നിഷേധാത്മക രാഷ്ട്രീയമല്ല മറിച്ച് ഭാവാത്മക രാഷ്ട്രീയമാണ് നമുക്കാവശ്യം: കുമ്മനം രാജശേഖരന്‍

സ്വാധീനിച്ച വ്യക്തികള്‍?

ചെറുപ്പം മുതല്‍ വിവേകാനന്ദ സ്വാമികളുടെയും മറ്റും കൃതികള്‍ വായിച്ചാണ് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്നത്. സ്വാമി ചിന്മയാനന്ദജി, രങ്കനാഥാനന്ദ സ്വാമികള്‍ തുടങ്ങി പല പ്രമുഖരോടൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞതിനാല്‍ അവരുടെയൊക്കെ ജീവിതവും പ്രവര്‍ത്തനങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവയില്‍ പലതും പരിഹരിക്കാന്‍ കഴിഞ്ഞത്. പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുമ്പോഴും ജനകീയ പ്രശ്‌നങ്ങളിലായിരുന്നു ഞാന്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തിരുന്നത്. അതിനാല്‍ അത്തരം പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും എഴുതാനും സാധിച്ചിരുന്നു.

ഇടപെട്ടിട്ടുള്ള സുപ്രധാന വിഷയങ്ങള്‍?

ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളാണവ. അവരുടെ അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടിയുള്ള ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങളാണ് പ്രാദേശിക തലത്തില്‍ നടക്കുന്നത്. അവിടെയൊക്കെ പോയി അവയെ ജനകീയ പ്രശ്‌നങ്ങളാക്കി മാറ്റിയെടുത്തതിലൂടെ പല സ്ഥലങ്ങളിലും നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടുണ്ട്. തൃശ്ശൂരിലെ പാലാഴിയില്‍ അയിത്തം കാരണം ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ അവിടെ ആളുകളെ സംഘടിപ്പിച്ച് ദീര്‍ഘനാള്‍ സമരം ചെയ്തു. അതിലൂടെ സമത്വം കൊണ്ടു വരാനായി. ശരീരത്തില്‍ കൊളുത്തുകളിട്ട് പൊക്കി ചുറ്റിക്കറങ്ങുന്ന വലിയൊരു അനാചാരമായ ഇളവൂര്‍ തൂക്കം ഇല്ലാതാക്കുന്നതിനും സാധിച്ചിട്ടുണ്ട്.

താങ്കളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്ത ഒരു കാര്യം?

എന്നെക്കുറിച്ച് മറ്റുള്ളവര്‍ക്ക് എന്തറിയാമെന്ന് എനിക്കറിയില്ല. ഞാനായിട്ട് എന്നെക്കുറിച്ച് ആരെയും ഒന്നും അറിയിച്ചിട്ടുമില്ല. അതിനാല്‍ അവര്‍ക്ക് അറിഞ്ഞുകൂടാത്തതിനെക്കുറിച്ച് ഞാനെങ്ങനെ പറയും?

ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം?

പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ അവരുടെ മൃതദേഹം പലപ്പോഴും ഈ കൈകളിലേക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവിടെവച്ച് ഞങ്ങളെല്ലാവരും ചേര്‍ന്ന് ഒരു സംഘപ്രാര്‍ത്ഥന നടത്താറുണ്ട്. മാറാട് കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ നിന്നും എട്ട് മൃതദേഹങ്ങള്‍ ഒരുമിച്ച് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പുല്‍മേട്ടില്‍ 108 അയ്യപ്പഭക്തര്‍ ചവിട്ടേറ്റ് മരിച്ച സ്ഥലത്ത് ഇരുമുടിക്കെട്ടും മറ്റും രക്തം പുരണ്ട് ചിന്നിച്ചിതറി കിടക്കുന്നത് ഭയങ്കരമായൊരു കാഴ്ചയായിരുന്നു.

ജീവിതത്തിലെ സുപ്രധാന തീരുമാനം?

സമരം ചെയ്യാനെടുക്കുന്ന എല്ലാ തീരുമാനങ്ങളും നിര്‍ണായകമായിരുന്നു. നിലയ്ക്കല്‍ പ്രശ്‌നത്തില്‍ കരുണാകരനെ ഗുരുവായൂരില്‍ തടയാന്‍ തീരുമാനിച്ചതിലൂടെയാണ് ആ പ്രശ്‌നത്തെ സര്‍ക്കാരിന്റെ പരിഗണനയിലേക്ക് എത്തിച്ചത്. മാറാട്, ആറന്മുള സമരങ്ങളും സുപ്രധാന തീരുമാനങ്ങളായിരുന്നു.

ജീവിതമൂല്യമായി കരുതുന്നത്?

സഹവര്‍ത്തിത്വത്തിന്റെതാണ് നമ്മുടെ പാരമ്പര്യവും പൈതൃകവും. ഇത്തരം മൂല്യങ്ങള്‍ ഇല്ലാതായാല്‍ സമൂഹവും ശിഥിലമാകും. അതിനാല്‍ നമ്മുടെ സംസ്‌ക്കാരത്തിന്റെയും ധര്‍മ്മത്തിന്റെയും പൈതൃകത്തിന്റെയും അന്തസത്ത ജനസമൂഹം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള പങ്ക്?

കേരളത്തിലെ പല വര്‍ഗീയ കലാപങ്ങളിലും കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും പങ്കുണ്ട്. ശരിയായ ഐക്യം സമൂഹത്തില്‍ ഉണ്ടാകണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നില്ല. തമ്മിലടിപ്പിച്ചാണ് അവര്‍ ജീവിക്കുന്നത്. ഇത്തരം നിഷേധാത്മക രാഷ്ട്രീയമല്ല മറിച്ച് ഭാവാത്മക രാഷ്ട്രീയമാണ് നമുക്കാവശ്യം. എന്നാണോ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ഒന്നാകുന്നത് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും സീറോയാകും.

സഹപ്രവര്‍ത്തകരില്‍ താങ്കള്‍ ഇഷ്ടപ്പെടാത്തത്?

അവരോട് ഇഷ്ടക്കേട് തോന്നേണ്ടകാര്യമില്ല. എന്റെ കഴിവുകൊണ്ട് മാത്രമല്ല, സഹപ്രവര്‍ത്തകരുടെ കഠിനാദ്ധ്വാനം കൊണ്ടാണ് ഞാന്‍ ചെയ്യുന്ന ഏതു കാര്യവും പൂര്‍ണമാകുന്നത്. ഒന്നും എന്റെ മാത്രം നേട്ടമല്ല. ഒറ്റയ്ക്ക് ട്രാക്കിലൂടെ ഓടാന്‍ എനിക്കാഗ്രഹമില്ല. കൈകോര്‍ത്തു പിടിച്ച് ഓടുമ്പോള്‍ ഫിനിഷിംഗ് പോയിന്റില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടാകും.

Related Articles
Next Story
Videos
Share it