പാസ്‌പോര്‍ട്ടില്‍ കരുത്തന്‍ യു.എ.ഇ; വീസ ഇല്ലാതെ 180 സ്ഥലങ്ങളിലേക്ക് പറക്കാം

ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യു.എ.ഇക്ക് സ്വന്തം. വീസ ഇല്ലാതെ 180 വിദേശനഗരങ്ങളിലേക്ക് പറക്കാന്‍ യു.എ.ഇ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് കഴിയും. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചിക പ്രകാരമാണ് യു.എ.ഇ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 180 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വീസ ആവശ്യമില്ല. 127 രാജ്യങ്ങള്‍ യു.എ.ഇ പൗരന്‍മാര്‍ക്ക് ഫ്രീ വീസ പ്രവേശനം അനുവദിച്ചിട്ടുണ്ട്. അമ്പതിലേറെ രാജ്യങ്ങളിലേക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യവും ലഭ്യമാണ്. ഇതോടെ ലോകത്തെ 90 ശതമാനം രാജ്യങ്ങളിലേക്കും മുന്‍കൂട്ടി വീസ എടുക്കാതെ തന്നെ യാത്ര ചെയ്യാം. 18 രാജ്യങ്ങളിലേക്ക് മാത്രമാണ് മുന്‍കൂര്‍ വീസ ആവശ്യമായുള്ളത്. അടുത്തിടെ യു.എ.ഇയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി പത്ത് വര്‍ഷമായി വര്‍ധിപ്പിച്ചിരുന്നു. പൗരന്‍മാര്‍ വിദേശയാത്രകള്‍ കൂടുതലായി ചെയ്യുന്നതിനാല്‍ ഇടക്കിടെ പാസ്‌പോര്‍ട്ട് പുതുക്കുന്നത് ഒഴിവാക്കാനാണ് ഈ മാറ്റം.

രണ്ടാം സ്ഥാനത്ത് സ്‌പെയിന്‍

ആര്‍ടണ്‍ കാപിറ്റലിന്റെ പാസ്‌പോര്‍ട്ട് സൂചിക പ്രകാരം ലോകത്തെ രണ്ടാമത്തെ ശക്തമായ പാസ്‌പോര്‍ട്ട് സ്‌പെയിനിന്റേതാണ്. 179 രാജ്യങ്ങളിലേക്കാണ് സ്പാനിഷ് പൗരന്‍മാര്‍ക്ക് മുന്‍കൂട്ടി വീസ ആവശ്യമില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്നത്. മൂന്നാം സ്ഥാനത്ത് ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നിങ്ങിനെ 14 രാജ്യങ്ങളുണ്ട്. 178 രാജ്യങ്ങളിലേക്കാണ് പ്രവേശനം. സ്വീഡന്‍, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ നാലാം സ്ഥാനത്താണ്. 177 രാജ്യങ്ങളിലേക്ക് അവര്‍ക്ക് മുന്‍കൂര്‍ വീസ ആവശ്യമില്ല. അഞ്ചാം സ്ഥാനത്തുള്ള ചെക്ക് റിപബ്ലിക്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 176 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വീസ ഇല്ലാതെ യാത്ര ചെയ്യാനാകും.

Related Articles
Next Story
Videos
Share it