മനഃസാക്ഷി സൂക്ഷിപ്പുകാരില്ല!

മല്ലിക സുകുമാരന്‍, അഭിനേത്രി

ഒരു ദിവസം ആരംഭിക്കുന്നതെങ്ങനെയാണ്?
ആറരയോടെ എഴുന്നേല്‍ക്കും. കാലും മുഖവും കഴുകി 10 മിനുട്ട് പ്രാര്‍ത്ഥിക്കും. ആദ്യത്തെ കാപ്പി ആരെങ്കിലും കൊണ്ടുവന്നുതന്നാല്‍ സന്തോഷം. 16 വര്‍ഷത്തോളമായി എന്റെ കൂടെയുള്ള സഹായി ആ കാപ്പിയും പത്രവും മുന്നിലെത്തിക്കും.

ഇഷ്ടമുള്ള പ്രാതല്‍?
ഇഡ്ഡലി, ഇടിയപ്പം, അപ്പം അങ്ങനെ ആവിയില്‍ വേവിച്ചെടുത്ത എന്തെങ്കിലും.

മറ്റ് പ്രിയ ഭക്ഷണങ്ങള്‍?
മുന്‍പ് എനിക്ക് ഇറച്ചി വിഭവങ്ങളോട് വലിയ പ്രിയമായിരുന്നു. ഇപ്പോള്‍ നാടന്‍ മീന്‍ കറികള്‍, ഇലക്കറികള്‍, തീയല്‍, പച്ചടി, അവിയല്‍ തുടങ്ങിയവയോടാണ് ഇഷ്ടക്കൂടുതല്‍.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം എന്താണ്?
സുകുവേട്ടന്റെ ജീവിതസഖിയായി കൂടെ ജീവിക്കാന്‍ കഴിഞ്ഞത് തന്നെ. എന്നെ ഒരു രാജകുമാരിയെപ്പോലെ തന്റെ ഉള്ളംകൈയില്‍ കൊണ്ടുനടക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും അടുപ്പമുള്ള സുഹ്രുത്തുക്കള്‍?
മനഃസാക്ഷി സൂക്ഷിപ്പുകാരെന്നു വിളിക്കാവുന്ന ചങ്ങാതിമാരൊന്നുമില്ല. സ്ഥിരമായി ചങ്ങാതിമാരെ വിളിച്ചു വിശേഷം പറയുന്ന പതിവുമില്ല. എന്നാല്‍ സ്‌കൂള്‍, കോളെജ് കാലം തൊട്ടുള്ള കൂട്ടുകാരെയെല്ലാം മനസില്‍ സജീവമായി കൊണ്ടുനടക്കുന്ന ഒരാളാണു ഞാന്‍. ഞങ്ങളുടെ കോളെജ്ഫ്രണ്ട്‌സിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലൊക്കെ ഞാന്‍ ആക്ടീവ് ആണ്.

ഏറ്റവും വലിയ നഷ്ടം?
സുകുവേട്ടന്റെ മരണം.

ജീവിതത്തില്‍ നേരിട്ട ഏറ്റവും കഠിനമായ വെല്ലുവിളി എന്തായിരുന്നു?
സുകുവേട്ടന്റെ അപ്രതീക്ഷിത മരണം. മക്കള്‍ക്ക് 15ഉം 17ഉം വയസു പ്രായം. അവരുടെ ജീവിതത്തില്‍ കൃത്യമായ ഗൈഡന്‍സ് വേണ്ട സമയം, അവരുടെ വിദ്യാഭ്യാസകാര്യങ്ങള്‍…. ദൈവാനുഗ്രഹത്താല്‍ അവര്‍ അച്ഛന്റെ ആഗ്രഹം പോലെ പഠിച്ചു മിടുക്കരായി.

ആരാണ് റോള്‍ മോഡല്‍?
സുകുവേട്ടന്‍ തന്നെ. അദ്ദേഹത്തിന്റെ രീതികള്‍, സ്വഭാവം എല്ലാം എന്നില്‍ വലിയ സ്വാധീനമാണുണ്ടാക്കിയിട്ടുള്ളത്. കളവു പറയുന്നത് അദ്ദേഹത്തിനിഷ്ടമേയ ല്ലായിരുന്നു. പിന്നെയൊരാള്‍ എന്റെ ജ്യേഷ്ഠന്‍ ഡോ. എം.വി. പിള്ള. അദ്ദേഹത്തിന്റെ ക്ഷമാശീലം പറയാതെ പറ്റില്ല. 35 വര്‍ഷത്തോളമായി അമേരിക്കയില്‍ സ്ഥിരതാമസമാണദ്ദേഹം. എന്നാലും അസലായി മലയാളത്തില്‍ സംസാരിക്കും. ഏറ്റവും പുതിയ മലയാളം പുസ്തകം വരെ വായിച്ച് അതിനെക്കുറിച്ച് ചേട്ടന്‍ സംസാരിക്കുമ്പോഴായിരിക്കും അങ്ങനെയൊരു പുസ്തകം ഇറങ്ങിയതുതന്നെ ഞാനറിയുക.

ദൈവവിശ്വാസിയാണോ?
ഞാന്‍ കടുത്ത ഈശ്വരവിശ്വാസിയാണ്. അതാണെന്നെ പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ചത്. ദേവിയും ഗണപതിയുമാണ് ഇഷ്ടദേവതമാര്‍. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ദക്ഷിണവെച്ചു പ്രാര്‍ത്ഥിച്ചേ ഇറങ്ങൂ. എല്ലാ ദൈവസങ്കല്‍പ്പങ്ങളോടും താല്‍പ്പര്യമാണ്. ഖത്തറില്‍ താമസിക്കുന്ന കാലത്ത് അവിടത്തെ സ്‌പോണ്‍സറുടെ വകയായുള്ള മോസ്‌കിലും ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു.

റിലാക്‌സ് ചെയ്യുന്നതെങ്ങനെയാണ്?
സംഗീതം. എനിക്ക് പാട്ടു കേള്‍ക്കാനും മൂളിപ്പാട്ട് പാടാനും ഇഷ്ടമാണ്. പഠിക്കുന്ന കാലത്തേ പാട്ടിനോടും ഡാന്‍സിനോടുമുള്ള ഇഷ്ടം കൂടെയുണ്ട്. ഇപ്പോഴും മക്കളും കൊച്ചുമക്കളുമൊക്കെയിരിക്കുമ്പോള്‍ ഞാന്‍ മക്കള്‍ക്കൊപ്പം പാടും.

വായന ഇഷ്ടമാണോ?
വായിക്കും. പരന്ന വായന എന്നൊന്നും പറയാന്‍ പറ്റില്ല. ആരെങ്കിലും ഈ പുസ്തകം നല്ലതാണെന്നു പറഞ്ഞാല്‍ അത് സംഘടിപ്പിച്ചു വായിക്കും.

മറ്റൊരാളെ ഏല്‍പ്പിക്കാന്‍ ഇഷ്ടമില്ലാത്ത ജോലികളുണ്ടോ?
ഉണ്ട്. എന്റെ നിലപാടുകള്‍ സ്വയം എഴുതാനും പറയാനുമാണ് എനിക്കിഷ്ടം. അതിനു വേറെ ആരെയും ഏല്‍പ്പിക്കാറില്ല.

ദേഷ്യം വന്നാല്‍ നിയന്ത്രിക്കുന്നതെങ്ങനെയാണ്?
അത്ര തീരാത്ത ദേഷ്യമൊന്നും വരാറില്ല. വന്നാല്‍ അത് പറഞ്ഞുതീര്‍ക്കും. മനസില്‍ ഇട്ടു പെരുക്കാറില്ല.

ആരാണ് ഏറ്റവും വലിയ ക്രിട്ടിക്?
മക്കള്‍ തന്നെ.

മറ്റുള്ളവരില്‍ വെറുക്കുന്ന സ്വഭാവം?
നേരിട്ടു കാണാത്തതും തീരെ അറിയാത്തതുമായ കാര്യങ്ങളില്‍ പോലും കയറി അഭിപ്രായം പറയുന്നത് ഇഷ്ടമല്ല. രാഷ്ട്രീയത്തിന്റേയും മതത്തിന്റേയും പേരില്‍ നികൃഷ്ഠമായി ക്രൂശിക്കുന്നതും എനിക്ക് എതിര്‍പ്പുള്ള കാര്യമാണ്. ചെയ്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നു പറയുന്ന സ്വഭാവക്കാരോടും ഒട്ടുമില്ല താല്‍പ്പര്യം.

രാത്രി ഉറങ്ങുന്നതിനു മുന്‍പ് ചെയ്യുന്നത്?
അപ്പോഴാണ് വിസ്തരിച്ചുള്ള പ്രാര്‍ത്ഥന. കുറേ നേരം നാമമൊക്കെ ചൊല്ലിയതിനു ശേഷമാണ് ഉറങ്ങുക.

ആരോഗ്യത്തിന്റേയും ചുറുചുറുക്കിന്റേയും രഹസ്യം എന്താണ്?
മനസിലേക്ക് ഒരു അശുദ്ധിയും കടക്കാതെ സൂക്ഷിക്കും, ശാന്തമാക്കി വെക്കും. അതിരുകടന്ന വേവലാതികളോ കാടുകയറുന്ന ചിന്തകളോ അമിത ആഗ്രഹങ്ങളോ ഇല്ല. സുകുവേട്ടന്റെ സജീവമായ ഓര്‍മകളാണ് എന്റെ ശക്തി. സ്വന്തം കാലില്‍ നില്‍ക്കുമ്പോഴും എനിക്കറിയാം എന്റെ എന്താവശ്യവും നടത്തിതരാന്‍ രണ്ടു മക്കളും ഒരുക്കമാണെന്ന്. ഈ സ്‌നേഹവും ദൈവാനുഗ്രഹവും തന്നെ എന്റെ സന്തോഷത്തിന്റെ രഹസ്യം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it