നവംബര്‍ 11 കഴിഞ്ഞാല്‍ ആകാശത്ത് വിസ്താരയില്ല, മറ്റു വിമാനക്കമ്പനികള്‍ മാത്രം
എയര്‍ ഇന്ത്യ-വിസ്താര എയർലൈൻസ് ലയനം അടുത്തിരിക്കെ, വിസ്താര സര്‍വ്വീസ് ഷെഡ്യൂളുകളില്‍ തീരുമാനമായി. നവംബര്‍ 11 വരെ മാത്രമായിരിക്കും വിസ്താരയുടെ സര്‍വ്വീസ്. അതിന് ശേഷം എല്ലാ വിസ്താര ഷെഡ്യൂളുകളും എയര്‍ ഇന്ത്യയുടെ ബാനറിലാകും സര്‍വ്വീസ് നടത്തുക. സെപ്തംബര്‍ മൂന്നു വരെയാണ് വിസ്താര ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകുക. അതിന് ശേഷമുള്ള ബുക്കിംഗുകള്‍ എയര്‍ ഇന്ത്യ വിമാനങ്ങളിലേക്ക് മാറും. നവംബര്‍ 11 ന് ശേഷം വിസ്താര ഫ്‌ളൈറ്റ് നമ്പരുകളിലും മാറ്റം വരും. ജീവനക്കാര്‍, സര്‍വ്വീസ് ഷെഡ്യൂളുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ 2025 വരെ മാറ്റങ്ങളുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ കാംപെല്‍ വില്‍സണ്‍ അറിയിച്ചു.
ലയനം അരികെ
എയര്‍ ഇന്ത്യയും വിസ്താര എയര്‍ലൈന്‍സും തമ്മിലുള്ള ലയനത്തിന്റെ മുന്നോടിയായാണ് പുതിയ ഷെഡ്യൂളുകള്‍. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നേരിട്ടുള്ള നിക്ഷേപത്തിന് അനുമതി ലഭിക്കുകയും ലയനത്തിനുള്ള സര്‍ക്കാര്‍ അനുമതികള്‍ പൂര്‍ത്തിയാകുകയും ചെയ്തത് ലയനം വേഗത്തിലാക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. വിസ്താരയുടെ വിമാനങ്ങളും ജീവനക്കാരും നവംബര്‍ 12 ന് എയര്‍ ഇന്ത്യയിലേക്ക് മാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി കൊംപെല്‍ വില്‍സണ്‍ അറിയിച്ചു. അനിശ്ചിതത്വത്തിലുള്ള ജീവനക്കാരുടെ കാര്യത്തിലും തീരുമാനങ്ങള്‍ എടുത്തുവരുന്നതായി അദ്ദേഹം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പ്രശ്ന രഹിതമായ ലയനത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നതായി വിസ്താര സി.ഇ.എ വിനോദ് കണ്ണനും വ്യക്തമാക്കി. രണ്ട് കമ്പനികളും ഒന്നാകുന്നതോടെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട നെറ്റ്‌വര്‍ക്കും സേവനവും നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് നിക്ഷേപ അനുമതി
ലയനവുമായി ബന്ധപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് ഇന്ത്യാ സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ലയനത്തിന് ശേഷം എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഷെയറുകളാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വാങ്ങുന്നത്. 2015 ല്‍ ആരംഭിച്ച വിസ്താര എയര്‍ലൈന്‍സ്, ടാറ്റ സണ്‍സിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ്. 2021 ലാണ് ഇന്ത്യാ സര്‍ക്കാരില്‍ നിന്ന് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ വാങ്ങിയത്. എയര്‍ ഇന്ത്യയുമായി വിസ്താര എയര്‍ലൈന്‍സിന്റെ ലയനം പൂര്‍ത്തിയായ ശേഷമാകും എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നിക്ഷേപം നടത്തുക.