' റിയോ എലൈറ്റ് 'ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലിറക്കി ഗ്രീവ്‌സ് കോട്ടണ്‍

Update: 2019-12-24 05:54 GMT

ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആമ്പിയര്‍ വെഹിക്കിള്‍സ് റിയോ എലൈറ്റ് എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചു. വില 45,099 രൂപ.

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ വലിയ കുതിപ്പു നേടാന്‍ ഇതിനകം സാധ്യമായതിന്റെ ആവേശവുമായാണ് റിയോ എലൈറ്റ് അവതരിപ്പിക്കുന്നതെന്ന് ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ നാഗേഷ് ബസവന്‍ഹള്ളി പറഞ്ഞു. വിപുലമായ റീട്ടെയില്‍ നെറ്റ്വര്‍ക്ക് ആണ് കമ്പനിക്കുള്ളത്.ആദ്യമായി ഇലക്ട്രിക് വാഹനത്തിന്റെ പ്രധാന ഘടകങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കമ്പനികളില്‍ ഒന്നാണ് ആംപിയര്‍.

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിങ് കമ്പനിയായ ഗ്രീവ്സ് കോട്ടണ്‍ 2019 മെയ് മാസത്തില്‍ പുറത്തിറക്കിയ ആംപിയര്‍ സീല്‍ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പെട്ടെന്നു തന്നെ വിപണിയില്‍ തരംഗമായിരുന്നു. 50,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ടു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറുകളിലൊന്നായി മാറി ആംപിയര്‍ സീല്‍.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1,000 രൂപയുടെ സൗജന്യ ആക്സസറികള്‍ നല്‍കുമെന്ന്് കമ്പനി അറിയിച്ചു. വൈദ്യുത വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം ഇന്ത്യ രണ്ടാംഘട്ട പദ്ധതി പ്രകാരം 18,000 രൂപയുടെ ഇളവോടുകൂടിയാണ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വില്‍പന. ഉപഭോക്താക്കള്‍ക്കായി സൗജന്യ ഇന്‍ഷുറന്‍സ് സ്‌കീം പദ്ധതിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചതോടെ വില്‍പ്പന ഇനിയും ഉയരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ആമ്പിയര്‍ റിയോ എലൈറ്റ് ഇലക്ട്രിക് സ്‌കൂട്ടറിന്റേത് 48 വി -20 എഎച്ച് ലെഡ് ആസിഡ് ബാറ്ററിയാണ്. ഒരു മുഴുവന്‍ ചാര്‍ജില്‍ 60 കിലോമീറ്റര്‍ വരെ ഓടും. 86 കിലോ ഗ്യാമാണ് സ്‌കൂട്ടറിന്റെ ഭാരം. ഗ്ലോസി ബ്ലാക്ക്, ഗ്ലോസി വൈറ്റ്, ഗ്ലോസി റെഡ്, ഗ്ലോസി ബ്ലൂ എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. എല്‍ഇഡി ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ്, യുഎസ്ബി ചാര്‍ജിംഗ് പോയിന്റ് തുടങ്ങിയവയും  സവിശേഷതകള്‍.

ആംപിയര്‍ വെഹിക്കിള്‍സിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ആമസോണ്‍ ഇ-കൊമേഴ്‌സിലൂടെ ഓണ്‍ലൈനിലും വാങ്ങാം. ട്രിച്ചി, മംഗലാപുരം, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, കരൂര്‍ എന്നിവ ഉള്‍പ്പെടുന്ന തിരഞ്ഞെടുത്ത നഗരങ്ങളിലാണ് നിലവില്‍ ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാവുന്നത്. പിന്നീട് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.ആമസോണ്‍ വഴി ഓണ്‍ലൈനായി ഉപഭോക്താവ് വാഹനം വാങ്ങുന്നത് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍, പേയ്മെന്റ് സ്ഥിരീകരണ  വൗച്ചര്‍ ലഭ്യമാകും. ഉപഭോക്താവിന് രസീതില്‍ സൂചിപ്പിച്ചിരിക്കുന്ന ഡീലര്‍ പോയിന്റില്‍ നിന്നും വാഹനം എടുക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News