ബുള്ളറ്റ് ആരാധകരേ ശാന്തരാകുവിന്‍! വരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക്

നവംബര്‍ ഏഴിന് തുടങ്ങുന്ന മിലാന്‍ ഓട്ടോ ഷോയ്ക്ക് മുന്നോടിയാണ് ബുള്ളറ്റിന്റെ ഇലക്ട്രിക് പതിപ്പിന്റെ രംഗപ്രവേശനം

Update:2024-10-16 14:37 IST

image credit : Royal Enfield Website

പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് പതിപ്പിലേക്ക് മാറാനുള്ള ഒരുക്കത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ നാലിന് പുറത്തിറങ്ങും. നവംബര്‍ ഏഴിന് തുടങ്ങുന്ന മിലാന്‍ ഓട്ടോ ഷോയ്ക്ക് മുന്നോടിയാണ് ബുള്ളറ്റിന്റെ കറണ്ടുവണ്ടിയുടെ രംഗപ്രവേശനം. എന്നാല്‍ ഇതെപ്പോഴാണ് വിപണിയിലെത്തുകയെന്ന് വ്യക്തമല്ല.
ക്ലാസിക് ശ്രേണിയിലെ ബൈക്കുകളോട് സാദൃശ്യം തോന്നുന്ന രീതിയിലുള്ള മോഡേണ്‍ റെട്രോ സ്‌റ്റൈലിലുള്ള വാഹനത്തിന്റെ ടീസറും കമ്പനി പുറത്തിറക്കി. പാരച്യൂട്ടില്‍ ആകാശത്ത് നിന്നും താഴേക്ക് ഇറങ്ങുന്ന ഒരു ബൈക്കിന്റെ ചിത്രമാണ് കമ്പനി പുറത്തുവിട്ടത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാവുന്ന തരത്തിലുള്ള പവര്‍ഫുള്ളായ ബാറ്ററിയാകും വാഹനത്തില്‍ നല്‍കുക. റോയല്‍ എന്‍ഫീല്‍ഡ് പുതുതായി ഡെവലപ്പ് ചെയ്ത എല്‍ പ്ലാറ്റ്‌ഫോമിലായിരിക്കും കറണ്ട് ബുള്ളറ്റിന്റെ വരവ്. റോയല്‍ എന്‍ഫീല്‍ഡ് ഫ്‌ളൈയിംഗ് ഫ്‌ളീ എന്നാണ് വാഹനത്തിന് പേര് നല്‍കുകയെന്നും സൂചനയുണ്ട്. എന്നാല്‍ വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ബുള്ളറ്റ് പ്രേമികളുടെ എല്ലാ സംശയങ്ങള്‍ക്കും നവംബര്‍ നാലിന് ഉത്തരം നല്‍കാമെന്നാണ് കമ്പനി പറയുന്നത്.

ഇലക്ട്രിക് ഹിമാലയനെന്ത് പറ്റി

ഓഫ് റോഡ് കീഴടക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കിയ ഹിമാലയന്‍ ബൈക്കില്‍ ചില ഇലക്ട്രിക് പരീക്ഷണങ്ങള്‍ കമ്പനി നടത്തിയിരുന്നു. എന്നാല്‍ ഈ വാഹനം പരീക്ഷണത്തിന് വേണ്ടി മാത്രമുള്ളതാണെന്നും വിപണിയിലെത്തിക്കില്ലെന്നും റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കി.
Tags:    

Similar News