എന്റെ വിജയം കാണാൻ അച്ഛന് സാധിച്ചില്ലല്ലോ എന്നത് എന്നെ വേദനിപ്പിക്കുന്നു

പൃഥ്വിരാജ്, നടൻ

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി

അച്ഛന്‍. (പ്രശസ്ത സിനിമാനടനായിരുന്ന സുകുമാരന്റെ പുത്രനാണ് പൃഥ്വിരാജ്) ഞാന്‍ ഈ നിലയിലെത്തിയത് കാണാന്‍ എന്റെ അച്ഛന് സാധിച്ചില്ലല്ലോ എന്നത് എന്നെ വേദനിപ്പിക്കുന്ന കാര്യമാണ്.

അവസാനം വായിച്ച പുസ്തകം ഏതാണ്?

സത്യത്തില്‍ ഇപ്പോള്‍ വായന കുറവാണ്. തിരക്കു തന്നെ കാരണം. പക്ഷേ പണ്ട് വായിച്ച പല പുസ്തകങ്ങളും വീണ്ടുമെടുത്തു നോക്കും. അപ്പോള്‍ അന്നത്തേതിനേക്കാള്‍ പുതിയൊരു ആശയലോകം ഉള്ളില്‍ വരും.

എങ്ങനെയാണ് റിലാക്‌സ് ചെയ്യുന്നത്?

സിനിമയാണ് എനിക്ക് എല്ലാം. എന്റെ ഭാര്യ പറയാറുണ്ട്, സിനിമ ചെയ്യുമ്പോഴാണ് ഞാന്‍ ഏറ്റവും റിലാക്‌സ്ഡായി കാണുന്നതെന്ന്.

മാറ്റണമെന്ന് ആഗ്രഹിക്കുന്ന സ്വന്തം സ്വഭാവം?

ദേഷ്യം നിയന്ത്രിക്കണമെന്നുണ്ട്. ദേഷ്യം വന്നാല്‍ ദേഷ്യപ്പെടും. അതാണ് എന്റെ രീതി.

താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പലപ്പോഴും കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ കടന്നുവരുന്നു. എന്താണിത്? മനപൂര്‍വ്വമാണോ?

ഒരിക്കലുമല്ല. എനിക്ക് തീവ്രമായി എഴുതണമെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ എഴുതാറുള്ളൂ. അത് എഴുതുമ്പോള്‍ ഉള്ളില്‍ നിന്നുവരുന്ന വാക്കുകള്‍ അതേ പടി ഉപയോഗിക്കും. കുറച്ചു കൂടി ലളിതമായ വാക്ക് വേണോ, എഡിറ്റ് ചെയ്യണോ എന്ന ചിന്തയൊന്നും വരില്ല. സത്യത്തില്‍ മലയാളമാണ് എനിക്ക് നന്നായി വഴങ്ങുക. പക്ഷേ മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള പ്രയാസം കൊണ്ട് ഇംഗ്ലീഷില്‍ എഴുതുന്നതാണ്.

താങ്കളെ പറ്റിയുള്ള ട്രോളുകള്‍ ശ്രദ്ധിക്കാറുണ്ടോ?

ട്രോളുകള്‍ ഞാന്‍ കാണാറുണ്ട്. ചിലതിലെ ഹാസ്യം നന്നായി ആസ്വദിക്കാറുമുണ്ട്.

സിനിമയെന്നാല്‍ താങ്കള്‍ക്ക് എന്താണ്?

എനിക്കെല്ലാം സിനിമയാണ്. സ്വന്തം ഭാഗം മാത്രം അഭിനയിച്ച് അതിനുശേഷം കാരവനില്‍ കയറിയിരുന്ന് വിശ്രമിക്കുന്ന ആളല്ല ഞാന്‍. ഓഡിഷന്‍ മുതല്‍ വിഎഫ്എക്‌സ് വരെയുള്ള സിനിമയുടെ എല്ലാതലങ്ങളിലും എന്റെ ശ്രദ്ധ പതിയും. സിനിമ കൂട്ടായ പരിശ്രമമാണ്. ഏറ്റവും മികച്ചതൊന്നിനെ അവതരിപ്പിക്കാന്‍ എല്ലാ ശ്രമവും നടത്തുകയെന്നതാണ് എന്റെ രീതി.

ഇതുപോലെ ശ്രദ്ധിച്ചു ചെയ്യുന്ന സിനിമകള്‍ പ്രതീക്ഷിച്ച പോലെ പ്രേക്ഷകര്‍ സ്വീകരിക്കാതെ വരുമ്പോള്‍ എന്തു തോന്നും?

സിനിമയുടെ ജയപരാജയങ്ങള്‍ നമുക്ക് തീരുമാനിക്കാനാകില്ല. അത് ഒരുപാട് കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ല അത്. പിന്നെ മികച്ചതും വ്യത്യസ്തവുമായ ഒന്നിനായി പരിശ്രമിച്ചു കൊണ്ടേയിരിക്കുക.

ഒരു സിനിമ തെരഞ്ഞെടുക്കുമ്പോള്‍ എന്താണ് ശ്രദ്ധിക്കുക?

തിരക്കഥ തന്നെ. പേപ്പറില്‍ എത്ര വ്യക്തമായി കാര്യങ്ങളുണ്ടോ അത്രയും വ്യക്തത സിനിമയിലുമുണ്ടാകും. കടലാസില്‍ എഴുതിയതിന് മജ്ജയും മാംസവും നല്‍കുമ്പോള്‍ നല്ല സിനിമ പിറക്കുന്നു.

അന്യഭാഷയില്‍ ആരാധകര്‍ക്ക് കുറവില്ല. എന്നിട്ടുമെന്തേ അധികം സിനിമകള്‍ ചെയ്യാത്തത്?

കഥകള്‍ മാത്രം നോക്കിയാണ് ഞാന്‍ സിനിമ തെരഞ്ഞെടുക്കുന്നത്. എന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് 'നാം ഷബാന'. വെറും എട്ടു ദിവസം മാത്രം മതിയെന്ന് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതുകൊണ്ടാണ് അത് തെരഞ്ഞെടുത്തതും. ആരാധകര്‍ക്ക് വേണ്ടി സിനിമ ചെയ്യുന്ന ആളല്ല ഞാന്‍. എനിക്ക് പറ്റുന്ന കഥകള്‍ മലയാളത്തില്‍ വരുന്നുണ്ട്. അതുകൊണ്ടു തന്നെ മലയാളത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കമിറ്റ് ചെയ്തിട്ടുണ്ട്.

സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണല്ലോ? എന്തായിരിക്കും വ്യത്യാസം?

ഞാന്‍ നേരത്തെ സൂചിപ്പിച്ചപ്പോലെ ഷോട്ട് കഴിയുമ്പോള്‍ നടന്റെ ജോലി കഴിഞ്ഞു എന്നു വിശ്വസിക്കുന്ന വ്യക്തിയല്ല ഞാന്‍. സിനിമയുടെ ടീം വര്‍ക്കില്‍ എന്നും ഞാന്‍ ഭാഗമാണ്. സംവിധായകന്‍ എന്ന വേഷം വലിയ മാറ്റം കൊണ്ടുവരില്ല.

ഇപ്പോള്‍ നടി പാര്‍വതിയെ 'ലേഡി പൃഥ്വിരാജ്' എന്നൊക്കെ ഉപമിച്ചു കേള്‍ക്കാറുണ്ട്. ഇത്തരമൊരു പ്രതിച്ഛായ താങ്കള്‍ സ്വയം സൃഷ്ടിച്ചതാണോ?

ഞാന്‍ ഒരിക്കലും ഇമേജ് കോണ്‍ഷ്യസല്ല. ഒരു പ്രത്യേക തരത്തില്‍ പെരുമാറി ജനങ്ങളുടെ മുന്നില്‍ പ്രത്യേക രീതിയില്‍ പ്രൊജക്റ്റ് ചെയ്യപ്പെടണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മനസില്‍ തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ പ്രകടിപ്പിക്കുന്നത്. അത് ദേഷ്യമാണെങ്കിലും.

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു?

ഒരു ട്രാവല്‍ റൈറ്റര്‍ ആകുമായിരുന്നിരിക്കാം. മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച യാത്രകളോട് താല്‍പ്പര്യമില്ല. കിട്ടുന്ന ട്രെയ്‌നുകള്‍ കയറി പോകുക. കാണാത്ത സ്ഥലങ്ങള്‍ കാണുക. ട്രാവല്‍ ബ്ലോഗുകളില്‍ പരാമര്‍ശിക്കാത്ത സ്ഥലങ്ങള്‍ കാണാനാണ് ഇഷ്ടം. ഗ്രാമങ്ങള്‍ കാണാനാണ് എനിക്കും ഭാര്യ സുപ്രിയയ്ക്കും താല്‍പ്പര്യം.

Related Articles

Next Story

Videos

Share it