രാജ്യത്തെ ഇരുചക്രവാഹനങ്ങളുടെ കയറ്റുമതിയില്‍ നാല് ശതമാനം വളര്‍ച്ച. മോട്ടോര്‍ സൈക്കിള്‍ വിഭാഗമാണ് ഈ വളര്‍ച്ചയെ മൊത്തത്തില്‍ നയിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
2019 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്തെ കണക്കുകളാണ് വളര്‍ച്ചയ്ക്ക് തെളിവാകുന്നത്. 17,93,957 യൂണിറ്റുകളാണ് ഈ കാലയളവില്‍ കയറ്റുമതി ചെയ്തത്. 2018ല്‍ ഇക്കാലയളവില്‍ 17,23,280 യൂണിറ്റുകളായിരുന്നു കയറ്റുമതി.2018നെ അപേക്ഷിച്ച് മോട്ടോര്‍ സൈക്കിളിന്റെ കയറ്റുമതിയില്‍ 6.81 ശതമാനമാണ് വര്‍ദ്ധന. 14,84,252 യൂണിറ്റുകളായിരുന്നത്് 15,85,338 യൂണിറ്റുകളായി.
അതേസമയം, സ്‌കൂട്ടറിന്റെ കയറ്റുമതി ഇക്കാലയളവില്‍ കുറഞ്ഞു. 2018ല്‍ 2,25,821 യൂണിറ്റായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 2,01,277 യൂണിറ്റായി. 10.87 ശതമാനത്തോളം താഴ്ന്നു. മോപ്പഡുകള്‍ക്കാണ് ഏറ്റവും ക്ഷിണമുണ്ടായത്. 44.41 ശതമാനമാണ് മോപ്പഡിന്റെ കയറ്റുമതിയിലെ ഇടിവ്. 2018ല്‍ 13,207 യൂണിറ്റുകള്‍ കയറ്റി അയച്ച സ്ഥാനത്ത് 7,342 യൂണിറ്റുകള്‍ മാത്രമാണ് ഇക്കൊല്ലത്തെ കയറ്റുമതി.
പൂനെ ആസ്ഥാനമായുള്ള ബജാജ് ഓട്ടോയുടെ മൊത്തം ഉല്‍പാദനത്തിന്റെ 40 ശതമാനം 70 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 9,34,58 യൂണിറ്റ് കയറ്റുമതി ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ നിന്ന് 7.5 ശതമാനം വര്‍ധന. ടിവിഎസ് മോട്ടോര്‍ കമ്പനി (6.24 ശതമാനം), ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (23.09 ശതമാനം) എന്നിവ യഥാക്രമം 3,43,337, 1,74,469 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ മോട്ടോര്‍, സുസുക്കി മോട്ടോര്‍സൈക്കിള്‍ എന്നിവ യഥാക്രമം 21.38 ശതമാനവും 35.61 ശതമാനവും കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തി.