എന്റെ ശക്തി, എന്റെ ആത്മവിശ്വാസം

എങ്ങനെയാണ് ഒരു ദിവസം തുടങ്ങുന്നത്?

കാലത്ത് മൂന്നു മണിക്ക് എഴുന്നേല്‍ക്കും. കുറേ നേരം പാട്ടുകള്‍ കേള്‍ക്കും. കച്ചേരികള്‍ ആണ് കേള്‍ക്കുക. ഇടയ്ക്കു വീണ്ടും ഒരുറക്കം. ആറു മണിയോടെ പ്രഭാതചര്യകള്‍.
പിന്നെ എഴുതാനുണ്ടെങ്കില്‍ അത് തുടങ്ങി വെക്കും. മുഴുമിപ്പിക്കുന്നത് എപ്പോഴുമാവാം. അതിനു കൃത്യ സമയമൊന്നുമില്ല. പിന്നെ പ്രഭാതഭക്ഷണം. അത് കഴിഞ്ഞ് ഫിസിയോ തെറാപ്പിക്കു പോകും. അസുഖം വന്നതിനു ശേഷം ഉണ്ടായ ശീലമാണത്.

ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം?

ഇഡ്ഡലി, പുട്ട്... അങ്ങനെ എന്തെങ്കിലും നാടന്‍ പലഹാരങ്ങളും കറിയും. തേങ്ങാപ്പാല്‍ എല്ലാ പലഹാരത്തിനുമൊപ്പം കഴിക്കും.

എഴുത്തിന്റെ തിരക്കുകളിലേക്ക് അസുഖം കയറിവന്നപ്പോള്‍ എങ്ങനെ നേരിട്ടു?

ആദ്യം പതറി. വീട്ടില്‍ പൂജ ചെയ്യുന്നതിനിടെ ലളിതാസഹസ്രനാമം ചൊല്ലുമ്പോള്‍ നാക്കിനൊരു കുഴച്ചില്‍ ആയാണ് പക്ഷാഘാതം ആദ്യമെത്തിയത്. സംസാരത്തേയും ചലനത്തേയുമാണ് അത് ബാധിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍ വഴി അന്നുതന്നെ വെല്ലൂരില്‍ ചികിത്സ തുടങ്ങി. അതൊരു വിഷമകാലം തന്നെയായിരുന്നു.

സംഗീതം സാന്ത്വനമായി. മൊബൈലില്‍ തംബുരു കേട്ടുകൊണ്ടിരിക്കും. ഒപ്പം ഓംകാരം മൂളാന്‍ ശ്രമിക്കും. തംബുരു എന്റെ നാഡീവ്യൂഹങ്ങളില്‍ ചലനങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. അവിടെ വെച്ചാണ് ദക്ഷിണാമൂര്‍ത്തിസാറിന്റെ അവസാന സിനിമയ്ക്കു വേണ്ടി ഞാന്‍ പാട്ടെഴുതുന്നത്. ഞങ്ങളൊന്നിച്ചുള്ള ആദ്യ സിനിമയുമായിരുന്നു അത്. എനിക്കു ചെയ്യുവാന്‍ പറ്റുമോയെന്ന സന്ദേഹം ദക്ഷിണാമൂര്‍ത്തിസാറും ഡോക്ടര്‍മാരും ചേര്‍ന്നു മാറ്റിയെടുത്തു.

ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തി?

ദാസേട്ടന്‍. ആ പ്രതിഭയും സമര്‍പ്പണവും എളിമയും എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു. പിന്നെ എന്റെ ഭാര്യ. അസുഖത്തിനു ശേഷം എന്റെ നിഴലുപോലെ അവള്‍ സദാ ഒപ്പമുണ്ട്. പണ്ട് തിരക്കിന്റെ കാലത്തും കുറേനാള്‍ വീടുവിട്ടു നില്‍ക്കാന്‍ എനിക്ക് പറ്റില്ലായിരുന്നു.

സംഗീതലോകത്തു വന്നുചേര്‍ന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു?

ഒരു ശാന്തിക്കാരന്‍. 'നേതി നേതി' എന്ന മഹാവാക്യമാണ് എന്നെ ഇവിടെ വരെയെത്തിച്ചത്. ഇതല്ല എന്റെ ലക്ഷ്യം, ഇനിയും പോകാനുണ്ട്.... എന്നാണ് എപ്പോഴും ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അസുഖമെന്നെ തളര്‍ത്താത്തതും. എനിക്കിനിയും പലതും ചെയ്യാനുണ്ട്.

ദൈവഭക്തനാണോ?

തീര്‍ച്ചയായും അതെ. എന്നാല്‍ അതിനെ ഭൗതികതലത്തില്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമില്ല. എന്നെ എനിക്കു വിശ്വാസമാണ്. സത്യം, ധര്‍മ്മം, സ്‌നേഹം എന്നിവയാണ് എന്റെ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം.

ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം ഗാനം?

പലതുണ്ട്. എന്നാലും ലോഹിതദാസും ഭരതേട്ടനും ഒന്നിച്ചുള്ള 'അമരം' എന്ന സിനിമയിലെ 'വികാരനൗകേ' എന്ന പാട്ട് എനിക്കേറെ പ്രിയപ്പെട്ടതാണ്.

സ്വന്തം വ്യക്തിത്വത്തിലെ ശക്തി എന്താണ്?

എന്റെ ആത്മവിശ്വാസം. 2004ല്‍ ഞാന്‍ എഴുതിയ 'നില്ല് നില്ല് നീലക്കുയിലേ' എന്ന ഗാനമാണ് 2018ലെ ഒരു സൂപ്പര്‍ഹിറ്റ് ഗാനം. എതു അഭിരുചിക്കാരേയും ആകര്‍ഷിക്കാനാവുന്ന ഗാനങ്ങളെഴുതാനാവുമെന്ന വിശ്വാസം എനിക്കുണ്ട്.

സ്വന്തം ദൗര്‍ബല്യം?

ഇതര ഭാഷാനൈപുണ്യം കുറവാണ്. പല ഭാഷകളിലെയും
പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ അര്‍ത്ഥമറിഞ്ഞാസ്വദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ചിന്തിക്കാറുണ്ട്

ഈയടുത്ത് ഏറ്റവും സന്തോഷം തോന്നിയ ഒരു സന്ദര്‍ഭം?

പ്രളയക്കെടുതിയില്‍ പ്രതീക്ഷ കൈവിടാതെ കേരളമൊന്നായി ചേര്‍ന്നുനിന്നത് ഏറെ സന്തോഷം നല്‍കി. പിന്നെ, വ്യക്തിപരമായി പറയുമ്പോള്‍, എന്റെ സിനിമാജീവിതം അടിസ്ഥാനമാക്കി റെഡ് എഫ് എം ഒരു ഇവന്റ് ചെയ്തു. അന്നവിടെ മോഹന്‍ലാല്‍ എന്നെ ചേര്‍ത്തുപിടിച്ച് പഴയ കാലം അനുസ്മരിച്ചു. 'കണ്ണീര്‍പ്പൂവിന്റെ കവിളില്‍' എന്ന ഗാനം ആലപിക്കുകയും ചെയ്തു.

സ്വാതി തിരുനാള്‍ കലാകേന്ദ്രം തുടങ്ങിയതിന്റെ ഉദ്ദേശ്യം?

ജീവിതത്തില്‍ എന്റേതായൊരു മുദ്ര വെച്ചിട്ടു പോകാമെന്നു കരുതി തുടങ്ങിയതാണ്. അവിടം അടിസ്ഥാനമാക്കിയാണ് മ്യൂസിക് തെറാപ്പിയുടെ പ്രവര്‍ത്തനങ്ങളും.

ഇപ്പോഴത്തെ സിനിമാരംഗത്തെ പ്രവണതകളെക്കുറിച്ച്?

പണ്ട് സിനിമ സഹകരണത്തിന്റെ ഒരു ഒത്തുചേരല്‍ കൂടിയായിരുന്നു; സിനിമയുടെ എല്ലാ കാര്യങ്ങളിലും എല്ലാവരും സഹകരിക്കുമായിരുന്നു. ഇപ്പോള്‍ ഓരോരുത്തരും അവരവരുടെ ഭാഗം മാത്രം ശ്രദ്ധിക്കുന്നു.

ഭാവി പരിപാടികള്‍?

ഞാനൊരു സിനിമയെടുത്തിരുന്നു. താരനിബിഡമല്ലാത്തതുകൊണ്ടാവണം അതിനിയും പുറത്തിറങ്ങിയിട്ടില്ല. എപ്പോഴും പ്രസക്തമായ ഒരു വിഷയമാണ് ആ സിനിമ. അതുകൊണ്ട് അത് തീയേറ്ററുകളിലെത്തിക്കണം. അതാണ് അടുത്ത ലക്ഷ്യം. പിന്നെ സംഗീത ചികിത്സയില്‍ കുറേക്കൂടി ചെയ്യാനുണ്ട്.

Related Articles
Next Story
Videos
Share it