ആത്മീയത എന്നാല്‍ …

ഉണര്‍ന്നെണീറ്റാല്‍ ആദ്യം ചെയ്യുന്നത്?

മോണിംഗ് വാക്കിന് പോകും. പിന്നീട് ഒരു കപ്പു ചായയുമായി പത്രം വായിക്കാനിരിക്കും. അതിലൊന്ന് മലയാളം പത്രമായിരിക്കും.

ഇഷ്ട വിഭവം?

കേരള ഭക്ഷണത്തിന്റെ ആരാധകനാണ്

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

മികച്ച സുഹൃത്തുക്കള്‍, എന്റെ കുടുംബം, ബന്ധുക്കള്‍

നിങ്ങളെ ഏറെ സ്വാധീനിച്ച വ്യക്തി?

എന്റെ മാതാപിതാക്കള്‍. സത്യസന്ധത, ആത്മാര്‍ത്ഥത, ധാര്‍മികത എന്തിനെയും നേരിടാനുള്ള ധൈര്യം എന്നിവയുടെ ആള്‍രൂപമായിരുന്നു അച്ഛന്‍. അമ്മ വാത്സല്യം നിറഞ്ഞ വ്യക്തിത്വവും. അവരില്‍ നിന്ന് പല പോസിറ്റീവ് കാര്യങ്ങളും ഞാന്‍ പഠിച്ചു. എല്‍ഐസിയില്‍ പലരും സ്വാധീനിച്ചു. എല്‍.ഐ.സി ചെയര്‍മാനായിരുന്ന ടി.എസ് വിജയനാണ് കരിയറില്‍ ഏറെ സ്വാധീനിച്ച വ്യക്തി.

സമീപകാലത്തെ ഏറ്റവും സന്തോഷം?

എന്റെ മകന്റെ വിവാഹം

ഏറ്റവും വലിയ നഷ്ടം?

എന്റെ മാതാപിതാക്കളുടെ വിയോഗം. ഇപ്പോഴും അതേക്കുറിച്ച് ആലോചിക്കുമ്പോള്‍ കണ്ണു നനയുന്നു.

ഏറ്റവും വലിയ ദുഃഖം?

സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതുവരെയായിട്ടും നടന്നില്ല. ഇനിയും സമയമുണ്ട്.

അടുത്തിടെ വായിച്ച പുസ്തകം?

അഭിജിത് ബാനര്‍ജിയുടെ Good Economics for Hard Times.

ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍?

ലീഡര്‍ഷിപ്പ്, മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്

അടുത്തിടെ സ്വന്തമാക്കിയ കാര്യം?

ചങ്ങനാശ്ശേരിയില്‍ കേരള ശൈലിയില്‍ ഒരു വീട് നിര്‍മിച്ചു.

റിലാക്‌സ് ചെയ്യുന്നത് എങ്ങനെയാണ്?

വായന, സിനിമയോ കോമഡിയോ കാണല്‍, ദീര്‍ഘമായ നടത്തം

നിങ്ങളില്‍ മാറ്റം വരുത്തണമെന്നാഗ്രഹിക്കുന്ന സ്വഭാവം?

പെര്‍ഫെക്ഷനു വേണ്ടി ആവശ്യത്തിലധികം ആശങ്കപ്പെടുന്നു. പലപ്പോഴും വലിയ സ്‌ട്രെസാണ് ഇതിലൂടെ ഉണ്ടാകുന്നത്.

ഏറ്റവും വലിയ അഭിമാനം?

31 ട്രില്യണ്‍ ആസ്തിയുള്ള കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററായിരിക്കുക എന്നത് തന്നെ

ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട്?

മൗറീഷ്യസ്, കുമരകം

ഇഷ്ടഗാനങ്ങള്‍?

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍… (ഞാന്‍ ഒഎന്‍വിയുടെയും യേശുദാസിന്റെയും എസ്പിബിയുടെയും വലിയ ഫാനാണ്)

ഒഴിവാക്കാനാവാത്ത ശീലം?

കൃത്യനിഷ്ഠ

അടുത്തിടെ ആരംഭിച്ച ശീലം?

സൈക്ലിംഗ് (കോളെജ് ദിനങ്ങളില്‍ ഇതൊരു ശീലമായിരുന്നു)

ഇഷ്ട വിനോദം?

സിനിമ കാണല്‍ (പ്രത്യേകിച്ചും മലയാള സിനിമ)

വാരാന്ത്യങ്ങള്‍ ചെലവഴിക്കുന്നതെങ്ങനെ?

കുടുംബത്തോടൊപ്പം. വായിക്കുകയും ബന്ധുക്കളെ ഫോണില്‍ വിളിക്കുകയും വീട്ടുകാര്യങ്ങളില്‍ ഭാര്യയെ സഹായിക്കുകയും സിനിമകള്‍ കാണുകയും ചെയ്യുന്നു

ജീവിതത്തിലെടുത്ത ഏറ്റവും പ്രധാന തീരുമാനം?

പോസ്റ്റ് ഗ്രാജ്വേഷനു ശേഷം മറ്റു ജോലി ഓഫറുകള്‍ വേണ്ടെന്നു വെച്ച് എല്‍ഐസി
തെരഞ്ഞെടുത്തത്

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് എന്താണ് ചെയ്യുക?

അന്നു നടന്ന കാര്യങ്ങള്‍ വിലയിരുത്തും. കറകളഞ്ഞ മനഃസാക്ഷി പതുപതുത്ത തലയിണ പോലെയാണ്.

ആരോഗ്യപൂര്‍ണവും ഊര്‍ജസ്വലവുമായ ജീവിതത്തിന്റെ രഹസ്യം?

അമിത ഭക്ഷണമില്ല, നന്നായി പ്ലാന്‍ ചെയ്താല്‍ ക്ലേശം കുറയും. ആളുകളോട് സൗഹാര്‍ദ്ദപരമായി പെരുമാറുക.

ആത്മീയതയെ കുറിച്ചുള്ള സങ്കല്‍പ്പം എന്താണ്?

ധാര്‍മികമായി ശരിയായത് ചെയ്യുക. ആര്‍ത്തി പാടില്ല. കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കുക. നിങ്ങളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. നിങ്ങള്‍ സഹായിച്ചവരെ ഓര്‍ക്കരുത്.

ഇവിടെ ചോദിക്കാത്തതും എന്നാല്‍ ഉത്തരം പറയാനാഗ്രഹിക്കുന്നതുമായ ചോദ്യം?

യുവജനങ്ങളോട് എന്താണ് പറയാനുള്ളത്? ഉത്തരം: നിങ്ങളെ വളര്‍ത്താനായി മാതാപിതാക്കള്‍ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് വളരാനുള്ള മികച്ച അടിത്തറ അവരുണ്ടാക്കി. നല്ല വിദ്യാഭ്യാസം തന്നു, നിങ്ങള്‍ക്ക് ആ ചുമലുകളില്‍ തലവെച്ച് കരയാനും ആ മടിത്തട്ടില്‍ തലവെച്ച് കിടക്കാനും കുമ്പസാരിക്കാനും കഴിയും. നിങ്ങള്‍ വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാറാകുമ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ മറക്കരുത്. ദൈവത്തെയോര്‍ത്ത് അവരെ വൃദ്ധസദനങ്ങളില്‍ തള്ളരുത്.

Related Articles

Next Story

Videos

Share it