ഞാനൊരു ആത്മീയവാദിയാണ്

എം.എന്‍ കാരശ്ശേരി, എഴുത്തുകാരന്‍

താങ്കളുടെ ഒരു ദിവസം ആരംഭിക്കുന്നതെങ്ങനെയാണ്?

നാലര മണിക്ക് എഴുന്നേല്‍ക്കും. പ്രഭാതകര്‍മങ്ങളൊക്കെ കഴിഞ്ഞ് ഒരു മണിക്കൂര്‍ എഴുത്തും വായനയുമാണ്. പിന്നെ നടക്കാന്‍ പോകും. തിരിച്ചു വന്നാല്‍ പത്രപാരായണം.

സാധാരണ ഭക്ഷണശീലങ്ങള്‍?

ഞാന്‍ പ്രമേഹത്തിന് ഇന്‍സുലിന്‍ ഇഞ്ചക്ഷനും മരുന്നുമൊക്കെയുള്ള ആളാണ്. ഭക്ഷണത്തോട് വലിയ താല്‍പ്പര്യമുള്ള ആളല്ല താനും. രാവിലെ മുളപ്പിച്ച ചെറുപയര്‍ നാളികേരം ചിരവിയത് ചേര്‍ത്ത് കഴിക്കും. പിന്നെ പ്രോട്ടീന്‍ പൗഡറും. ഉച്ചക്ക് സാധാരണ ചോറും കറികളും. രാത്രി മുത്താറിക്കഞ്ഞിയും കായ ഉപ്പേരിയും. കുറേയായി ഞാന്‍ സസ്യാഹാരിയാണ്.

ഇഷ്ടഭക്ഷണം?

പൊടിയരിക്കഞ്ഞിയും കായ ഉപ്പേരിയും.

താങ്കളെ ഏറ്റവും സ്വാധീനിച്ച വ്യക്തി ആരാണ്?

എന്റെ ഹീറോ ഗാന്ധിജിയാണ്. പിന്നെ ധീരനും സത്യസന്ധനുമായ മുഹമ്മദ് അബ്ദുറഹിമാന്‍. എന്റെ ഉമ്മയും എന്നില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആരോടും അസൂയയില്ലാത്ത, എപ്പോഴും പോസിറ്റീവ് ആയി ചിന്തിച്ചിരുന്ന ഒരാളായിരുന്നു ഉമ്മ.

ഏറ്റവും അടുത്ത കൂട്ടുകാരന്‍?

ദയാനന്ദന്‍. എം.എ ക്ലാസ് മുതല്‍ എന്റെ ചങ്ങാതിയാണവന്‍. മൂല്യങ്ങളാണ് വ്യക്തികള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടാക്കുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു.

ഇഷ്ടപ്പെട്ട പ്രഭാഷണവിഷയം ഏതാണ്?

ചരിത്രവും തത്വചിന്തയും

ഇഷ്ടപ്പെട്ട തൊഴില്‍ രംഗം?

അദ്ധ്യാപനം. രസിച്ചു പഠിക്കാനും പഠിച്ചു രസിക്കാനും എന്തെങ്കിലും വേണം. അപ്പോഴേ അത് ആസ്വദിക്കാന്‍ പറ്റൂ.

ജീവിതത്തിലെ വലിയ നേട്ടമായി കാണുന്നത് എന്തിനെയാണ്?

എന്നിലുള്ള വളരെ ചെറിയ കഴിവുകളെ വളര്‍ത്താന്‍ എപ്പോഴും ഉത്സാഹിച്ചിട്ടുണ്ട്. എഴുത്തും അദ്ധ്യാപനവും പ്രസംഗവും ഒന്നിച്ചുകൊണ്ടുപോ കാനായത് അതുകൊണ്ടാണ്. സാധനയുള്ള ഒരാളാണ് ഞാന്‍. പണത്തിനു വേണ്ടിയോ പദവിക്കു വേണ്ടിയോ ഒരാളേയും ജീവിതത്തിലിന്നുവരെ പറ്റിച്ചിട്ടില്ല.

ഭക്തി? ആത്മീയത?

അതു രണ്ടും രണ്ടാണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നറിയാത്ത ഒരാളാണു ഞാന്‍. ചെറുപ്പത്തില്‍ ഭക്തിയുള്ള കൂട്ടത്തിലായിരുന്നു. പിന്നെയത് കുറഞ്ഞു കുറഞ്ഞു വന്നു. ആത്മീയതയെന്നാല്‍ നിസ്വാര്‍ത്ഥതയാണ്. അന്യനുവേണ്ടി അപ്പം അന്വേഷിക്കുന്നതാണ് ആത്മീയതയെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആത്മീയതയ്ക്കു ഭക്തി വേണമെന്നു നിര്‍ബന്ധമില്ല. ദൈവമുണ്ടെങ്കിലും ഇല്ലെങ്കിലും അത് നടക്കും. ആത്മീയതയില്‍ ഞാന്‍ അളവറ്റു വിശ്വസിക്കുന്നു. ഞാനൊരാത്മീയവാദിയാണ്.

എന്തിനെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ?

വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു എന്നു തോന്നിയിട്ടുണ്ട്. ഭാര്യയോട് നീതി പുലര്‍ത്താന്‍ പറ്റിയില്ലെന്നൊരു കുറ്റബോധമുണ്ട്. അവരോടൊപ്പം, അവര്‍ക്കിഷ്ടമുള്ള രീതിയില്‍ സമയം ചെലവഴിക്കാന്‍ എനിക്കായിട്ടില്ല.

ജീവിതത്തെ നിര്‍വചിക്കാന്‍ പറഞ്ഞാല്‍?

ജീവിതമെന്നത് നശ്വരവും നിസാരവും നിരര്‍ത്ഥവുമായ ഒന്നാണ്. നമ്മളോരോരുത്തരുമാണ് അതിന് അര്‍ത്ഥം നല്‍കേണ്ടത്. ആരേയും ദ്രോഹിക്കാതിരിക്കുക, ധിക്കാരം, അഹങ്കാരം, സ്വാര്‍ത്ഥത ഇവയില്‍ നിന്നും മാറിനില്‍ക്കുക. അവനവന്റെ ജീവിതത്തിന്റെ അര്‍ത്ഥം തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണ്. നാം പുലര്‍ത്തുന്ന നീതിബോധവും അന്തസും മാത്രമേ അനശ്വരമായുള്ളൂ.

സ്വന്തം ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഞാന്‍ ഒരു ജനാധിപത്യ വിശ്വാസിയാണ്. നീതിയുടേയും തുല്യതയുടെയും ഭരണമാണത്. ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് അഭിപ്രായ സമന്വയത്തിലൂടെയും സമവായത്തിലൂടെയും തുല്യതയും നീതിയും ഉറപ്പാക്കണം.

അതിനു ജാതി, ലിംഗസമത്വം വേണം. അതിനുവേണ്ടിയുള്ള പോരാട്ടമാവണം ജീവിതം. ഞാന്‍ ഒരു പോരാളിയാണ്. അനീതിയെ എതിര്‍ത്തുകൊണ്ടേയിരിക്കണം. പ്രശ്‌നങ്ങളവസാനിക്കുംവരെ പോരാടിക്കൊണ്ടേയിരിക്കണം. അതാണ് ഞാന്‍ എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ചെയ്തുകൊണ്ടിരിക്കുന്നത്. യുക്തിയാണ് എന്റെ ശക്തി. ഭാവന കുറവാണ്. ഫലിതങ്ങളാസ്വദിക്കുന്ന ഒരാളാണ് ഞാന്‍.

മാറ്റാന്‍ പറ്റാത്ത ശീലങ്ങളുണ്ടോ?

പുകവലി ഏറെശ്രമപ്പെട്ടാണ് നിര്‍ത്തിയത്. മധുരത്തോട് ഒരിഷ്ടക്കൂടുതലുണ്ട്. അത് നിര്‍ത്താന്‍ പറ്റിയിട്ടില്ല

യാത്രകള്‍?

യാത്രകളോട് പ്രണയമാണെനിക്ക്. ധാരാളം യാത്ര ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഓരോയിടങ്ങളിലും മനുഷ്യരെങ്ങനെ ജീവിക്കുന്നു എന്നന്വേഷിക്കുക കൗതുകകരമാണ്. എവിടെ പോയാലും ഞാന്‍ അവിടത്തെ ആദിവാസിസമൂഹങ്ങളെപ്പറ്റി പഠിക്കാറുണ്ട്. ലോകം എക്കാലത്തും അവരോട് കടുത്ത അനീതിയാണ് കാണിച്ചിട്ടുള്ളത്.

വിശ്രമകാലജീവിതത്തെപ്പറ്റിയുള്ള സങ്കല്‍പ്പം?

അതിനെക്കുറിച്ചു ഞാന്‍ ആലോചിക്കാറേ ഇല്ല. രാത്രി 10.30 മുതല്‍ രാവിലെ 4.30വരെയുള്ള ഉറക്കസമയമാണ് എന്നെ സംബന്ധിച്ചു വിശ്രമം. പ്രായ മാകുമ്പോഴല്ലേ വിശ്രമകാലത്തെപ്പറ്റി ആലോചിക്കുക? ഞാനിപ്പോഴും എം.എ കഴിഞ്ഞ ആ 22 വയസിലാണ് ജീവിക്കുന്നത്. പത്ത് ഓപറേഷനുകള്‍ കഴിഞ്ഞ ശരീരമാണ് എന്റേത്. അതിന്റെ അവശതകളൊന്നും ഞാന്‍ കൊണ്ടുനടക്കാറേയില്ല. വായനയും പ്രസംഗങ്ങള്‍ക്കു വേണ്ടിയുള്ള കുറിപ്പെഴുതലും ക്ലാസ്സുകളും ചാനല്‍ ചര്‍ച്ചകളുമൊക്കെയായി തിരക്കിലാണ്. സംഭാഷണപ്രിയനാണു ഞാന്‍. സൗഹൃദങ്ങള്‍ പ്രിയത്തോടെ കൊണ്ടുനടക്കുന്നയാളും. അതുകൊണ്ടുതന്നെ വിശ്രമജീവിതം എന്റെ ചിന്തയിലേയില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it