തുടര്‍ച്ചയായ മൂന്നാം ദിനവും സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായ നേരിയ മുന്നേറ്റം മൂന്നാം ദിവസവും തുടരുകയാണ്. സെന്‍സെക്‌സ് 114.29 പോയ്ന്റ് ഉയര്‍ന്ന് 30932.90 പോയ്ന്റിലെത്തി. 0.37 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നിഫ്റ്റിയാകട്ടെ 0.44 ശതമാനം (39.70 പോയ്ന്റ്) ഉയര്‍ന്ന് 9106.25 പോയ്ന്റിലെത്തി. ഇന്ന് 1302 ഓഹരികള്‍ ലാഭമുണ്ടാക്കിയപ്പോള്‍ 908 കമ്പനികളുടെ ഓഹരികളാണ് നഷ്ടത്തില്‍ കലാശിച്ചത്. 170 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഐറ്റിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ഹീറോ മോട്ടോകോര്‍പ്, മാരുതി സുസുകി തുടങ്ങിയവ നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നിലാണ്. അതേസമയം ബാങ്കിംഗ് ഫിനാന്‍സ് മേഖലയില്‍ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, ബജാജ് ഫിനാന്‍സ് എന്നിവയൊക്കെ നഷ്ടമുണ്ടാക്കി. അദാനി പോര്‍ട്ട്‌സും നഷ്ടം വരുത്തി. നിഫ്റ്റി ബാങ്ക് ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് നേട്ടമുണ്ടാക്കിയിട്ടുണ്ട്.

നിഫ്റ്റി ബാങ്ക് സൂചിക 105.10 പോയ്ന്റ് താഴ്ന്ന് 17735.10 പോയ്ന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 0.59 ശതമാനമാണ് നഷ്ടം. ബിഎസ്ഇ മിഡ്കാപ് സൂചിക 0.76 ശതമാനം(85.62 പോയ്ന്റ്) വര്‍ധനയോടെ 11363.84 പോയ്്ന്റിലെത്തി.
കേരള കമ്പനികളില്‍ 14 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. 12 എണ്ണം നഷ്ടമുണ്ടാക്കിയപ്പോള്‍ പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ വിലയില്‍ മാറ്റമുണ്ടായില്ല. നിറ്റ ജലാറ്റിനാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനി. 5.28 ശതമാനം വര്‍ധനയോടെ ഓഹരി വില 113.75 രൂപയിലെത്തി. 5.70 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ഓഹരി വില 3.30 രൂപ വര്‍ധിച്ച് 70 രൂപയിലെത്തി. 4.95 ശതമാനത്തിന്റെ വര്‍ധനയാണിത്. ഇന്‍ഡി ട്രേഡിന്റെ വില 85 പൈസ വര്‍ധിച്ച് 19.50 ആയി. 4.56 ശതമാനം വര്‍ധനയാണിത്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ 4.30 ശതമാനം വര്‍ധന രേഖപ്പെടുത്തി. 4.45 രൂപ വര്‍ധിച്ച് ഓഹരി വില 107.85 ലെത്തി. വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ വില 111 രൂപയായി. ഓഹരി വിലയില്‍ 3.95 രൂപയുടെ വര്‍ധനയാണിന്ന് ഉണ്ടായത്.

മുത്തൂറ്റ് ഫിനാന്‍സ് (1.91 ശതമാനം), സിഎസ്ബി ബാങ്ക് 1.78 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.77 ശതമാനം), ഹാരിസണ്‍സ് മലയാളം (1.76 ശതമാനം), എവിറ്റി (0.72 ശതമാനം), ഫെഡറല്‍ ബാങ്ക് (0.64 ശതമാനം),
കിറ്റെക്‌സ് (0.41 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.27 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.18 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

നഷ്ടമുണ്ടാക്കിയ കമ്പനികളില്‍ ഈസ്റ്റേണ്‍ ട്രെഡ്‌സ് ആണ് മുന്നില്‍ 2.63 ശതമാനം നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. 50 പൈസ കുറഞ്ഞ് ഓഹരി വില 18.50 രൂപയിലെത്തി. മണപ്പുറം ഫിനാന്‍സിന്റെ വില 1.85 രൂപ ഇടിഞ്ഞ് 119.15 രൂപയിലും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരി വില 1.20 രൂപ ഇടിഞ്ഞ് 84 രൂപയുമായി. യഥാക്രമം 1.53, 1.41 ശതമാനത്തിന്റെ ഇടിവ്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ വിലയില്‍ 1.37 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. 3.15 രൂപ കുറഞ്ഞ് 226.85 രൂപയായി.

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.20 ശതമാനം) , ധനലക്ഷ്മി ബാങ്ക് (0.85 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.80 ശതമാനം), എഫ്എസിടി (0.74 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.51 ശതമാനം), കേരള ആയുര്‍വേദ (0.35 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.26 ശതമാനം), കെഎസ്ഇ (0.01 ശതമാനം) എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it