4,000 കിലോമീറ്റര്‍, 200 നഗരങ്ങള്‍; കാശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക് ഇലക്ട്രിക് ബസ് സര്‍വീസ്
ഒറ്റച്ചാര്‍ജില്‍ പരമാവധി 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ന്യൂഗോയുടെ ബസുകള്‍ക്കാവും
ഇലക്ട്രിക് ബസില്‍ കാശ്മീരില്‍ നിന്നും കന്യാകുമാരിയിലേക്ക് (ഇ-കെ-ടു-കെ) ചരിത്ര യാത്ര നടത്താനൊരുങ്ങി ഇലക്ട്രിക് ബസ് ബ്രാന്‍ഡായ ന്യൂഗോ (NueGo). ഇരുന്നൂറിലേറെ നഗരങ്ങള്‍ പിന്നിട്ട് 4,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ബസിന്റെ തെക്കേ ഇന്ത്യയിലെ ചരിത്രയാത്ര കഴിഞ്ഞ ദിവസം നാഗ്പൂരില്‍ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഫ്‌ളാഗ്ഓഫ് ചെയ്തു. രാജ്യത്ത് ആദ്യമായി ഇലക്ട്രിക് ബസുകള്‍ ഉപയോഗിച്ച് ഇന്റര്‍സിറ്റി സര്‍വീസുകള്‍ നടത്തി ശ്രദ്ധേയമായ ഗ്രീന്‍സെല്‍ മൊബിലിറ്റി കമ്പനിയുടെ ഇലക്ട്രിക് ബസ് ബ്രാന്‍ഡാണ് ന്യൂഗോ. കാശ്മീര്‍-കന്യാകുമാരി യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇത്രയും ദൂരം സഞ്ചരിച്ച ഇലക്ട്രിക് ബസ് സര്‍വീസ് എന്ന റെക്കോര്‍ഡും കമ്പനി സ്വന്തമാക്കും. ഗതാഗത രംഗത്തെ ബദല്‍ ഊര്‍ജ മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യാത്രയില്‍ സ്റ്റുഡന്റ്‌സ് വര്‍ക്ക്‌ഷോപ്പ്, മരം നടല്‍, ശുചിത്വ യജ്ഞം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ഒക്ടോബര്‍ നാലിനാണ് കാശ്മീരില്‍ നിന്നും ബസിന്റെ ഔദ്യോഗിക യാത്ര തുടങ്ങിയത്. ഇതിനോടകം 100ലധികം നഗരങ്ങളിലെത്തി. വിവിധ ഭൂപ്രദേശങ്ങളിലൂടെ ഇലക്ട്രിക് ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താനാകുമെന്ന് തെളിയിക്കാന്‍ കൂടി വേണ്ടിയാണ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചതെന്നാണ് ന്യൂഗോ അധികൃതര്‍ പറയുന്നത്. റെക്കോഡ് നേട്ടത്തേക്കാളുപരി ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ആളുകള്‍ക്ക് പരിചയപ്പെടുത്താനും യാത്ര ലക്ഷ്യമിടുന്നതായി ഗ്രീന്‍സെല്‍ മൊബിലിറ്റി സി.ഇ.ഒ ദേവേന്ദ്ര ചൗള പറയുന്നു. രാജ്യത്ത് കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ സര്‍വീസ് തുടങ്ങാന്‍ യാത്ര കാരണമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഒറ്റച്ചാര്‍ജില്‍ 250 കിലോമീറ്റര്‍
പരിസ്ഥിതിയ്ക്കുണ്ടാകുന്ന ആഘാതം പരമാവധി കുറച്ചും ആധുനിക സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയുമുള്ള സുഖകരമായ യാത്രയാണ് ന്യൂഗോ ബസുകളുടെ പ്രത്യേകത. ഒറ്റച്ചാര്‍ജില്‍ പരമാവധി 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ന്യൂഗോയുടെ ബസുകള്‍ക്കാവും. 250 ബസുകളാണ് നിലവില്‍ കമ്പനിക്കുള്ളത്. യാത്രക്കാര്‍ക്കായി എയര്‍പോര്‍ട്ട് മാതൃകയില്‍ ലോഞ്ച്, തത്സമയ ബസ് ട്രാക്കിംഗ്, സ്ത്രീ സുരക്ഷയ്ക്ക് പിങ്ക് സീറ്റുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍, സി.സി.ടി.വി നിരീക്ഷണം തുടങ്ങിയ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ 100ലധികം പട്ടണങ്ങളെ ബന്ധിപ്പിച്ച് കമ്പനിക്ക് സര്‍വീസുണ്ട്. പ്രമുഖ നിക്ഷേപകരായ എവര്‍സോഴ്‌സ് ക്യാപിറ്റലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനി ഇലക്ട്രിക് മൊബിലിറ്റി ആസ് എ സര്‍വീസ് സേവനങ്ങള്‍ വികസിപ്പിക്കാനുള്ള തിരക്കിലാണ്.