ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ വിസ്താര വിമാനം തുര്‍ക്കിയില്‍ എത്തിയതിന് കാരണം ഇതാണ്

മുംബൈയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്ന വിസ്താര എയര്‍ വിമാനം തുര്‍ക്കിയിലെ എസൂറം വിമാനത്താവളത്തില്‍ ഇറക്കിയത് ബോംബ് ഭീഷണിയെ തുടര്‍ന്ന്. വെള്ളിയാഴ്ച വൈകീട്ട് മുംബൈയില്‍ നിന്ന് പുറപ്പെട്ട ബോയിംഗ് 787 വിമാനം അഞ്ചു മണിക്കൂര്‍ പറന്നതിന് ശേഷമാണ് അടിയന്തിരമായി ലാൻഡിംഗ് നടത്തിയത്. വിമാനം തുര്‍ക്കിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ഫ്രങ്ക്ഫര്‍ട്ടിലെത്താന്‍ മൂന്നര മണിക്കൂര്‍ കൂടി ബാക്കിയിരിക്കെയാണ് സംഭവം. വിമാനം വഴിതിരിച്ചു വിടാനുള്ള കാരണം എയര്‍ലൈന്‍ കമ്പനി വ്യക്തമാക്കിയില്ല. സുരക്ഷാകാരണങ്ങളാലാണ് നടപടിയെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം, വിമാനത്തില്‍ നിന്ന് ബോംബ് ഭീഷണിക്കത്ത് കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. തുര്‍ക്കിയില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കി, വിമാനത്തിനകത്ത് ബോംബ് സ്‌കാഡ് പരിശോധന നടത്തി. വിമാനത്താവളത്തില്‍ അടിയന്തിര നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. മറ്റു വിമാനങ്ങളുടെ സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഭീഷണി കത്ത് കിട്ടിയത് ടോയ്‌ലറ്റില്‍ നിന്ന്

വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നാണ് കാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് ഭീഷണി കത്ത് ലഭിച്ചത്. കത്തിലെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അടുത്തുള്ള തുര്‍ക്കിയിലെ വിമാനത്താവളത്തില്‍ ഇറക്കാന്‍ എമര്‍ജന്‍സി ലാന്റിംഗ് നിര്‍ദേശം നല്‍കുകയായിരുന്നു. വിമാനത്തിനകത്ത് നിന്ന് അപകടകമായ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ വിമാനം തുര്‍ക്കിയുടെ കിഴക്കൻ മേഖലയിലുള്ള എസൂറം വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ അതി പ്രധാനമായി കാണുന്നുവെന്നും വിസ്താര വക്താവ് പറഞ്ഞു.

Related Articles
Next Story
Videos
Share it