നടത്തിക്കഴിഞ്ഞു. പ്രാദേശികതലത്തിലെ സഞ്ചാരികളുടെ യാത്രകളെ പ്രോത്സാഹിപ്പിക്കാന്‍ കേരളം കാണാം എന്ന പരിപാടിയില്‍ ടൂറിസം വകുപ്പ് പങ്കാളികളായി. ഒക്ടോബര്‍ പത്തിന് നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു. അക്കാര്യം ഇന്ത്യയിലെ എല്ലായിടത്തും നമ്മള്‍ എത്തിച്ചുവരുന്നു. നവംബര്‍ ഒന്നോടെ ബിച്ചുകള്‍ ഉള്‍പ്പടെ മറ്റെല്ലാ ടൂറിസം കേന്ദ്രങ്ങളും സഞ്ചാരികള്‍ക്കായി തുറന്നു.

ആരും കോവിഡ് വരാന്‍ വേണ്ടി യാത്ര ചെയ്യില്ല. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് പുറം ലോകം അറിഞ്ഞാല്‍ സഞ്ചാരികള്‍ വരും. അതിനായി ഹൗസ് ബോട്ടുകള്‍, ഹോട്ടലുകള്‍, അഡ്വന്‍വെഞ്ചര്‍ ടൂറിസം കേന്ദ്രങ്ങള്‍, ആയുര്‍വേദ വെല്‍നസ് കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാവരും പിന്തുടരേണ്ട കോവിഡ് പ്രോട്ടോകോളും എസ് ഒ പിയും വിശദമായി തയ്യാറാക്കി. അവര്‍ അത് പിന്തുടരുന്നുമുണ്ട്.

ഏറ്റവും സുരക്ഷിതമാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ എന്ന കാര്യം സഞ്ചാരികളിലേക്ക് എത്തിക്കാന്‍ അതിവിപുലമായ കാംപെയ്‌നുകള്‍ ഉടനടിയുണ്ടാകും.

പുതുമയേറിയ ടൂറിസം ഉല്‍പ്പന്നങ്ങളോ കേന്ദ്രങ്ങളോ സര്‍ക്ക്യൂട്ടുകളോ കേരളം അവതരിപ്പിക്കുന്നുണ്ടോ?

2017ല്‍ കൊണ്ടുവന്ന ടൂറിസം നയത്തിന്റെ ഭാഗമായി കേരളത്തില്‍ പുതുതായി നിരവധി ടൂറിസം ഉല്‍പ്പന്നങ്ങളുണ്ടായിട്ടുണ്ട്. ലീഷര്‍ ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ നിന്ന് അഡ്വവെഞ്ച്വര്‍ ടൂറിസം, MICE ടൂറിസം, വെഡ്ഡിംഗ് ടൂറിസം, വെല്‍നസ് ടൂറിസം തുടങ്ങി പുതിയ മേഖലകളിലേക്ക് കേരളം കടന്നിരുന്നു.

നമ്മുടെ ടൂറിസം കേന്ദ്രങ്ങളൊക്കെ, താജ് മഹല്‍ പോലെയോ റെഡ് ഫോര്‍ട്ട് പോലെയോ പതിനായിരങ്ങള്‍ ഒരേ സമയം ഒത്തുകൂടുന്ന ഇടങ്ങളല്ല. പ്രകൃത്യാ തന്നെ സോഷ്യല്‍ ഡിസ്റ്റന്‍ഡിംഗ് സാധ്യമാവയാണ്. നമ്മുടെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, ഹൗസ് ബോട്ടുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ എല്ലാം തന്നെ ചുരുക്കം പേരെ ഉള്‍ക്കൊള്ളുന്ന സ്വകാര്യമായ ഇടങ്ങളാണ്. ആപത്തിന്റെ ഇക്കാലത്ത് ഇത് പുതിയ അവസരമാണ് തുറന്നിരിക്കുന്നത്.

ഇതോടൊപ്പം പ്രാദേശികമായ നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങളും ഉല്‍പ്പന്നങ്ങളും നമ്മള്‍ അവതരിപ്പിക്കുന്നുണ്ട്. നാല് പൈതൃക പദ്ധതികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. തലശ്ശേരി, മുസ് രിസ്, ആലപ്പുഴ, തിരുവിതാംകൂര്‍ പൈതൃക പദ്ധതികളില്‍ കോടികള്‍ ചെലവിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

നിലവില്‍ രണ്ടുകോടി സഞ്ചാരികളാണ് കേരളം സന്ദര്‍ശിക്കുന്നത്. കൂടുതലായി ഒരു കോടിയോളം ആളുകള്‍ ഇനിയും വരണം. അതിനായി പുതിയ കേന്ദ്രങ്ങള്‍ അവതരിപ്പിക്കണം. പരമ്പരാഗത ടൂറിസം സര്‍ക്ക്യൂട്ടുകള്‍ക്ക് പുറമേ പുതിയവ കൊണ്ടുവരുന്നത് അതുകൊണ്ടാണ്. മലബാറിലെ എട്ട് പുഴകളെ സംയോജിപ്പിച്ചുള്ള 48 ജെട്ടികള്‍ ഉള്‍ക്കൊള്ളുന്ന റിവര്‍ ക്രൂസ് ഈ വിഭാഗത്തിലെ വിപുലമായ ഒരു പദ്ധതിയാണ്.

ഇതോടൊപ്പം പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളോട് ചേര്‍ന്നു കിടക്കുന്ന അധികമാരും അറിയാത്ത പുതിയ ലൊക്കേഷനുകളും ഇപ്പോള്‍ സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്.

ഉത്തരവാദിത്ത ടൂറിസം രംഗത്തെ കേരളത്തിന്റെ പ്രവര്‍ത്തനം വിശദീകരിക്കാമോ?

ഉത്തരവാദിത്ത ടൂറിസം 2017 വരെ പൈലറ്റ് പ്രോജക്ട് തലത്തിലാണ് നടന്നിരുന്നത്. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നാം ഇക്കാര്യത്തില്‍ ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. ടൂറിസം രംഗത്തിന്റെ ഗുണഫലം വലിയ കോര്‍പ്പറേറ്റുകളിലേക്കോ സംരംഭകരിലേക്കോ മാത്രം ഒതുങ്ങാതെ പ്രാദശിക തലത്തിലെ സാധാരണക്കാരിലേക്ക് കൂടി വിന്യസിക്കപ്പെടണമെന്ന വിശാലമായ ലക്ഷ്യത്തോടെ നടപ്പാക്കപ്പെട്ട റെസ്‌പോണ്‍സിബ്ള്‍ ടൂറിസം മിഷനില്‍ (ആര്‍ ടി മിഷനില്‍) മുന്‍പ് 197 യൂണിറ്റുകള്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്നത് 20,000ത്തിലെത്തി. ഇതില്‍ തന്നെ 75 ശതമാനത്തോളം വനിതകളാണ്. ടൂറിസം മേഖലയെ കൂടുതല്‍ ജനകീയവും സുസ്ഥിരവും ഉത്തരവാദിത്ത സ്വഭാവമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ ടി മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ മെച്ചം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ കളിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് കുറേയേറെ സാധിച്ചിട്ടുണ്ട്.

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it