മലകയറാന്‍ പൊലീസ് മാമന് ഇനി മാരുതിക്കൂട്ട്, സ്റ്റേഷനില്‍ ചാര്‍ജെടുത്ത് ജിംനി

ജിംനിയുടെ ടോപ്പ് വേരിയന്റില്‍ പെട്ട ആല്‍ഫ മോഡലാണ് കേരള പൊലീസിന്റെ ഭാഗമായത്

Update:2024-10-15 14:44 IST

image credit : instagram - Rahul Kaimal

ഏറെ പ്രതീക്ഷയോടെ വണ്ടിഭ്രാന്തന്മാര്‍ കാത്തിരിക്കുകയും എന്നാല്‍ നിരാശപ്പെടുത്തുകയും ചെയ്ത വാഹനങ്ങളിലൊന്നാണ് മാരുതിയുടെ ജിംനി. ഓഫ്‌റോഡില്‍ പുലിയാണെങ്കിലും റോഡിലിറങ്ങിയാല്‍ ലുക്ക് പോരെന്നാണ് മിക്കവരുടെയും പരാതി. സംഗതി എന്തായാലും മാരുതി സുസുക്കി ജിംനിയെ കൂടെക്കൂട്ടിയിരിക്കുകയാണ് കേരള പൊലീസ്. ഇടുക്കി രാജാക്കാട് പൊലീസ് സ്റ്റേഷനിലാണ് ജിംനിയുടെ ഡ്യൂട്ടി. ജിംനിയുടെ ടോപ്പ് വേരിയന്റില്‍ പെട്ട ആല്‍ഫ മോഡലാണ് കേരള പൊലീസിന്റെ ഭാഗമായത്. നിലവില്‍ മഹീന്ദ്ര ബൊലീറോ, ടൊയോട്ട ഇന്നോവ,ഫോഴ്‌സ് ഗൂര്‍ഖ തുടങ്ങിയ വാഹനങ്ങളാണ് പ്രധാനമായും കേരള പൊലീസ് ഉപയോഗിക്കുന്നത്.
12.74 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയില്‍ ആരംഭിക്കുന്ന ജിംനിയുടെ ടോപ് വേരിയന്റിന് 14.79 ലക്ഷം രൂപ വരെ എക്‌സ് ഷോറൂം വിലയുണ്ട്. ഗ്രാനൈറ്റ് ഗ്രേ നിറത്തിലെത്തുന്ന വാഹനത്തില്‍ സേനയുടെ ഭാഗമായ ചില മോഡിഫിക്കേഷനും വരുത്തിയിട്ടുണ്ട്. ക്ലാസിക് ലുക്കിലുള്ള ഹെഡ് ലൈറ്റും വെര്‍ട്ടിക്കല്‍ സ്ലാറ്റ് ഗ്രില്ലും വാഹനത്തിന് കിടിലന്‍ ലുക്ക് നല്‍കുന്നുണ്ട്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍ സിലിണ്ടര്‍ കെ15ബി പെട്രോള്‍ എഞ്ചിന്‍ 103 ബി.എച്ച്.പി കരുത്തും 134 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള എഞ്ചിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഒപ്ഷനുകളില്‍ വാഹനം ലഭിക്കും. മാനുവലില്‍ ലിറ്ററിന് 16.94 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ ലിറ്ററിന് 16.39 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫീച്ചറുകള്‍ നിരവധി

ടോപ് വേരിയന്റായ ആല്‍ഫയില്‍ ഓട്ടോ ഹെഡ്‌ലാംപ്, ഹെഡ്‌ലാംപ് വാഷര്‍, മുന്നിലും പിന്നിലും വാഷറോടുകൂടിയ വൈപ്പറുകള്‍, ബാക്ക് ഡോര്‍ ഡീഫോഗര്‍ തുടങ്ങിയ ഫീച്ചറുകളും ലഭിക്കും. വയര്‍ലെസ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന 9 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ജിംനിക്കുള്ളില്‍ പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. സാധാരണ മാരുതി വാഹനങ്ങളെക്കുറിച്ചുള്ള പ്രധാന പരാതി സുരക്ഷയെക്കുറിച്ചാണ്. ഇത് മറികടക്കാന്‍ 6 എയര്‍ബാഗുകള്‍, ബ്രേക്ക് ലിമിറ്റഡ് സ്ലിപ് ഡിഫറന്‍ഷ്യല്‍, എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി, ഹില്‍ ഹോള്‍ഡ് കണ്‍ട്രോണ്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.

ഓഫ്‌റോഡിലും പുലി

ഒരിക്കലും സാധാരണ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാനാവാത്ത പലയിടങ്ങളിലും അനായാസം സഞ്ചരിക്കാന്‍ സാധ്യമായ രീതിയിലാണ് ജിംനിയുടെ നിര്‍മാണം. 210 മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഏത് ദുര്‍ഘട പാതയും താണ്ടാന്‍ വാഹനത്തിന് കരുത്താണ്. ലാഡര്‍ ഓണ്‍ ഫ്രെയിം ചേസിസും ലോ റേഞ്ച് ട്രാന്‍സ്ഫര്‍ കേസും ഓഫ്‌റോഡില്‍ ജിംനിയുടെ ധൈര്യം വര്‍ധിപ്പിക്കുന്നതാണ്. ഇടുക്കിയിലെ മലനിരകള്‍ കയറാന്‍ എന്തുകൊണ്ടും യോഗ്യനാണ് ജിംനിയെന്ന് സാരം.
Tags:    

Similar News