ഇ.വി കച്ചവടത്തില്‍ ബജാജിന്റെ തേരോട്ടം, ഓലയെയും ടി.വി.എസിനെയും കടത്തിവെട്ടി, തുണച്ചത് ഇന്ത്യക്കാരുടെ നൊസ്റ്റാള്‍ജിക്ക് മോഡല്‍
ബജാജിന്റെ മുന്നേറ്റമുണ്ടെങ്കിലും ഇ.വി ഇരുചക്ര വാഹന കച്ചവടത്തില്‍ ഇപ്പോഴും ഓല തന്നെയാണ് മുന്നില്‍
സെപ്റ്റംബര്‍ മാസത്തെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ബജാജ് ഓട്ടോ മുന്നിലെത്തി. എല്ലാ വിഭാഗത്തിലുമായി 25,000 ത്തിലധികം വാഹനങ്ങളാണ് ബജാജ് ഓട്ടോ വിറ്റതെന്ന് കണക്കുകള്‍. രാജ്യത്ത് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ ഡിമാന്‍ഡ് കൂടിയതും കൂടുതല്‍ സ്ഥലങ്ങളിലേക്ക് സാന്നിധ്യം അറിയിക്കാനായതുമാണ് ബജാജിന് തുണയായത്. വാഹന്‍ വെബ്‌സൈറ്റിലെ കണക്കുപ്രകാരം 17,750 ഇരുചക്ര വാഹനങ്ങളും 4,575 മുച്ചക്രവാഹനങ്ങളും 3,000 യുലു ലോ സ്പീഡ് ഇലക്ട്രിക് ബൈക്കുകളും ബജാജ് ഓട്ടോ നിരത്തിലെത്തിച്ചു. ലൈസന്‍സോ രജിസ്‌ട്രേഷനോ ആവശ്യമില്ലാത്ത ചെറു ഇലക്ട്രിക് ബൈക്കുകളാണ് യുലു.
ഓലയെന്നാല്‍ സുമ്മാവാ
ബജാജിന്റെ മുന്നേറ്റമുണ്ടെങ്കിലും ഇ.വി ഇരുചക്ര വാഹന കച്ചവടത്തില്‍ ഇപ്പോഴും ഓല തന്നെയാണ് മുന്നില്‍. സെപ്റ്റംബറില്‍ 23,965 ഇരുചക്രവാഹനങ്ങളാണ് ഓലയുടെ ഷോറൂമുകളില്‍ നിന്നും നിരത്തിലെത്തിയത്. ആഗസ്റ്റില്‍ 27,586 ഇ.വികള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഓല ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചള്ള സര്‍വീസ് പരാതികള്‍ വര്‍ധിച്ചതും സബ്‌സിഡി പദ്ധതി പ്രഖ്യാപനത്തിന് വേണ്ടി ആളുകള്‍ കാത്തിരുന്നതുമാണ് വില്‍പ്പന കുറയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഇ.വികള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചതോടെ അടുത്ത മാസങ്ങളില്‍ വില്‍പ്പന കൂടാനാണ് സാധ്യത. സര്‍വീസ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഹൈപ്പര്‍ സര്‍വീസ് ക്യാംപയിന്‍ ഗുണകരമാകുമെന്നും കമ്പനി കരുതുന്നു. എന്നാല്‍ ജൂലൈയില്‍ 47.5 ശതമാനം വിഹിതവുമായി വിപണി ഭരിച്ച ഓലയുടെ വില്‍പ്പന കുറയുന്നത് കമ്പനിയെ അലട്ടുന്നുണ്ട്. നിലവില്‍ 27 ശതമാനമാണ് ഓലയുടെ വിപണി വിഹിതം.
ബജാജിനെ തുണച്ചത് ചേതക്
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ബജാജിന്റെ തന്ത്രപരമായ നീക്കമായിരുന്നു ചേതകിന്റെ അവതരണം. റെട്രോ സ്‌റ്റൈലില്‍ ഇലക്ട്രിക് ഹൃദയവും ഉരുക്ക് ശരീരവുമുള്ള ചേതകിനെ ആളുകള്‍ പെട്ടെന്നാണ് ഏറ്റെടുത്തത്. ഇവി ഇരുചക്ര വാഹന ശ്രേണിയിലെ വില്‍പ്പനയില്‍ രണ്ടാമനാണ് നിലവില്‍ ചേതക്. സെപ്റ്റംബര്‍ 29 വരെയുള്ള കണക്ക് പ്രകാരം 17,750 സ്‌കൂട്ടറുകളാണ് ബജാജിന്റെ ഷോറൂമുകളില്‍ നിന്നും നിരത്തിലെത്തിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടി.വി.എസിനെ മറികടന്നാണ് ബജാജിന്റെ മുന്നേറ്റം. പോക്കറ്റിനിണങ്ങാവുന്ന വിലയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്ന സര്‍വീസ് ശൃംഖലയും ബജാജിന് തുണയായി. ആദ്യഘട്ടത്തില്‍ ചേതകിന്റെയും കെ.ടി.എമ്മിന്റെയും ഷോറൂമുകളിലൂടെ മാത്രം വിറ്റ മോഡലുകള്‍ ഇപ്പോള്‍ ബജാജിന്റെ മറ്റ് ഷോറൂമുകളിലും ലഭ്യമാണ്.
ഒരുലക്ഷത്തിന് താഴെ വണ്ടിയില്ല
അതേസമയം, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടി.വി.എസിന് പണി കിട്ടിയത് ഒരുലക്ഷം രൂപയില്‍ താഴെയുള്ള ഇവി മോഡല്‍ ഇല്ലാത്തത് മൂലമാണെന്നാണ് വിലയിരുത്തല്‍. ഈ വിടവ് നികത്താന്‍ അധികം വൈകാതെ തന്നെ ഒരുലക്ഷത്തിന് താഴെ വിലയില്‍ ടി.വി.എസ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുമെന്നാണ് വിവരം. ഓഗസ്റ്റില്‍ 17,716 ഇവികള്‍ വിറ്റ ടി.വി.എസിന് സെപ്റ്റംബറില്‍ 16,483 സ്‌കൂട്ടറുകള്‍ മാത്രമേ നിരത്തിലെത്തിക്കാന്‍ കഴിഞ്ഞുള്ളൂ. ഏതര്‍, മഹീന്ദ്ര, ടാറ്റ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
ഇവി വില്‍പ്പനയില്‍ 40 ശതമാനം വര്‍ധന
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധനയോടെ സെപ്റ്റംബറിലെ ഇവി ഇരുചക്ര വാഹന വില്‍പ്പന 88,156 എണ്ണത്തിലെത്തി. രാജ്യത്ത് ഇലക്ട്രിക് വാഹന മേഖലയിലെ 59 ശതമാനം വില്‍പ്പനയും നടക്കുന്നത് ഇരുചക്ര വാഹന ശ്രേണിയിലാണെന്നാണ് കണക്കുകള്‍. സെപ്റ്റംബറില്‍ 1,48,539 ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. ഇന്ത്യയില്‍ ഉത്സവ സീസണ്‍ തുടങ്ങിയതും സബ്‌സിഡിയും അടുത്ത മാസങ്ങളില്‍ വില്‍പ്പന വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളെ മറികടക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വര്‍ഷം 8,48,003 ഇവി സ്‌കൂട്ടറുകളാണ് രാജ്യത്ത് വിറ്റത്. നടപ്പുവര്‍ഷത്തില്‍ ഇതുവരെ 7,99,703 ഇവികള്‍ നിരത്തിലെത്തി. റെക്കോര്‍ഡ് വില്‍പ്പന നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒക്ടോബറില്‍ സുഖമായി ഒരുലക്ഷത്തോളം ഇവി സ്‌കൂട്ടറുകള്‍ വില്‍ക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.