വരുന്നു ; ഫോക്സ് വാഗൺ-ടൈഗൺ!
കോംപാക്ട് എസ്‌യുവിയായ ഫോക്സ് വാഗൺ ടൈഗണിന്റെ ഉത്പാദനവും പ്രീ-ബുക്കിങ്ങും ആരംഭിച്ചു!
ഒരു ഇന്റർനാഷണൽ സ്റ്റൈലിൽ തന്നെയാണ് ടൈഗണിന്റെ വരവ്! ടൈഗണിന്റെ ഗ്ലോബൽ ഡിസൈനും സൈസും ഒരു ക്ലാസ്സിക് ഫീൽ ഉപഭോക്താക്കൾക്ക് നൽകുമെന്ന് കമ്പനി വക്താക്കൾ അവകാശപ്പെടുന്നു.
ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയാണ് ഉത്പാദകർ. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽട്ടോസ്, നിസ്സാൻ കിക്ക്സ്, റെനോൾട്ട് ഡസ്റ്റർ, സ്കോഡ കുഷാക്ക് എന്നീ എസ് യു വി കളോട് ആണ് ടൈഗൺ മത്സരിക്കുന്നത്.
ഇന്ത്യയുമായി കൈകോർത്ത ശേഷം ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ആദ്യ ഉൽപ്പന്നമാണ് ടൈഗൺ. പൂനെയിലെ ചക്കൻ പ്ലാന്റിൽ നിന്നാണ് ആദ്യത്തെ ടൈഗൺ പുറത്തിറങ്ങുന്നത്.
ടൈഗൺ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിൽ തങ്ങൾ അതീവ സന്തുഷ്ടരാണന്ന് ഫോക്സ് വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു, സജീവവും ഉർജ്ജസ്വലവുമായ ജീവിതശൈലിയിലുള്ള ആധുനിക, സമകാലിക ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് ടൈഗൺ തികച്ചും അനുയോജ്യമാണ്. ഇന്ത്യൻ വിപണിയിൽ ടൈഗൺ വിജയിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടന്ന് ആശിഷ് ഗുപ്ത പറഞ്ഞു.
ടൈഗൺ ആദ്യമായി ഓട്ടോ എക്സ്പോ 2020 ൽ പ്രദർശിപ്പിച്ചിരുന്നു. മനോഹരമായ ഡിസൈനുകളാണ് ഏറ്റവും വലിയ ആകർഷണം. വീലുകൾ മുതൽ ലാമ്പുകൾ വരെ ഈ ആകർഷണം കാണാം.
ബമ്പറിലെ ക്രോം സ്ട്രിപ്പുകൾ, ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് പോകുന്ന കാഴ്ച്ചയും മനോഹരമാണ്. ഇലക്ട്രിക് സൺറൂഫ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ തുടങ്ങിയവ ടൈഗണിൽ വാഗ്ദാനം ചെയ്യുന്നു.
ഇത് MQB AO-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, സ്കോഡ കുഷാക്കിലും ഉപയോഗിക്കുന്ന അതേ പ്ലാറ്റ്ഫോമാണ് ഇത്.
ടൈഗൺ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. മറ്റ് പല നിർമ്മാതാക്കളെയും പോലെ, ഫോക്സ് വാഗൺ ഗ്രൂപ്പും ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കുകയും പെട്രോൾ എഞ്ചിനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ കൊണ്ടാണ് കാർ പ്രവർത്തിപ്പിക്കുന്നത്.
ജർമനിയിലെ ഫോക്സ് ബർഗ് എന്ന സ്ഥലം കേന്ദ്രമാക്കിയാണ് ഫോക്സ് വാഗൻ പ്രവർത്തിക്കുന്നത്. ജനങ്ങളുടെ കാർ എന്നാണ് ജർമ്മൻ ഭാഷയിൽ ഫോക്സ് വാഗന്റെ അർത്ഥം. ലോകത്തെ ഇതുവരെയുള്ള കണക്കനുസരിച്ചു ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട 10 കാറുകളിൽ ഫോക്സ് വാഗന്റേതാണ് 3 കാറുകൾ!