''എനിക്ക് അറിയില്ല, ഞാന്‍ ആരാണെന്ന്'': പി.വി ഗംഗാധരന്‍

ഉണര്‍ന്നെഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത്

പ്രാര്‍ത്ഥന. അച്ഛനെയും അമ്മയെയും ദൈവത്തെയും വണങ്ങും

ബ്രേക്ക് ഫാസ്റ്റ്/ലഞ്ച്/ഡിന്നര്‍

പൂരി മസാല, പുട്ട് കടല ആഴ്ചയില്‍ ഏഴു ദിവസവും വെവ്വേറെ പലഹാരമാണ്. കുറേ വര്‍ഷമായി ഇത് ചിട്ടയോടെ പോകുന്നു. ഉച്ചയ്ക്ക് ചോറും പരിപ്പും കറിയും മീന്‍ കറിയും. രാത്രി അപ്പമോ നൂഡില്‍സോ എന്തുമാകാം. നന്നായി വെള്ളം കുടിക്കും. ഇടയ്ക്ക് ചായയും.

ഇഷ്ട ബ്രാന്‍ഡ്

വസ്ത്രത്തില്‍ ഖാദിയോടാണ് പ്രിയം. സാംസംഗിന്റെയും ആപ്പിളിന്റെയും ഫോണുകളും റോളക്‌സ് വാച്ചും പ്രിയം തന്നെ.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം

അച്ഛന്റെയും അമ്മയുടെയും മകനായി ജനിച്ചത്. പിന്നെ മാതൃഭൂമി പത്രത്തിന്റെ ഭാഗമായി മാറാനായതും

ഏറെ സ്വാധീനിച്ച വ്യക്തികള്‍.

അമ്മയും പിന്നെ ഭാര്യ ഷെറിനും

സെലിബ്രിറ്റി സുഹൃത്തുക്കള്‍?

എം.ടി വാസുദേവന്‍ നായര്‍, സിനിമാ സംവിധായകരായ ഹരിഹരന്‍, സത്യന്‍ അന്തിക്കാട് എന്നിവര്‍ സുഹൃത്തുക്കളാണ്. അന്തരിച്ച ഐ.വി ശശിയും നല്ല സുഹൃത്തായിരുന്നു.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തം

ആദ്യത്തെ മകളെ ജനിച്ചയുടന്‍ ഡോക്ടര്‍ കൈയില്‍ തന്ന നിമിഷം.

ഏറ്റവും വലിയ വെല്ലുവിളി

നിലവിലുള്ള സ്ഥിതിയില്‍ നിലനില്‍ക്കുക എന്നത്.

ഇഷ്ടപ്പെട്ട പുസ്തകം

ഡിറ്റക്റ്റീവ് കഥകളോടാണ് ഏറെ പ്രിയം

സംസാരിക്കാന്‍ ഇഷ്ടമുള്ള വിഷയം

സിനിമയെ കുറിച്ച് എത്രനേരമെങ്കിലും സംസാരിക്കാം. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും വീണ്ടും സജീവമാകുകയാണ്.

റിട്ടയര്‍മെന്റ് ആലോചിക്കുന്നുണ്ടോ?

മരണം വരെ ജോലിയില്‍ തുടരുകയാണ് ഉദ്ദേശ്യം. റിട്ടയര്‍മെന്റിനു ശേഷം ജീവിതമില്ല എന്നു ചിന്തിക്കുന്നയാളാണ് ഞാന്‍

അടുത്തിടെ സ്വന്തമാക്കിയ വസ്തു?

ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് മാതൃഭൂമി ഒരു ഫുട്‌ബോള്‍ മാച്ച് നടത്തിയിരുന്നു. സമൂഹത്തിലെ അറിയപ്പെടുന്നവരെ ഉള്‍പ്പെടുത്തിയായിരുന്നു അത്. അതില്‍ പങ്കെടുത്തതിന് ഒരു പവര്‍ ബാങ്കും കുടയും സമ്മാനമായി ലഭിച്ചു.

വിശ്രമ സമയം എങ്ങനെ ചെലവഴിക്കുന്നു?

രാവിലെ ആറു മണിക്ക് ഉണരുകയും രാത്രി ഒരു മണിയോടെ കിടക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. പത്രം വായന, സഹോദരന്‍ പി.വി ചന്ദ്രന്റെ കൂടെ യോഗാഭ്യാസം എന്നിവയാണ് രാവിലെ ചെയ്യുക. ബാക്കി സമയത്ത് ബിസിനസ് കാര്യങ്ങളില്‍ മുഴുകും. ജോലി കഴിഞ്ഞാല്‍ വാട്ട്‌സ് ആപ്പ് നോക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യും.

മറ്റുള്ളവരില്‍ വെറുക്കുന്ന സ്വഭാവം

മറ്റുള്ളവരില്‍ എന്ത് കുറവുണ്ടെന്ന് കണ്ടെത്തുന്ന ഒരാളല്ല ഞാന്‍. ആരുടെയും ഒരു ശീലവും എന്നില്‍ വെറുപ്പ് ഉണ്ടാക്കില്ല.

ബിസിനസ് ലക്ഷ്യം

ഒരു ലക്ഷ്യം എന്നത് മനസ്സില്‍ വെക്കാറില്ല. ഒന്നു കഴിയുമ്പോള്‍ മറ്റൊന്ന് എന്ന നിലയില്‍ പുതിയ ലക്ഷ്യങ്ങളുണ്ടാകും.

ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട്

കുടുംബത്തോടൊപ്പം സ്ഥിരമായി വിദേശയാത്ര നടത്താറുണ്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ഇഷ്ടയിടങ്ങള്‍

ഇഷ്ടഗാനം

മലയാളം പാട്ടുകളാണ് ഇഷ്ടം. എല്ലാ പാട്ടുകളും കേള്‍ക്കും. പാട്ടുകളെ സ്‌നേഹിക്കുന്നതു കൊണ്ടു തന്നെ നിരവധി സംഗീതജ്ഞരെ സിനിമയിലൂടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ വിമര്‍ശകന്‍

സ്വയം വിമര്‍ശിക്കുന്ന ആളാണ് ഞാന്‍

താങ്കളെ കുറിച്ച് മറ്റാര്‍ക്കും അറിയാത്ത കാര്യം

ഞാന്‍ എന്നെ കുറിച്ചു തന്നെ ചിലപ്പോള്‍ മറന്നു പോകും. ആരാണ് ഞാന്‍ എന്ന് മിക്കപ്പോഴും സ്വയം ചോദിക്കാറുണ്ട്. ഇതുവരെയും ഉത്തരം കണ്ടെത്താനായിട്ടില്ല.

എങ്ങനെ അറിയപ്പെടാനാണ് ആഗ്രഹം?

ഞാന്‍ ഒരു സിനിമാക്കാരനാണ്. അതില്‍ നിരവധി സംഘടനകളുടെ നേതൃസ്ഥാനത്തുമുണ്ട്. രാഷ്ട്രീയം, ബിസിനസ്, സ്‌പോര്‍ട്‌സ് എന്നിവയിലെല്ലാം ഒരു കൈ നോക്കുന്നുമുണ്ട്. നല്ല കാര്യങ്ങള്‍ ചെയ്യുന്നൊരു മനുഷ്യസ്‌നേഹിയാണ് ഞാനെന്നാണ് വിശ്വാസം. എല്ലാ മതത്തിലും വിശ്വസിക്കുന്നയാളാണ് ഞാന്‍.

യാത്രകളില്‍ എത്ര പണം കൈവശം വെക്കും?

എവിടെ പോകുമ്പോഴും പണമൊന്നും ഞാനെടുക്കാറില്ല. പലപ്പോഴും ഡ്രൈവറോട് കടം വാങ്ങിയാണ് കാര്യങ്ങള്‍ നടത്താറുള്ളത്. സുഹൃത്തുക്കളില്‍ പലരും എന്റെ കൂടെ വരാന്‍ മടിയാണെന്ന് തമാശ രൂപേണ പറയാറുണ്ട്. കാരണം ചെലവെല്ലാം അവര്‍ വഹിക്കേണ്ടി വരും. ചിലപ്പോള്‍ കാര്‍ഡ് എടുക്കാത്തിടങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടിയിട്ടുണ്ട്. ഇത് 'അച്ചുവിന്റെ അമ്മ'യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിസിനസിന് പുറത്തെ നിക്ഷേപങ്ങള്‍?

ഓഹരി വിപണിയില്‍ നിക്ഷേപ താല്‍പ്പര്യമുണ്ട്.

Related Articles

Next Story

Videos

Share it