ദശലക്ഷം തൊഴിലുകള്‍ക്ക് അപകട സാധ്യതയെന്ന് വാഹന മേഖല

Update:2019-09-06 11:18 IST

വാഹന വില്‍പ്പനയിലെ വന്‍ ഇടിവ് നേരിടാന്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിക്കുറച്ചുകൊണ്ട് വാഹന നിര്‍മാതാക്കള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ തേടി. മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നുപോയാല്‍ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ അപകടത്തിലാകുമെന്ന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്.

ന്യൂഡല്‍ഹിയില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം)  വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംഘടനയുടെ പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു: ' ഇതുവരെ ആയിരക്കണക്കിന കരാര്‍ നിര്‍മ്മാണ ജോലികളാണ് ഈ മേഖലയില്‍ നഷ്ടമായത്. വാഹന വിപണി  പഴയ നിലയിലാകാത്തപക്ഷം 10 ലക്ഷം തൊഴില്‍ നഷ്ടമാകാനുള്ള  അപകടസാധ്യത നിലനില്‍ക്കുന്നു.'

ഉപഭോക്തൃ വികാരം പുനരുജ്ജീവിപ്പിക്കാന്‍ വാഹന നിര്‍മാതാക്കള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ ഫലം ചെയ്യണമെങ്കില്‍ ജിഎസ്ടി നിരക്ക് കുറയ്‌ക്കേണ്ടതുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍  പവന്‍ ഗോയങ്കയും പറഞ്ഞു. 'ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്തു. സര്‍ക്കാരില്‍ നിന്നുള്ള കൂടുതല്‍ ഇടപെടലാണിനി ആവശ്യം.ജിഎസ്ടി നിരക്കില്‍ കുറവു ചോദിക്കുന്നത് നല്ലതല്ലെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ക്കു വേറെ മാര്‍ഗ്ഗമില്ല.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാന്ദ്യത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തനച്ചെലവ് 15-20 ശതമാനം കുറയ്ക്കാന്‍ എം ആന്‍ഡ് എം തീരുമാനിച്ചു.

Similar News