ഇവി രംഗത്ത് അശോക് ലെയ്‌ലാന്‍ഡിന്റെ പുതിയ പദ്ധതി, 1000 കോടി നിക്ഷേപിക്കും
സ്വിച്ച് മൊബിലിറ്റി കഴിഞ്ഞ മാസം 3,000 കോടി രൂപ മുടക്കി സ്‌പെയിനില്‍ ഒരു പ്ലാന്റ് സ്ഥാപിച്ചിരുന്നു
ഇവി രംഗത്ത് (EV) വന്‍ നിക്ഷേപത്തിനൊരുങ്ങി അശോക് ലെയ്‌ലാന്‍ഡിന്റെ (Ashok Leyland) ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി. ദക്ഷിണേന്ത്യയിലെ ഒരു ഇവി പ്ലാന്റില്‍ 1,000 കോടി രൂപ നിക്ഷേപിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിലൂടെ 30,000 യൂണിറ്റ് ഇലക്ട്രിക് ചെറു കൊമേഷ്യല്‍ വാഹനങ്ങളും 10,000 യൂണിറ്റ് ഇലക്ട്രിക് ബസുകളും നിര്‍മിക്കാനാണ് പദ്ധതിയിടുന്നത്.
സ്വിച്ച് മൊബിലിറ്റി (Switch Mobility) കഴിഞ്ഞ മാസം സീറോ കാര്‍ബണ്‍ പൊതു-വാണിജ്യ ഗതാഗതത്തിനായി 3,000 കോടി രൂപ മുടക്കി സ്‌പെയിനില്‍ ഒരു പ്ലാന്റ് സ്ഥാപിച്ചിരുന്നു. ഒരു വര്‍ഷത്തിനകം സ്വിച്ച് ഇതിനകം 600 ഇലക്ട്രിക് ബസുകള്‍ക്കായി ഓര്‍ഡര്‍ നേടിയിട്ടുണ്ട്. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ 5,000 ബസുകളോ 15,000 ചെറുകിട വാണിജ്യ വാഹനങ്ങളോ നിര്‍മിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് സ്വിച്ച് മൊബിലിറ്റിയുടെ സിഇഒ മഹേഷ് ബാബു പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ഇവി വിഭാഗത്തില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ വരുമാനം ഉണ്ടാക്കാന്‍ സഹായിക്കും.
നിലവില്‍ കമ്പനിയുടെ എന്നൂരിലാണ് ബസുകള്‍ അസംബിള്‍ ചെയ്യുന്നത്. എന്നിരുന്നാല്‍ സ്വിച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു ഇവി പ്ലാന്റിലേക്ക് മാറ്റും. സെല്‍ നിര്‍മാണം ഒഴികെ, ഇലക്ട്രിക് ബസിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും പ്രാദേശികമായാണ് നിര്‍മിക്കുന്നത്. പ്രാദേശികമായി സെല്ലുകള്‍ ലഭ്യമാക്കുന്നതിന് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ ബിഡ് നേടിയ സെല്‍ നിര്‍മാതാക്കളുമായി സ്വിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്.