8 കൊല്ലത്തെ വാറന്റി മോട്ടോറിനും ബാറ്ററിക്കും, ഇ.വി ഇരുചക്ര വിപണിയില്‍ സ്റ്റാര്‍ട്ടപ്പിന്റെ വേറിട്ട പരീക്ഷണം

ഇലക്‌ട്രിക് വാഹനങ്ങളിൽ പണം നിക്ഷേപിക്കാൻ ഉപയോക്താക്കൾക്ക് ആത്മവിശ്വാസം പകരാനാണ് വിപുലീകൃത വാറന്റി

Update:2024-10-07 16:50 IST
വലിയ സാങ്കേതിക മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമായികൊണ്ടിരിക്കുകയാണ് ഇലക്ട്രിക്ക് വാഹന വിപണി. ഇത്തരത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി രണ്ട് വാറന്റി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് സിമ്പിൾ എനർജി എന്ന ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാർട്ടപ്പ് കമ്പനി.

വാറന്റി ഉപയോക്താക്കൾക്ക് ആത്മവിശ്വാസം പകരാന്‍

പേറ്റന്റ് സ്വന്തമാക്കിയ കമ്പനിയുടെ മോട്ടോർ, ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി എന്നിവയ്ക്ക് 8 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ (ഏതാണ് ആദ്യം വരുന്നത്) വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഉപയോക്താക്കൾക്കായി സിമ്പിൾ പ്രൊട്ടക്റ്റ്, സിമ്പിൾ സൂപ്പർ പ്രൊട്ടക്റ്റ് എന്നിങ്ങനെയായി വിപുലീകൃത വാറന്റി പ്രോഗ്രാമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ഇലക്‌ട്രിക് വാഹനങ്ങളിൽ പണം നിക്ഷേപിക്കാൻ ഉപയോക്താക്കൾക്ക് ആത്മവിശ്വാസം പകരാനാണ് വിപുലീകൃത വാറന്റി പ്രോഗ്രാമുമായി കമ്പനി എത്തുന്നത്.
ഇ.വി കളുടെ സുരക്ഷ, റേഞ്ച്, ദീര്‍ഘകാലം നിലനില്‍ക്കുമോയെന്ന ഉത്കണ്ഠ, വിശ്വാസ്യത തുടങ്ങിയവയെക്കുറിച്ചാണ് ഉപയോക്തക്കള്‍ പ്രധാനമായും ആശങ്കകൾ പങ്കുവെക്കുന്നത്. ഈ സംശയങ്ങൾ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് വാറന്റി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓട്ടോമൊബൈൽ വ്യവസായം നവീകരണത്തിന്റെ പാതയില്‍

മോട്ടോറിന് 8 വർഷത്തെ വാറന്റി നൽകുന്ന ഇ.വി ഇരുചക്ര വിപണിയിലെ ആദ്യത്തെ കമ്പനിയാണ് തങ്ങളെന്ന് സിമ്പിൾ എനർജി സ്ഥാപകനും സി.ഇ.ഒയുമായ സുഹാസ് രാജ്കുമാർ പറഞ്ഞു. പുതുമകളോടും മികച്ച ഗുണനിലവാരത്തോടുമുള്ള കമ്പനിയുടെ 
സമർപ്പണ മനോഭാവത്തെയാണ്
 ഇതു കാണിക്കുന്നത്.
ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവിയോടുള്ള ഞങ്ങളുടെ താല്‍പ്പര്യം ഗവേഷണത്തിലും സാങ്കേതിക വികസനത്തിലും ഗണ്യമായ നിക്ഷേപം കമ്പനിയിലെത്തിച്ചു. ഓട്ടോമൊബൈൽ വ്യവസായത്തില്‍ ഉയര്‍ന്ന നവീകരണത്തിന്റെ പാതയിലേക്ക് കടക്കാന്‍ കമ്പനിക്ക് സാധിച്ചു. 8 വർഷത്തെ മോട്ടോർ, ബാറ്ററി വാറന്റി എന്നത് ഉപഭോക്തൃ ആവശ്യങ്ങൾ മനസിലാക്കുന്നതിനുളള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും സുഹാസ് രാജ്കുമാർ പറഞ്ഞു.
സിമ്പിൾ എനർജി ഉപയോക്താക്കൾക്കായി സിമ്പിൾ വൺ, സിമ്പിൾ ഡോട്ട് വൺ എന്നിങ്ങനെ രണ്ട് മോഡലുകളാണ് വാഗ്ദാനം ചെയ്യുന്നത്. 5 kWh ബാറ്ററി യൂണിറ്റുളള സിമ്പിൾ വൺ 10 bhp പവറാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഫുൾ ചാർജിൽ പരമാവധി 212 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 3.7 kWh ലിഥിയം-അയൺ ബാറ്ററിയുളള സിമ്പിൾ ഡോട്ട് വണ്ണിന്റെ റേഞ്ച് 151 കിലോമീറ്ററാണ്.
Tags:    

Similar News