എന്റെ ജീവിതത്തിലെ അടുത്ത ഘട്ടം സന്യാസമാണ്

ഒരു ദിവസം തുടങ്ങുന്നത് എങ്ങനെയാണ്?

എഴുതുന്ന ദിവസമാണെങ്കില്‍ ആറ് മണിക്ക് ഉണരും, കുറച്ചു നേരം യോഗ. അത് കഴിഞ്ഞ് കുളിച്ച് അമ്പലത്തില്‍ പോകും. അവിടുത്തെ അന്തരീക്ഷം എനിക്ക് വളരെ ഇഷ്ടമാണ്. തിരിച്ച് വന്ന് എഴുതാനിരുന്നാല്‍ പിന്നെ ഒന്നും ശ്രദ്ധിക്കില്ല. ഉച്ചഭക്ഷണം ഇല്ല. അഞ്ച് ആറ് മണിയാകുമ്പോള്‍ എന്തെങ്കിലും കഴിക്കും, രാത്രി ഉറങ്ങാതെ എഴുതും. എഴുതാത്ത ദിവസങ്ങളില്‍ ഈ ചിട്ടയൊന്നുമില്ല.

എഴുത്തുകാരിയുടെ 'സ്വന്തമായൊരു മുറി' എവിടെയാണ്?

മുന്‍പ് ഒരു സ്ഥലം എഴുതാനായി വാടകയ്ക്ക് എടുത്തിരുന്നു. എഴുത്ത് മിക്കവാറും അവിടെയായിരുന്നു. അല്ലെങ്കില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കൂട്ടുകാരുടെ ഒഴിഞ്ഞ വീടുകളില്‍, ചിലപ്പോള്‍ മകളുടെ കൂടെ.

എഴുത്തിന് കൃത്യമായ ടൈം ടേബിളും ഡെഡ്‌ലൈനും വയ്ക്കാറുണ്ടോ?

കഥകള്‍ കൊടുക്കാമെന്ന് സമ്മതിച്ച തീയതി അടുക്കുമ്പോള്‍ എനിക്ക് വലിയ വെപ്രാളമാണ്. അങ്ങനെയുള്ളപ്പോള്‍ ആശയവും പെട്ടെന്ന് കിട്ടും, എഴുത്തും വേഗം തീരും, എന്ത് എഴുതി അയച്ചാലും പിന്നീട് ഒരു തിരുത്ത് ഉണ്ടാകുകയും ചെയ്യും. പലപ്പോഴും കഥയുടെ അവസാനം ഞാന്‍ മാറ്റി എഴുതി വീണ്ടും അയക്കുകയാണ് പതിവ്.

ഇപ്പോള്‍ വായിക്കുന്ന പുസ്തകം?

അനിതാ നായര്‍ എഴുതിയ 'Eating Wasps'.

പ്രിയപ്പെട്ട എഴുത്തുകാര്‍?

എല്ലാവരും പ്രിയപ്പെട്ടവര്‍ തന്നെ. മാര്‍ക്വേസാണ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്, എന്റെ ഭാഷ മെച്ചപ്പെടുത്താന്‍ സഹായിച്ചത്

ഇ.വി കൃഷ്ണപിള്ളയുടെ ലേഖനങ്ങളാണ്. എടുത്തു പറയേണ്ട ഒരാള്‍ എസ്.വി വേണുഗോപന്‍ നായര്‍ ആണ്. സാറിന്റെ കഥകള്‍ എല്ലാം ചെറുപ്പകാലത്ത് എനിക്ക് കാണാപ്പാഠമായിരുന്നു.

സിനിമയ്ക്ക് വേണ്ടി കഥയെഴുതുമോ?

സ്ത്രീകള്‍ തിരക്കഥാരംഗത്ത് ഇല്ലാതിരുന്ന സമയത്ത് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ അഞ്ജലി മേനോനും

ശ്രീബാലയുമെല്ലാം സജീവമായുള്ളപ്പോള്‍ അതിനായി ശ്രമിക്കണമെന്ന് തോന്നുന്നുമില്ല. മാത്രമല്ല, എഴുത്തിന്റെ ലോകത്ത് ഞാന്‍ വളരെ ഹാപ്പിയാണ്.

സാഹിത്യരംഗത്തെ ഏറ്റവും അടുത്ത സുഹൃത്ത്?

പ്രിയ എ.എസ്.

ഒരുപാട് സന്തോഷം തോന്നിയ ഒരു നിമിഷം?

സന്തോഷിക്കാന്‍ എപ്പോഴും ഒരുപാട് കാര്യങ്ങളുണ്ട്. യുവ എഴുത്തുകാരിയ്ക്കുള്ള ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് ലഭിച്ചത്, ഞാന്‍ ഒരുപാട് ആരാധിക്കുന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പിങ്കി വിറാനി ചണ്ഡീഗഡ് ലിറ്റററി ഫെസ്റ്റിവലിനിടയ്ക്ക് വന്ന് കെട്ടിപ്പിടിച്ച് സംസാരിച്ചത്.

ഏറ്റവും വലിയ നേട്ടമായി കരുതുന്നത് എന്താണ്?

എന്റെ എഴുത്ത് വളരെ നല്ലതാണ് എന്നൊരിക്കലും തോന്നിയിട്ടില്ല, അതുകൊണ്ട് ഞാന്‍ എന്തൊക്കെയോ നേടി എന്നും കരുതുന്നില്ല. ഇക്കാര്യത്തില്‍ ഒട്ടും ആത്മവിശ്വാസമില്ല എനിക്ക്. ഇനിയും കൂടുതല്‍ നന്നാക്കാമായിരുന്നു എന്നാണു എപ്പോഴും ചിന്തിക്കാറുള്ളത്.

ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് ആരാണ്?

അനിയത്തി താര. ചെറുപ്പം മുതലേ ഞാന്‍ എന്ത് ചെയ്താലും 'അക്കേ, ഇതെന്തൊരു മണ്ടത്തരമാണ്' എന്ന് പറഞ്ഞു എന്നെ ഒതുക്കാന്‍ അവള്‍ക്ക് വലിയ ഇഷ്ടമാണ്.

സ്ത്രീകളോട് പുരുഷന്മാര്‍ക്ക് ഇപ്പോള്‍ വല്ലാത്ത അസഹിഷ്ണുത ഏറുന്നുണ്ടോ?

ഇന്ന് സ്ത്രീകള്‍ക്ക് കൂടുതല്‍ അറിവുണ്ട്, അഭിപ്രായങ്ങളുണ്ട്, ഫെമിനിസവും മൗലികമായ അവകാശങ്ങളും ഒന്നു തന്നെയാണെന്ന തിരിച്ചറിയല്‍ തന്നെ വളരെ പ്രധാനപ്പട്ടതാണ്. എന്നാല്‍ ഇത്തരത്തിലൊരു മാറ്റം പുരുഷന്മാര്‍ക്കുണ്ടായില്ല. ശാക്തീകരിക്കപ്പെട്ട സ്ത്രീകളെ എങ്ങനെ നേരിടണമെന്ന് പുരുഷന്മാര്‍ക്ക് അറിയില്ല, എറിയാനല്ലാതെ തിരിച്ച് ഏറുകൊള്ളാന്‍ കഴിയാത്തവരായാണ് നമ്മുടെ പുരുഷന്മാരെ വളര്‍ത്തുന്നത്. അതിന്റെ പ്രശ്‌നമാണ്.

മീറ്റൂ തുറന്നു പറച്ചിലുകളെ എങ്ങനെ കാണുന്നു?

ഒരു ശുദ്ധീകരണ പ്രക്രിയയാണിത്. പക്ഷേ, ഇതൊരു വലിയ പാഠമാണ്. പുരുഷന്മാര്‍ ഇതോടെ കുറച്ചുകൂടി നല്ല മനുഷ്യരായി മാറും എന്നാണു ഞാന്‍ കരുതുന്നത്. മാപ്പ് പറയാനും പശ്ചാത്തപിക്കാനും മാത്രമല്ല പുതിയ കാലത്തെ സ്ത്രീകളെ കുറച്ചുകൂടി നന്നായി മനസിലാക്കാനും പഴയ കാഴ്ചപ്പാടുകള്‍ മാറ്റാനുമുള്ള ഒരു അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

യാത്ര പോകാന്‍ ആഗ്രഹമുള്ള സ്ഥലം?

ഭൂട്ടാന്‍

പണം ചെലവഴിക്കുന്നത് എങ്ങനെയാണ്?

മറ്റുള്ളവര്‍ക്ക് സമ്മാനങ്ങള്‍ വാങ്ങും. പിന്നെ സാരികള്‍. കുറച്ച് സ്ഥലം വാങ്ങിയതല്ലാതെ വേറെ നിക്ഷേപമൊന്നുമില്ല. ഒരു ഫിക്‌സഡ് ഡെപ്പോസിറ്റ് പോലും.

ആത്മീയതയെക്കുറിച്ചുള്ള കാഴ്ചപ്പാട്?

അടുത്ത ഘട്ടം സന്യാസമാണ്. അത് ഞാന്‍ ചെറുപ്പത്തിലേ തീരുമാനിച്ചതാണ്. എല്ലാ ചിട്ടവട്ടങ്ങളും പാലിച്ച് ഞാന്‍ സന്യാസം സ്വീകരിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it