തായ്‌ലന്‍ഡില്‍ രണ്ടുമാസത്തേക്കൊരു 'സ്റ്റേക്കേഷന്‍' ആയാലോ അതും വിസയില്ലാതെ

തായ്‌ലന്‍ഡിലേക്കൊരു വിദേശയാത്ര നടത്താന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ജൂണ്‍ മുതല്‍ തായ്‌ലന്‍ഡിലേക്ക് ഇന്ത്യയടക്കമുള്ള 93 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മുന്‍കൂട്ടി വിസയെടുക്കാതെ യാത്ര ചെയ്യാം. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തായ് സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് തീരുമാനം.
കോവിഡ് മൂലം ആഗോളതലത്തില്‍ വിനോദസഞ്ചാര മേഖലയിലുണ്ടായ മാന്ദ്യം തായ്‌ലന്‍ഡിനെയും കാര്യമായി ബാധിച്ചിരുന്നു. ഇതില്‍ നിന്നും പുറത്തുകടക്കാന്‍ വിവിധ തരത്തിലുള്ള നടപടികളാണ് തായ്‌ലന്‍ഡ് ആവിഷ്‌കരിക്കുന്നത്. ജൂണ്‍ മുതല്‍ 93 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 60 ദിവസം വരെ വിസയില്ലാതെ രാജ്യത്ത് താമസിക്കുന്നതിനുള്ള അവസരമാണ് തായ്‌ലന്‍ഡ് ഒരുക്കുന്നത്.
തായ്‌ലന്‍ഡിലിരുന്ന് ജോലി ചെയ്യാം

ഓഫീസിലെത്തി ജോലി ചെയ്യേണ്ടതില്ലാത്ത റിമോട്ട് വര്‍ക്കേഴ്‌സിനെക്കൂടി ലക്ഷ്യമിട്ടാണ് തായ്‌ലന്‍ഡിന്റെ നീക്കം. ഇവര്‍ക്ക് 180 ദിവസം വരെ രാജ്യത്ത് കഴിയാനുള്ള അവസരമുണ്ട്. ഇത് അഞ്ച് വര്‍ഷത്തേക്ക് വരെ നീട്ടുകയും ചെയ്യാം. ഡിജിറ്റല്‍ നൊമാഡ് വിസ എന്നറിയപ്പെടുന്ന ഇത്തരം സൗകര്യം ഉപയോഗപ്പെടുത്തുന്നവര്‍ നിരവധിയാണെന്നും കണക്കുകള്‍ പറയുന്നു.

സ്റ്റേക്കേഷന്‍
പുതുതലമുറയിലെ പ്രഫഷണലുകള്‍ക്കിടയില്‍ ഇന്ന് വ്യാപകമായ തൊഴില്‍ സംസ്‌കാരമാണ് സ്റ്റേക്കഷന്‍. ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തില്‍ പോവുകയും അവിടെ ഇരുന്ന് ജോലികള്‍ ചെയ്യുകയുമാണ് സ്റ്റേക്കേഷന്‍ കൊണ്ടുദ്ദേശിക്കുന്നത്. കേരളത്തിലും ഇന്ന് വ്യാപകമായ സ്റ്റേക്കേഷന് വേണ്ടി വിദേശരാജ്യങ്ങള്‍ തിരഞ്ഞെടുക്കുന്നവരും ഏറെയാണ്.
തായ്‌ലന്‍ഡ് ഇന്ത്യക്കാരുടെ ഇഷ്ടയിടങ്ങളിലൊന്ന്
എല്ലാകാലത്തും ഇന്ത്യന്‍ യാത്രികരുടെ ഇഷ്ടയിടങ്ങളിലൊന്നാണ് തായ്‌ലന്‍ഡ്. കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന രുചികരമായ ആഹാരം, താമസം, നൈറ്റ് ലൈഫ്, മനം മയക്കുന്ന പ്രകൃതി ഭംഗി തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ബഡ്ജറ്റ് നിരക്കില്‍ തായ്‌ലന്‍ഡിലേക്ക് വിമാനത്തില്‍ യാത്രയും ചെയ്യാം. സോഷ്യല്‍ മീഡിയയുടെ വരവോടെ തായ്‌ലന്‍ഡ് ടൂറിസത്തിന് ഇന്ത്യാക്കാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താനും കഴിഞ്ഞിട്ടുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it