'മാറ്റണം, എനിക്ക് ആ ശീലം' : ആസിഫ് അലി

ഒരു ദിവസം ആരംഭിക്കുന്നത് എങ്ങനെ?

വീട്ടിലുള്ള ദിവസങ്ങളില്‍ നാലു പേരും ഒരുമിച്ച് (ഭാര്യയും രണ്ടു മക്കളുമൊപ്പം) ഒരു കിടക്കയിലാണ്ഉറക്കമെന്നതുകൊണ്ട് തിങ്ങിഞെരുങ്ങി ആസ്വദിച്ചാണ് എന്നും ഉണരുന്നത്. രാത്രി 10 മണിക്ക് ഓഫ് ചെയ്യുന്ന ഫോണ്‍ വീണ്ടും ഓണാക്കുന്നത് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞും.

ആഹാരശീലങ്ങള്‍, അനുഭവങ്ങള്‍?

ഫുഡ്ഡിയായതുകൊണ്ടാണ് കേരളത്തിന്റെ ഫുഡ് ക്യാപ്പിറ്റലായ കണ്ണൂരില്‍ നിന്ന് വിവാഹം കഴിച്ചത്. ആദ്യരാത്രി പുലര്‍ന്ന ശേഷമുള്ള ബ്രേക്ക്ഫാസ്റ്റിനു വിളമ്പിയ ചിക്കന്‍ കറിയില്‍ നിന്ന് ഒരു കഷണമെടുത്തപ്പോള്‍ ബാക്കിയുള്ള ചിക്കന്‍ കഷണങ്ങളും മാലമാലയായി വന്നു. എല്ലാ കഷണങ്ങളും നൂലു കൊണ്ട് കെട്ടിയിരുന്നു. നമ്മളെ കളിയാക്കുന്ന ഒരു തരം ഫുഡ് റാഗിംഗ്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

സിനിമയില്‍ വന്നത്

ജീവിതത്തില്‍ എടുത്ത ഏറ്റവും വലിയ തീരുമാനം?

അന്ന് ശ്യാം സാറിന്റെ (സംവിധായകന്‍ ശ്യാമപ്രസാദ്) കോളെടുത്തത്. ആദ്യ സിനിമയായ ഋതുവിനു മുമ്പു നടന്ന ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ തീരെ പ്രതീക്ഷയില്ലായിരുന്നു. കോളെടുക്കുന്ന സ്വഭാവം തീരെയില്ലാത്ത ഞാന്‍ ആ കോളെടുത്തു. പിന്നെ, 27 വയസായപ്പോള്‍ വിവാഹം കഴിക്കണമെന്ന് വീട്ടുകാരോടു പറഞ്ഞ് അറേഞ്ച്ഡ് മ്യാരേജ് നടത്തി.

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തികള്‍?

പ്രതിസന്ധികളില്‍ തളരാതെയും വലിയ തിരിച്ചുവരവ് കാണിച്ചു തന്നും പൃഥ്വിരാജ്; കുടുംബജീവിതത്തിന്റെ മൂല്യം കാണിച്ചു തന്നുകൊണ്ട് മമ്മൂക്കയും ലാല്‍സാറും (സംവിധായകനും നടനുമായ ലാല്‍); പോസിറ്റീവായി ചിന്തിക്കാന്‍ പഠിപ്പിച്ചുകൊണ്ട് ബിബിഎ പഠിച്ച കുട്ടിക്കാനം മരിയന്‍ കോളെജിലെ ജോജി സാര്‍.

അടുത്ത സുഹൃത്തുക്കള്‍?

വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. സ്‌കൂള്‍ ലീഡറായിരുന്നു. അന്നു മുതലേയുള്ള സുഹൃത്തായ ദീപുവാണ് ആദ്യകാലത്തെ എന്റെ കൊച്ചി ജീവിതത്തില്‍ സപ്പോര്‍ട്ടു ചെയതത്. കോഴിക്കോട് കെആര്‍എസ് ഗ്രൂപ്പിലെ അജുവും അടുത്ത സുഹൃത്താണ്.

ജീവിതത്തില്‍ നേരിടുന്ന വെല്ലുവിളി?

വളരെ ഇമോഷനലാണ്. ഉദാഹരണത്തിന് ഒരു സിനിമ വിജയിച്ചാല്‍ ഏറെ ആഹ്ലാദിക്കും, പരാജയപ്പെടുമ്പോള്‍ സങ്കടപ്പെടും.

റോഡ് റേജും കാര്യമായിട്ടുണ്ട്. ഡ്രൈവ് ചെയ്യുന്നവര്‍ അനീതി കാണിച്ചാല്‍ വണ്ടിയൊക്കെ നിറുത്തി ഇറങ്ങി ബഹളമുണ്ടാക്കും. കലി സിനിമ കണ്ടയുടന്‍ ഭാര്യ വിളിച്ചു പറഞ്ഞു ഇക്ക പോയി ഉടനെ ഇതു കാണണമെന്ന്

ഏറ്റവും വലിയ കുറ്റബോധം?

ഫോണ്‍ കോളെടുക്കാത്തത്. എന്നാല്‍ പലപ്പോഴും ഇതില്‍ ഹാപ്പിയുമാണ്. എവിടെയാണോ അവിടെ അപ്പോള്‍ അവിടെയുള്ളവരോടൊപ്പമായിരിക്കുകയാണ് ഇഷ്ടം. ഇത് മനസിലാക്കുന്ന ഇതുപോലെയുള്ള ആളാണ് ബിജുച്ചേട്ടന്‍ (നടന്‍ ബിജു മേനോന്‍). അതും ഈ കുറ്റബോധത്തിന് ഒരാശ്വാസമാണ്.

പുതിയ സിനിമകള്‍?

ബിടെകിന്റെ വിജയത്തില്‍ ഏറെ സന്തോഷം. ഉടന്‍ വരാനുള്ളത് മന്ദാരം, ഇബ്‌ലീസ്

പേഴ്‌സില്‍ എത്ര രൂപ കരുതും?

പേഴ്‌സു തന്നെ ഇല്ല. രൂപയും കരുതാറില്ല. ഒരു കാര്‍ഡ് ഉണ്ടാകും. ഒരിക്കല്‍ ടോളില്‍ പണത്തിന്റെ ആവശ്യം വന്നു. അവിടെ ഇരിക്കുന്ന ബംഗാളി നമ്മളെ തിരിച്ചറിഞ്ഞുമില്ല. എന്നാലും അടുത്തുള്ള

എറ്റിഎം കാണിച്ചു തന്ന് സഹായിച്ചു.

താങ്കളുടെ ഊര്‍ജസ്വലതയുടെ രഹസ്യം?

എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞവരുമായാണ് എപ്പോഴും കൂട്ടുകെട്ട്. സ്വതവേ ഹൈപ്പര്‍ ആക്റ്റീവാണ്.

അടുത്ത കാലത്ത് തോന്നിയ ഇഷ്ടം/താല്‍പ്പര്യം?

ആരോഗ്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങി. വര്‍ക്ക് ഔട്ട് തുടങ്ങി. ആരോഗ്യത്തിനിണങ്ങുന്ന ഭക്ഷണ സാധനങ്ങളും തെരഞ്ഞെടുക്കുന്നു.

മാറ്റാന്‍ കഴിയാത്ത ശീലം?

അതു തന്നെ. പൊതുവേ ഫോണ്‍ കോള്‍സ് അറ്റന്‍ഡ് ചെയ്യാറില്ല. ഫോണിനോട് അഡിക്ഷനില്ല. അതൊരു ശീലമായിപ്പോയി.

ദേഷ്യം എങ്ങനെയാണ് നിയന്ത്രിക്കുന്നത്?

നിയന്ത്രിക്കാറില്ല.

മറ്റാര്‍ക്കും നല്‍കാനാവാത്ത ജോലി?

സിനിമകളുടെ കഥ കേട്ട് അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ജോലി. അത് ഞാന്‍ ഏറെ ആസ്വദിക്കുന്നു.

സ്വന്തം സ്വഭാവത്തില്‍ നിന്ന് മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യം?

ഫോണ്‍ കോളെടുക്കാത്ത സ്വഭാവം

ഇഷ്ടഗാനങ്ങള്‍?

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍,

മെ ശായദ് തോ നഹീം, മച്ചാനെ മച്ചാനെ മച്ചു...

ഇഷ്ട സിനിമകള്‍?

ക്ലാസിക്കുകള്‍ക്കൊപ്പം ഇഷ്ടമാണ് മനു അങ്ക്ള്‍, വാരണം ആയിരം എന്നീ സിനിമകള്‍. കുട്ടിക്കാലത്ത്

മനു അങ്കിള്‍ കാണിച്ചാണ് എനിക്ക് ചോറു തന്നിരുന്നത്. ചില കാസറ്റുകള്‍ നമ്മള്‍ ആര്‍ക്കും കടം കൊടുക്കാറില്ലല്ലോ - എന്റെ ആ കാസറ്റായിരുന്നു മനു അങ്ക്ള്‍. എത്ര തവണ കണ്ടിട്ടുണ്ടാകുമെന്ന് എണ്ണാന്‍ കഴിയില്ല. വാരണം ആയിരത്തിലെ പിതൃ-പുത്രബന്ധം കണ്ട് ശരിക്കും കണ്ണുനിറഞ്ഞു.

താങ്കളെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം?

ഞാന്‍ ഭയങ്കര ഫണ്‍ ലൗവിംഗാണ്, സീരിയസല്ല, ജനുയിനാണ്.

Related Articles
Next Story
Videos
Share it