വിശ്വാസിയാണ്, എന്റെ മന:സാക്ഷിയില്‍

അജിത, അന്വേഷി സ്ഥാപക, സാമൂഹ്യപ്രവര്‍ത്തക

ഒരു ദിവസം തുടങ്ങുന്നതെങ്ങനെ?

രാവിലെ 6.15നു എഴുന്നേല്‍ക്കും. കുറച്ചു നേരം യോഗ ചെയ്യും.

ഭക്ഷണ ശീലങ്ങള്‍?

വളരെ കുറച്ചു ഭക്ഷണമെന്നതാണ് പോളിസി. ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഷുഗറും പ്രഷറുമൊക്കെയുണ്ട്. ആക്‌സിഡന്റിനുശേഷം ഒരു അലര്‍ജി ചുമയും കൂട്ടിനുണ്ട്. മീനും ഇറച്ചിയുമൊന്നും നിര്‍ബന്ധമില്ല. ചെറുപ്പത്തില്‍ സ്‌കൂള്‍ വെക്കേഷന്‍ കാലത്ത്, ബോംബെയില്‍ അമ്മവീട്ടിലെത്തിയാല്‍ അവിടത്തെ സസ്യാഹാരവുമായി പൊരുത്തപ്പെടാന്‍ വലിയ പ്രയാസമായിരുന്നു.

ഇവിടെ കോഴിക്കോട്ട് അച്ഛന്റെ വീട്ടില്‍ മീനും ഇറച്ചിയും നാളികേരമരച്ച കറികളുമൊക്കെ ശീലിച്ച എനിക്ക് അമ്മവീട്ടിലെ മധുരമുള്ള, വെളുത്തുള്ളിയൊന്നും ചേര്‍ക്കാത്ത ഭക്ഷണം ബുദ്ധിമുട്ടായിരുന്നു. അമ്മ ഇടയ്ക്കിടെ പുറത്തുകൊണ്ടുപോയി ഇഷ്ടമുള്ള ഭക്ഷണം വാങ്ങിത്തരുമായിരുന്നു.

ദൈവവിശ്വാസിയാണോ?

വിശ്വാസിയാണ്, എന്റെ മന:സാക്ഷിയില്‍. അതിനു ശരിയെന്നു തോന്നുന്നതേ ചെയ്യാറുള്ളൂ. ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലത്തിനനുസരിച്ച് മാറേണ്ടവയാണ്. അച്ഛനുമമ്മയും വിശ്വാസികളല്ലാതിരുന്നതുകൊണ്ട് അവരെന്നെയും സ്വതന്ത്രയായി ജീവിക്കാന്‍ വിട്ടു. കുട്ടിക്കാലത്ത് ബന്ധുക്കള്‍ക്കൊപ്പം ക്ഷേത്രങ്ങളില്‍ പോയപ്പോഴോ പുസ്തകപൂജയ്ക്ക് പങ്കെടുത്തപ്പോഴോ ഒന്നും അവരെന്നെ തടഞ്ഞിരുന്നില്ല.

സ്വയം വിലയിരുത്തുമ്പോള്‍?

ഞാന്‍ ഒരു ഫെമിനിസ്റ്റാണ്. സ്ത്രീകള്‍ക്ക് സമത്വവും സ്വാതന്ത്ര്യവും ജന്മാവകാശങ്ങളായി അംഗീകരിക്കപ്പെടും വരെ ഫെമിനിസത്തിനു പ്രസക്തിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.

കുടുംബം? കുട്ടികള്‍?

ബിസിനസുകാരനായ യാക്കൂബാണ് ഭര്‍ത്താവ്. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗാര്‍ഗിയും അഡ്വക്കേറ്റ് ആയ ക്ലിന്റും മക്കള്‍. അമ്മയും യാക്കൂബുമാണ് അവരെ വളര്‍ത്തിയത്. ഞാന്‍ അന്വേഷിയുടെ പ്രവര്‍ത്തനങ്ങളും മറ്റുമായി തിരക്കുകളിലായിരുന്നു.

അന്വേഷിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

കോഴിക്കോട് ആസ്ഥാനമായുള്ള സംഘടനയാണ് അന്വേഷി. കൗണ്‍സലിംഗ് സെന്ററും സ്ത്രീകള്‍ക്കായുള്ള ഷോര്‍ട്ട് സ്റ്റേ ഹോമും ആണിത്. കൂടുതലായും ഗാര്‍ഹികപീഡനക്കേസുകളും ലൈംഗികാതിക്രമക്കേസുകളുമാണ് ഇവിടെ കൈകാര്യം ചെയ്യേണ്ടിവരുന്നത്. ഒരു അഡ്വക്കേറ്റും ഒരു പാരാലീഗല്‍ സ്റ്റാഫും കൗണ്‍സിലര്‍മാരും ഇവിടെ ജോലി ചെയ്യുന്നു. ഷോര്‍ട്ട് സ്റ്റേ ഹോമില്‍ മൂന്ന് ജോലിക്കാരുണ്ട്. നിര്‍ഭയയുടെ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ഇത്രയും വര്‍ഷങ്ങളിലെ അനുഭവപരിചയം വെച്ച് സ്ത്രീകളുടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ ഒന്നു വിലയിരുത്താമോ?

ഇന്ന് സ്ത്രീകള്‍ കൂടുതലായി കാര്യങ്ങള്‍ തുറന്നു പറഞ്ഞു മുന്നോട്ടു വരാന്‍ തുടങ്ങിയെന്നതാണ് പ്രകടമായ മാറ്റം. നിയമസഹായം തേടാനും അക്രമങ്ങളെക്കുറിച്ച് പുറത്തുപറയാനും അവര്‍ തയ്യാറാവുന്നു. പ്രതികരണം കൂടുമ്പോള്‍ സ്വാഭാവികമായും അക്രമങ്ങളും ക്രമേണ കുറയുമെന്നു പ്രതീക്ഷിക്കാം. ആത്മഹത്യകളും കുറയുന്നുണ്ടാവുമെന്നാണ് വിശ്വസിക്കുന്നത്.

സമൂഹത്തില്‍ വരുന്ന മാറ്റങ്ങളില്‍ എന്തു തോന്നുന്നു?

നല്ലതും ചീത്തയുമായ മാറ്റങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളാണല്ലോ. സ്ത്രീകള്‍ മുന്നേറ്റത്തിന്റെ വഴിയിലാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്കും ദലിത്/ആദിവാസി/എല്‍ജിബിടി വിഭാഗങ്ങള്‍ക്കും നിയമനിര്‍മാണസഭകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉണ്ടായാല്‍ സമൂഹം ഇനിയും വികസനോന്മുഖമാകും. യുവത്വം സോഷ്യല്‍ മീഡിയയില്‍ തളയ്ക്കപ്പെട്ടുപോകുന്നോ എന്നു തോന്നാറുണ്ട്. വര്‍ഗീയത ഇന്നിന്റെ ഭീകരപ്രശ്‌നമാണ്. അതെന്നെ ഭയപ്പെടുത്തുന്നുണ്ട്.

മറ്റു പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

എട്ടു വര്‍ഷമായി അന്വേഷിയുടെ രാഷ്ട്രീയമുഖമെന്ന നിലയില്‍ 'സംഘടിതയെന്ന ഒരു സ്ത്രീ മാസിക ഇറക്കുന്നുണ്ട്. അതില്‍ മുഴുവന്‍ സ്ത്രീകളാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍പ് ഒരു കോര്‍പ്പറേറ്റ് ഫണ്ട് ഉണ്ടായിരുന്നു. ഇപ്പോള്‍ അത് ഗവണ്മെന്റ് സഹായത്തോടെയാണു പ്രവര്‍ത്തിക്കുന്നത്. അതിനെ ഒരു പബ്ലിഷിംഗ് കമ്പനി ആയി ഉയര്‍ത്തണമെന്നുണ്ട്. അന്വേഷിയുടെ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകണം. ഉടനെ എന്റെ ഒരു പുസ്തകം പുറത്തിറങ്ങുന്നുണ്ട്.

വ്യക്തിയെന്ന നിലയിലുള്ള ഇഷ്ടങ്ങള്‍?

എനിക്ക് സ്വര്‍ണമണിയാന്‍ ഇഷ്ടമല്ല. കാതുപോലും കുത്തിയിട്ടില്ല. യാത്രകള്‍ ഇഷ്ടമാണ്, പക്ഷേ ആരോഗ്യം സമ്മതിക്കുന്നില്ല. സിനിമകള്‍ ധാരാളം കാണും, പ്രത്യേകിച്ച് ന്യൂജെന്‍ സിനിമകള്‍. ഇപ്പോഴെന്റെ തിരക്കും ഇഷ്ടങ്ങളും നിശ്ചയിക്കുന്നത് പേരക്കുട്ടിയാണ്.

എന്തൊക്കെയാണ് ഹോബികള്‍?

പാട്ടുകേള്‍ക്കും, സിനിമാഗാനങ്ങളും നാടകഗാനങ്ങളും ഒരുപോലെയിഷ്ടമാണ്. പിന്നെ ടിവിയില്‍ കുട്ടികളുടെ പ്രോഗ്രാമുകള്‍ കാണാനിഷ്ടമാണ്. അവരുടെ പാട്ടും ഡാന്‍സും മേളവും നമുക്കൊരൂര്‍ജം തരും.

വായന?

നോവലുകള്‍ വായിക്കും. ആനുകാലികങ്ങള്‍ സെലക്ടീവ് ആയേ വായനയുള്ളൂ. ശ്രദ്ധേയമായ ലേഖനങ്ങള്‍ വരുമ്പോള്‍ ആരെങ്കിലും സജസ്റ്റ് ചെയ്യും. സമയക്കുറവുതന്നെ കാരണം.

ആരാണ് റോള്‍ മോഡല്‍?

ചെറുപ്പത്തില്‍ അച്ഛനുമമ്മയും തന്നെയായിരുന്നു എന്നെ ഏറെ സ്വാധീനിച്ച വ്യക്തികള്‍. അച്ഛനാണ് എന്റെ രാഷ്ട്രീയപ്രവേശനത്തിനു തറക്കല്ലിട്ടത്. അമ്മ അതിനെ അനുകൂലിച്ചു. പില്‍ക്കാലത്ത് സ്വാധീനിച്ചതാരാണെന്നു പേരെടുത്തു പറയാന്‍ പറ്റില്ല. പലരുടേയും പല ആശയങ്ങളുടേയും സ്വാധീനം ജീവിതത്തിലുണ്ടാകുമല്ലോ.

മറക്കാനാവാത്ത ഒരു അനുഭവം?

എന്റെ നക്‌സല്‍ബാരി സമയത്തെ ഏഴര വര്‍ഷത്തെ ജയില്‍ വാസക്കാലം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it