2022 ല്‍ വാഹന വിപണിയുടെ ഗിയര്‍ മാറുമോ?
ഇലക്ട്രിക് മാറ്റത്തിലേക്ക് വളയം തിരിച്ചിരിക്കുകയാണ് ഓട്ടോമൊബീല്‍ വിപണി. പുതുവര്‍ഷത്തില്‍ വാഹനവിപണി കാത്തിരിക്കുന്നത് എന്തൊക്കെയെന്ന് വിലയിരുത്തുന്നു
കോവിഡ് കാലത്തെ പ്രതിസന്ധി കഴിഞ്ഞശേഷം തിരിച്ചുവരവ് പ്രകടമാക്കിയിട്ടുണ്ട് വാഹന വിപണി. ചില വാഹന നിര്‍മാതാക്കളെങ്കിലും കോവിഡ് കാലത്തിന്റെ മുമ്പുണ്ടായിരുന്ന വിറ്റുവരവ് കവച്ചുവെച്ചതായും മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ എല്ലാ നിര്‍മാതാക്കളുടെ അവസ്ഥയും ഇതുപോലെ സന്തോഷകരമല്ല എന്നതാണ് സത്യം. ആദ്യ ലോക്ക്ഡൗണ്‍ കാലത്തിന്റെ ശേഷം കുതിച്ചുകയറിയിരുന്നത് ഇരുചക്ര വാഹന വിപണിയായിരുന്നു.
കോവിഡ് ഭയത്തില്‍ ആളുകള്‍ പൊതുഗതാഗതം ഉപേക്ഷിച്ചതു കൊണ്ടായിരുന്നു ഇത്. പിന്നീട് ചെറിയതോതില്‍ കുറവ് സംഭവിച്ചതായി കാണാം. ഈ കാലഘട്ടത്തില്‍ ആദ്യം വലിയ ഓളം സൃഷ്ടിക്കാതെ നിന്നതും പിന്നീട് കുതിച്ചുകയറിയതും വാണിജ്യ വാഹന വിപണിയാണ്. കൂടിവന്ന ഓണ്‍ലൈന്‍ വിപണിയാണ് ഇതിനൊരു കാരണം.
കാര്‍ വിപണിയിലും അല്‍പ്പം താമസിച്ചാണെങ്കിലും കുതിച്ചുചാട്ടമുണ്ടായി. ഇതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് യൂസ്ഡ് കാര്‍ വിപണിയാണ്. യൂസ്ഡ് കാറുകളുടെ ഈ ട്രെന്റ് ഇന്നും തുടരുന്നു.
ഇലക്ട്രിക് രംഗത്തേക്ക് കൂടുതല്‍ കമ്പനികള്‍
ഇനി 2022നെ ഒന്ന് നോക്കിക്കാണാം. ലോക വാഹന വിപണിയിലെ പോലെ തന്നെ ഇന്ത്യന്‍ വാഹന വിപണിയിലും ഇലക്ട്രിക് തരംഗവും ചിപ്പ് ലഭ്യതക്കുറവും അനുഭവപ്പെടുന്നുണ്ട്. 2021ല്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഇരുചക്ര വാഹനങ്ങളുടെ കുതിച്ചുകയറ്റം കണ്ടിട്ടുണ്ടായിരുന്നു. പുതുവര്‍ഷത്തിലും ഈ പ്രവണത നിലനില്‍ക്കുമെന്നാണ് കരുതുന്നത്. ഈയിടെ പുറത്തുവന്നിട്ടുള്ള ബൗണ്‍സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി സ്വാപിംഗ് സംവിധാനം വളരെ സ്വീകാര്യമായിട്ടുള്ളതാണ്.
ഈ രീതിയില്‍ ചാര്‍ജിംഗ് സമയം ലാഭിക്കാന്‍ സാധിക്കും. ചെറുകിട സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഇലക്ട്രിക് സ്‌കൂട്ടറും ബൈക്കും വരുംവര്‍ഷവും കൂടുതലെത്തും. വലിയ നിര്‍മാതാക്കളില്‍ ടി.വി.എസും ബജാജും ഹീറോയും മാത്രമാണ് ഇന്ന് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ഈ നിരയിലേക്ക് ഹോണ്ടയും സുസൂക്കിയും യമഹയും വരുമെന്നാണ് കരുതപ്പെടുന്നത്.
കാറിന്റെ ഗിയര്‍ ഷിഫ്റ്റ്
കാര്‍ വിപണിയില്‍ ആഡംബര വിഭാഗത്തിലാണ് ഈ വര്‍ഷം ഏറ്റവും അധികം ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കപ്പെട്ടത്. ഔഡി, ജാഗ്വര്‍, പോര്‍ഷെ, ബി.എം.ഡബ്ല്യു എല്ലാം ലോകോത്തര മോഡലുകള്‍ ഇന്ത്യന്‍ മണ്ണില്‍ എത്തിച്ചുകഴിഞ്ഞു. ടാറ്റ മാത്രമാണ് സാധാരണക്കാരെ ലക്ഷ്യംവെച്ച് രണ്ടാമത്തെ ഇലക്ട്രിക് വാഹനം അവതരിപ്പിച്ചിട്ടുള്ളത്- ടിഗ്വര്‍ ഇ.വി. ഹ്യുണ്ടായ് ഈ വര്‍ഷം അവരുടെ ഭാവി പദ്ധതി പ്രഖ്യാപിക്കുകയും അതില്‍ ഇന്ത്യയ്ക്കായി ഇ.വി മോഡല്‍ ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു.
2022ല്‍ കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ സാധാരണക്കാരെ ലക്ഷ്യംവെച്ച് വരുമെന്നാണ് കരുതപ്പെടുന്നത്. മാരുതി, ടാറ്റ, മഹീന്ദ്ര, എം.ജി എന്നീ നിര്‍മാതാക്കളായിരിക്കും ഈ വിഭാഗത്തില്‍ അവതരിപ്പിക്കാന്‍ സാധ്യത. നിസ്സാനും ഹ്യുണ്ടായും മിഡ് റേഞ്ച് ഇലക്ട്രിക് മോഡല്‍ അവതരിപ്പിക്കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ആഡംബര വിഭാഗത്തില്‍ ഇ.വി കൂടാനുള്ള എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. മെഴ്‌സിഡസ് ബെന്‍സ് 2020 ല്‍ ആരംഭിച്ച ഇലക്ട്രിക് തരംഗം 2022ല്‍ വേറൊരു തലത്തിലേക്ക് ഉയര്‍ത്താനാണ് പ്ലാന്‍.
അവരുടെ ആഗോള മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ തിടുക്കം കൂട്ടുമെന്നാണ് അറിയുന്നത്- ഇ.ക്യു.എസ്, ഇ.ക്യു.ഇ എന്നീ മോഡലുകള്‍ ഇന്ത്യന്‍ നിരത്തില്‍ 2022ല്‍ കാണാം. ബി.എം.ഡബ്ല്യു ശഃ നു ശേഷം ഐ4 എന്ന ഇലക്ട്രിക് സിഡാനും 2022 ആദ്യ പകുതിയില്‍ തന്നെ ഇവിടെ എത്തും. വോള്‍വോയും തങ്ങളുടെ ഇ.വി മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
പെട്രോള്‍, ഡീസല്‍?
ഇലക്ട്രിക് തരംഗത്തിന്റെ കാറ്റ് വീശുമ്പോഴും പെട്രോള്‍, ഡീസല്‍ വിപണി 2022ലും ഗിയര്‍ അപ്പ് ചെയ്യുമെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നമ്മള്‍ ഏറെ നാളായി കാത്തിരിക്കുന്ന മാരുതി ജിമ്‌നി, 2022ല്‍ പുതിയ ബലെനൊ, ബ്രെസ എന്നീ മോഡലുകളുടെ കൂടെ അവതരിപ്പിക്കപ്പെടും.
കിയ ഈയിടെ വേള്‍ഡ് പ്രീമിയര്‍ ചെയ്ത കാരന്‍സ് എന്ന 6-7 സീറ്റര്‍ എം.വി.പിയും 2022 ആദ്യം വിപണനം തുടങ്ങും. ഫ്രഞ്ച് നിര്‍മാതാവ് സിറ്റ്രോയ്ണ്‍ ഇന്ത്യക്കായി രൂപകല്‍പ്പന ചെയ്ത ര3 എന്ന ചെറിയ എസ്.യു.വിയും 2022ന്റെ കുഞ്ഞായിരിക്കും. ഹ്യുണ്ടായ്, ടാറ്റ, എംജി, ഫോക്‌സ്വോഗണ്‍, സ്‌കോഡ, മഹീന്ദ്ര, റിനോ, നിസ്സാന്‍ എന്നീ നിര്‍മാതാക്കള്‍ പുതുവര്‍ഷത്തില്‍ പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നാണ് വക്താക്കള്‍ അറിയിച്ചിട്ടുള്ളത്.
ഇങ്ങനെയെല്ലാം ആണെങ്കിലും വാഹന നിര്‍മാതാക്കള്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. സെമി കണ്ടക്ടര്‍ ചിപ്പിന്റെ ലഭ്യതക്കുറവാണത്. ആഗോളാടിസ്ഥാനത്തിലാണ് ഈ പ്രതിസന്ധി അനുഭവിക്കുന്നത്. ഇക്കാരണം കൊണ്ടു തന്നെ വാഹനങ്ങളുടെ ലഭ്യതക്കുറവുണ്ട്. എത്ര പുതിയ മോഡലുകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് വണ്ടി കൈയ്യില്‍ കിട്ടാന്‍ ഭാഗ്യം തന്നെ വേണ്ടിവരും.